Site icon Janayugom Online

ഒന്നരപതിറ്റാണ്ടിന് ശേഷം കേരളത്തിൽ ജൂതവിവാഹം

ഒന്നര പതിറ്റാണ്ടിന് ശേഷം കേരളത്തിൽ വീണ്ടും ജൂതക്കല്യാണം. ക്രൈംബ്രാഞ്ച് മുൻ എസ് പി ബിനോയ് മലാഖൈയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റായ മഞ്ജുഷ മിറിയം ഇമ്മാനുവേലിന്റെയും മകളായ റേച്ചൽ മലാഖൈയും അമേരിക്കക്കാരനായ റിച്ചാർഡ് സാക്കറി റോവുമാണ് കൊച്ചിയിൽ പരമ്പരാഗതമായ ജൂത ആചാരങ്ങളോടെ ഞായറാഴ്ച വിവാഹിതരായത്. ആചാര പ്രകാരം വിവാഹത്തിന് കാർമികത്വം വഹിക്കാനുള്ള റബായി (പുരോഹിതൻ) ആരിയൽ സിയോണിനെ ഇസ്രയേലിൽ നിന്നാണ് എത്തിച്ചത്. റബായിയുടെ സാന്നിധ്യത്തിൽ റേച്ചൽ മലാഖൈയേയും റിച്ചാർഡ് സാക്കറി റോവിനേയും കെത്തുബ (വിവാഹ ഉടമ്പടി) വായിച്ച് കേൾപ്പിച്ചു. ജീവിതാവസാനം വരെ പരസ്പരം സ്നേഹിച്ച് മക്കൾക്കൊപ്പം ഈ ലോകത്ത് ജീവിച്ചുകൊള്ളാമെന്ന് ഇരുവരും ഹൃദയത്തിൽ തൊട്ട് പ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ മുന്തിരിവീഞ്ഞ് നിറച്ച സ്വർണക്കാസയിൽ സൂക്ഷിച്ച മോതിരം പരസ്പരം അണിയിച്ച് കൊണ്ടായിരുന്നു വിവാഹം. 

പരമ്പരാഗത ജൂത സമ്പ്രദായങ്ങളുടെ എല്ലാ ചിട്ടകളോടെയുമായിരുന്നു റേച്ചൽ മലാഖൈയും റിച്ചാർഡ് സാക്കറി റോവും വിവാഹിതരായത്. 15 വർഷത്തിന് ശേഷം ഇതാദ്യമായാണ് കേരളം ഒരു ജൂതക്കല്യാണത്തിന് സാക്ഷിയാകുന്നത്.
കേരളത്തിലെ ജൂതപ്പള്ളികളെല്ലാം ഇപ്പോൾ സംരക്ഷിത പൈതൃക മേഖലകളാണ്. അതിനാൽ എറണാകുളത്തെ റിസോർട്ടിൽ ജൂത ആചാരപ്രകാരമുള്ള സംവിധാനങ്ങൾ ഒരുക്കി. കേരളത്തിന്റെ മനോഹാരിതയിൽ വിവാഹം വേണമെന്നായിരുന്നു റിച്ചാർഡ് റോവുവിന്റെ ആഗ്രഹം. അതിനാൽ തന്നെ ആചാരവും ആഗ്രഹവും ഒരുപോലെ സമ്മേളിക്കുന്ന വേദിയായും കല്യാണം മാറി. കേരളത്തിൽ ജൂതപ്പള്ളിക്കു പുറത്ത് നടക്കുന്ന ആദ്യ ജൂത വിവാഹമാണിത് എന്ന പ്രത്യേകതയുമുണ്ട്. 

ജൂതവിവാഹത്തിലെ ചടങ്ങുകളിൽ കുറഞ്ഞത് പത്ത് ജൂതൻമാരുടെയെങ്കിലും സാന്നിധ്യം വേണമെന്നാണ് പറയുന്നത്. പരമ്പരാഗത ചിട്ടയോടെയുള്ള വിവാഹമായതിനാൽ അതിനുള്ള അനുമതികളെല്ലാം നേരത്തേ തന്നെ വാങ്ങിയിരുന്നു എന്ന് മഞ്ജുഷ പറയുന്നു. അമേരിക്കയിൽ ഡേറ്റ അനലിസ്റ്റായി ജോലി ചെയ്യുകയാണ് റേച്ചൽ. വിർജീനയിലാണ് താമസം. റിച്ചാർഡ് നാസയിൽ എൻജിനീയറാണ്. അമേരിക്കയിലെ ഇന്ത്യാനപോളിസിലാണ് താമസിക്കുന്നത്. കുറച്ച് കാലം റേച്ചൽ ഇംഗ്ലണ്ടിൽ താമസിച്ചിരുന്നു. അന്ന് തൊട്ടെ ആരിയലിനെ അറിയാമായിരുന്നു. ഈ പരിചയം കാരണമാണ് റബായിയായി കേരളത്തിലേക്ക് വരാൻ ആരിയൽ തയ്യാറായത്. 

Eng­lish Sum­ma­ry; Jew­ish mar­riage in Ker­ala after a half decade

You may also like this video

Exit mobile version