Site iconSite icon Janayugom Online

ബീഹാറില്‍ ജെഡിയു നേതാവിന്റെ സഹോദരനും, ഭാര്യയും മകളും മരിച്ച നിലയില്‍

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് മണിക്കറുകള്‍ മാത്രം ശേഷിക്കേ ജെഡിയു നേതാവിന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജെഡിയു നേതാവ് നിരഞ്ജന്‍ കശ് വാഹയുടെ ജേഷ്ഠന്‍ നവീന്‍ കശ് വാഹ, ഭാര്യ കാഞ്ചന്‍ മലാ സിങ്, ഇവരുടെ മകളും എംബിബിഎസ് വിദ്യാര്‍ത്ഥിനിയുമായ തനുപ്രിയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പുര്‍ണിയ ജില്ലയിലെ കേഹത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള യൂറോപ്യന്‍ കോളനിയിലെ നവീന്റെ വീട്ടിലാണ്കഴിഞ്ഞ രാത്രി മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു. 52‑കാരനായ നവീന്‍, ഒരുകാലത്ത് പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 2009‑ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2010‑ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. പിന്നീട് രാഷ്ട്രീയരംഗത്തുനിന്ന് വ്യാപാരമേഖലയിലേക്ക് തിരിയുകയായിരുന്നു. നേരത്തെ ആര്‍ജെഡി പ്രവര്‍ത്തകനായിരുന്ന നിരഞ്ജന്‍, ധംധ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം ലഭിക്കാതെ വന്നതോടെയാണ് ജെഡിയുവില്‍ ചേര്‍ന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും നിരഞ്ജന്‍ കുശ്‌വാഹ പ്രതികരണം നടത്തിയിട്ടുണ്ട്. തനുപ്രിയ പടിക്കെട്ടില്‍നിന്ന് തെന്നിവീണെന്നും മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവിടേക്ക് ഓടിച്ചെന്ന നവീനും വീഴുകയായിരുന്നെന്നും മാധ്യമങ്ങളോടു പ്രതികരിക്കവേ നിരഞ്ജന്‍ പറഞ്ഞു. ഭര്‍ത്താവും മകളും മരിച്ചതിന്റെ ഞെട്ടലില്‍ നവീന്റെ ഭാര്യയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു എന്നുമാണ് മാധ്യമങ്ങളെ കാണവേ നിരഞ്ജന്‍ പറഞ്ഞത്. നവീന്റെയും കുടുംബത്തിന്റെയും മരണവാര്‍ത്തയറിഞ്ഞ് പുര്‍ണിയ എംപി പപ്പു യാദവ്, സംസ്ഥാനമന്ത്രി ലേഷി സിങ്, പുര്‍ണിയ സദര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിതേന്ദ്ര യാദവ് എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളാണ് സ്ഥലത്തെത്തിയത്. മരണത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്ന് പപ്പു യാദവ് ആവശ്യപ്പെട്ടു.

Exit mobile version