Site iconSite icon Janayugom Online

40 പേർക്ക് കൂടി ജെഎൻ.1; ബൂസ്റ്റര്‍ വേണ്ടിവരില്ലെന്ന് ആരോഗ്യവിദഗ്ധര്‍

കോവിഡ് ഉപവകഭേദമായ ജെഎൻ.1 രാജ്യത്ത് 40 പേർക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജെഎൻ.1 സ്ഥിരീകരിച്ചവരുടെ എണ്ണം 109 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
109 ജെഎൻ.1 കേസുകളിൽ 36ഉം ഗുജറാത്തിലാണ്. കർണാടക-34, ഗോവ ‑14, മഹാരാഷ്ട്ര‑ഒമ്പത്, കേരളം ‑ആറ്, രാജസ്ഥാൻ ‑4, തമിഴ്‌നാട് ‑4, തെലങ്കാന‑രണ്ട് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗികൾ. ആരുടെയും നില ഗുരുതരമല്ല. ഭൂരിഭാഗം രോഗികളും വീടുകളിൽ തന്നെ സമ്പർക്കവിലക്കിൽ കഴിയുകയാണ്.

ജെഎൻ.1 കേസുകൾ നിലവിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ആകെ രോഗികളിൽ 92 ശതമാനവും വീടുകളിൽ തന്നെയാണുള്ളത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഭൂരിഭാഗം പേർക്കുമുള്ളതെന്നും വൃത്തങ്ങൾ പറഞ്ഞു. അതേസമയം ബുധനാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ പുതിയതായി 529 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ, നിലവിലുള്ള ആകെ രോഗികൾ 4093 ആയി. മൂന്ന് മരണം സ്ഥിരീകരിച്ചു. രണ്ട് പേർ കർണാടകയിലും ഒരാൾ ഗുജറാത്തിലുമാണ് മരിച്ചത്. 

കേസുകള്‍ ഉയരുന്ന അവസരത്തിലും ഇന്ത്യയിലെ പ്രവണതകള്‍ അനുസരിച്ച് ബൂസ്റ്റര്‍ ഡോസ് വേണ്ടിവരില്ലെന്ന് വാക്സിൻ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എയിംസ് ഡല്‍ഹിയും എയിംസ് ഗോരഖ്പൂരും ചേര്‍ന്ന് കൊറോണയ്ക്കെതിരായ ആന്റിബോഡികളെക്കുറിച്ച്‌ അടുത്തിടെ പഠനം നടത്തിയിരുന്നു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിലും കോവി‍ഡ് മുക്തരായവരിലും കോവിഡ് വകഭേദങ്ങളെ ചെറുക്കാനുള്ള ആന്റിബോഡികള്‍ ഉണ്ടെന്ന് കണ്ടെത്തി.
പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ നിര്‍മ്മിക്കാൻ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ താല്പര്യം കാണിച്ചുകൊണ്ട് മുന്നോട്ടു വരുന്നുണ്ട്. കോവിഷീല്‍ഡ് വാക്സിൻ നിര്‍മ്മിക്കുന്ന പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ജെഎന്‍.1 നെ പ്രതിരോധിക്കുന്ന വാക്സിന്‍ നിര്‍മ്മിക്കാന്‍ താല്പര്യം കാട്ടിയിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് തന്നെ കോവിഡ് വകഭേദമായഎക്സ്ബിബി.1 നുള്ള പ്രത്യേക വാക്സിൻ നേരത്തെ തയ്യാറാക്കിയിരുന്നു. 

Eng­lish Sum­ma­ry: JN.1 for 40 more peo­ple; Health experts will not need a booster

You may also like this video

Exit mobile version