രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. 18 കാരിയായ ജെഇഇ വിദ്യാർത്ഥിനി ബോർഖേഡ സ്വദേശിനി നിഹാരിക സിങ്ങാണ് ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെയാണ് നിഹാരികയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ വീട്ടുകാർ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഇ)യ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു നിഹാരികയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
നിഹാരികയുടെ മൃതദേഹത്തിനൊപ്പം ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. “ജെഇഇ എനിക്ക് ചെയ്യാൻ കഴിയില്ല. അതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നു. ഞാൻ ഒരു തോൽവിയാണ്. ഞാനാണ് കാരണം. ഞാനാണ് ഏറ്റവും മോശം മകൾ. അമ്മയും അച്ഛനും ക്ഷമിക്കണം. ഇതാണ് അവസാന ഓപ്ഷൻ,” നിഹാരിക ആത്മഹത്യാക്കുറിപ്പിൽ എഴുതി.
12-ാം ക്ലാസ് പരീക്ഷ കുറഞ്ഞ മാർക്കോടെ വിജയിച്ച പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവ് വിജയ് സിങ് ഒരു പ്രാദേശിക ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മൂന്ന് പെണ്‍കുട്ടികളില്‍ മൂത്തയാളാണ് നിഹാരിക.
ഒരാഴ്ചയ്ക്കിടെ കോട്ടയിൽ രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 23ന് സ്വകാര്യ കോച്ചിങ് സെന്ററില്‍ നീറ്റിന് തയ്യാറെടുക്കുകയായിരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു.
എന്‍ജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്കുള്ള കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പേരുകേട്ട കോട്ടയിൽ 2023ൽ 29 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.
English Summary: JEE student commits S uicide
You may also like this video