ഓസീസിന്റെ വമ്പൻ സ്കോർ പിൻതുടർന്നുള്ള ഇന്ത്യയുടെ മറുപടി ബാറ്റിങ് തുടക്കത്തിൽ തന്നെ പാളുന്ന സന്ദർഭത്തിലായിരുന്നു അവൾ അവതരിച്ചത്. അതുതന്നെയായിരുന്ന ജെമീമയുടെ അവസരം എന്ന് ആരോ അവളോട് പറയുന്നുണ്ടായിരുന്നു. പവര്‍പ്ലേയില്‍ രണ്ട് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് കളിയിൽ പിടിമുറുക്കുമെന്ന തോന്നലുണ്ടാക്കിയ സന്ദർഭത്തിൽ ടീമിനെ പതറാതെ പിടിച്ചു നിർത്തുക എന്ന ശ്രമകരമായ ദൗത്യം അവൾ ഏറ്റെടുത്തു. കൈകളിൽ റൺ വേട്ടയ്ക്കായുള്ള ബാറ്റും ഹൃദയത്തിൽ തന്റെ വിശ്വാസവും മുറുകെ പിടിച്ച് ജെമീമ ബാറ്റു വീശിയപ്പോൾ ഗാലറിയിൽ ത്രിവർണ നിറം നൃത്തം ചവിട്ടി അവസാന ഓവറുകളില്‍ ദീപ്തി ശര്‍മ്മ റണ്ണൗട്ടായതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക പടര്‍ന്നിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അമന്‍ജോത് കൗറുമായി ചേര്‍ന്ന് ജമീമ ഇന്ത്യയെ ചരിത്ര ഫൈനലിലേക്ക് നയിച്ചപ്പോള്‍ വിജയാഘോഷത്തിന്റെ നെറുകയിലെത്തി നിൽക്കെ ആ കണ്ണുകൾ നിറയുന്നത് ലോകം കണ്ടു. മാറ്റിനിർത്തപ്പെടലും അവഗണനയും വിവാദങ്ങളും ആ മനസിനെ എത്ര മാത്രം നൊമ്പരപ്പെടുത്തിയിരുന്നുവെന്ന് അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞ സന്തോഷാശ്രുക്കൾ നമ്മളോട് പറയുകയായിരുന്നു. മകൾക്കായി വിജയ വഴി ഒരുക്കാൻ സമർപ്പിച്ച അച്ഛനെ ചേർത്ത് പിടിച്ചപ്പോൾ ആർത്തലച്ച ആ കടൽ ഒരുവേള ശാന്തമായി. എല്ലാം തന്റെ രാജ്യത്തിനും അച്ഛനടക്കമുള്ള പ്രിയപ്പെട്ടവർക്കുമായി സമർപ്പിക്കുന്നതായി ജെമീമ പറയുമ്പോൾ സഫലമായത് ഒരു കായിക താരത്തിനായി കാലം കാത്തു വച്ച സ്വപ്ന മുഹൂർത്തം കൂടിയായിരുന്നു.
അച്ഛൻ തുറന്നു നൽകിയ ലോകം: നാലാം വയസില്‍ തുടങ്ങിയ ക്രിക്കറ്റ്
സ്കൂളിൽ ജൂനിയർ കോച്ചായ അച്ഛൻ ഇവാൻ റോഡ്രിഗസിൽ നിന്നാണ് ജെമീമയിൽ കായിക താരമാകണമെന്ന മോഹത്തിന്റെ വിത്തുകൾ ആഴത്തിൽ പാകപ്പെടുന്നത്. ചെറിയ കുട്ടിയായിരിക്കുമ്പോഴെ വീടിനടുത്തുള്ള കൊച്ചു മൈതാനത്തിൽ കളി കാണാനും ചിലപ്പോഴെല്ലാം മുതിർന്നവർക്കൊപ്പം പരിശീലിക്കാനും അവള്‍ എത്തുമായിരുന്നു. പിതാവ് ഇവാന്‍ റോഡ്രിഗസ് തന്നെയായിരുന്നു ജെമീമയുടെ ആദ്യ പരിശീലകന്‍. മുംബൈയിലെ ഭണ്ഡൂപില്‍ 2000 സെപ്റ്റംബര്‍ അഞ്ചിനാണ് മംഗലാപുരം സ്വദേശികളായ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇരട്ടക്കുട്ടികളില്‍ ഒരാളായ ജെമീമ ചെറുപ്പം മുതല്‍ കായിക ഇനങ്ങളില്‍ താല്പര്യം കാണിച്ചിരുന്നു. നാലാം വയസ് മുതല്‍ തന്നെ ജെമീമ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. മകളുടെ കായിക മോഹങ്ങൾക്ക് ചിറക് നൽകാൻ പിതാവ് എപ്പോഴും ശ്രദ്ധിച്ചു. അവളുടെ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കി പരിശീല ചുമതല അദ്ദേഹം ഏറ്റെടുത്തു. ക്രിക്കറ്റിനൊപ്പം ഫീല്‍ഡ് ഹോക്കിയും ജെമീമ പരിശീലിച്ചു. ഒരു സമയത്ത് അവൾ ഹോക്കിയിലേക്ക് പൂർണമായും ശ്രദ്ധ പതിപ്പിച്ചതോടെ മഹാരാഷ്ട്രയുടെ അണ്ടര്‍ 17 ഹോക്കി ടീമില്‍ അംഗമാവുകയും ചെയ്തു. ശേഷം 2017ല്‍ ആഭ്യന്തര അണ്ടര്‍ 19 ഏകദിന ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെ പുറത്താകാതെ 202 റണ്‍സ് നേടിയതോടെ സ്മൃതി മന്ദാനയ്ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായി ജെമീമ മാറി.
2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിലൂടെയാണ് ജെമീമ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
വണ്‍ ഡൗണായി കളിക്കാന്‍ ജെമീമയെക്കാളും നല്ല ഓപ്ഷന് ഇന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ടി20 യില്‍ സഞ്ജു സാംസണെ ബാറ്റിങ് പൊസിഷനില്‍ എങ്ങനെയാണോ അമ്മാനമാടുന്നത്, അതുപോലെയാണ് വനിതാ ക്രിക്കറ്റില്‍ ജെമിമയുടെ കാര്യവും എന്നാണ് പറയുന്നത്. ഇന്ന് കാണുന്ന പൊസിഷനില്‍ നാളെ കണ്ടെന്നുവരില്ല. പക്ഷേ എവിടെ ഇറക്കിയാലും കിട്ടുന്ന റോള്‍ ജെമീമ ഭംഗിയാക്കും.

