ഛത്തീസ്ഗഢ് ഭാനുപ്രതാപ്പുര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായി. പോളിങ് നടക്കുന്നതിടെയാണ് ബ്രഹ്മാനന്ദ് നേതത്തെ കാങ്കറില്‍ നിന്ന് ഝാര്‍ഖണ്ഡ് പൊലീസ് അറസ്റ്റുചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഇയാള്‍ പുറത്തിറങ്ങുകയും ചെയ്തു. ഇയാളെ വിട്ടയച്ചതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
2019ല്‍ ഝാര്‍ഖണ്ഡില്‍ കങ്കാറില്‍ വച്ച് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് ബ്രഹ്മാനന്ദ നേതത്തെ അറസ്റ്റുചെയ്തത്. ഇയാളടക്കം അഞ്ച് പേര്‍ക്കെതിരെ ഝാര്‍ഖണ്ഡ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് അന്നും സ്റ്റേഷനില്‍ നിന്ന് തടിയൂരി. കോടതി രേഖകള്‍ ഇനിയും ഹാജരാക്കിയില്ലെന്ന് പറയുന്ന പൊലീസ്, ഇപ്പോഴും വിട്ടയച്ചതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.
പോക്സോ കേസില്‍ ഉള്‍പ്പടെ പ്രതിയായി കുറ്റപത്രം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രഹ്മാനന്ദ നേതത്തിന്റെ നാമനിര്‍ദ്ദേശപത്രിക തള്ളണമെന്ന് ഛത്തീസ്ഗഢ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മോഹന്‍ മര്‍കം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനും നടപടിയായില്ല. അതിനിടെയാണ് ഝാര്‍ഖണ്ഡ് പൊലീസ് ഇപ്പോള്‍ ഇയാളെ അറസ്റ്റുചെയ്തതും വിട്ടയച്ചതും. തങ്ങളുടെ സ്ഥാനാര്‍ത്ഥി അറസ്റ്റിലായെന്ന് പ്രചരിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മോഹന്‍ മര്‍കത്തെ അറസ്റ്റുചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
കോണ്‍ഗ്രസ് എംഎല്‍എയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന മനോജ് സിങ് മാണ്ഡവിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മനോജിന്റെ പത്നി സാവിത്രിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 64.86 ശതമാനം പേരാണ് ഇന്നലെ വോട്ടുരേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.
English Sammury: Jharkhand Police arrested Bramhanand Netam, the BJP’s candidate in Chhattisgarh’s Bhanupratappur bypoll, from south Chhattisgarh’s Kanker, only to release him in minutes