Site iconSite icon Janayugom Online

ജെഎന്‍.1ന് 19 ജനിതക ശ്രേണികള്‍; നിലവില്‍ രാജ്യത്ത് 2000ത്തോളം കേസുകള്‍

കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1ന് 19 ജനിതക ശ്രേണികളുള്ളതായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ലാബുകളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ്’ കണ്ടെത്തി. രാജ്യത്ത് ആദ്യമായി ഈ വകഭേദത്തെ കണ്ടെത്തിയത് തിരുവനന്തപുരം കരകുളം സ്വദേശിയായ 79കാരിയിലാണ്. ഇവര്‍ രോഗമുക്തി നേടി. കേരളത്തില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം കോവിഡ് ബാധയെ തുടര്‍ന്ന് മാത്രം സംഭവിച്ചതല്ലെന്നാണ് വിദഗ്ദ്ധരുടെ വെളിപ്പെടുത്തല്‍. ആരോഗ്യനിലയിലുള്ള സങ്കീര്‍ണ്ണതകളും മരണത്തിന് കാരണമായിട്ടുണ്ട്.

ഗോവയില്‍ കണ്ടെത്തിയ 18 ജെഎന്‍.1 കേസുകള്‍ ഒരു ക്ലസ്റ്ററില്‍ നിന്ന് രൂപപ്പെട്ടതാണെന്ന് വ്യക്തമായി. അടുത്തിടെ അവിടെ നടന്ന ഒരു ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തവരിലാണ് രോഗബാധ ഉണ്ടായത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ജെഎന്‍.1 കേസ് ഗോവ‑മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്തുനിന്നുള്ള ആളിലാണ്.

‘പിരോള’ എന്ന പേരിലറിയപ്പെടുന്ന ബിഎ.2.86നും ഗോവയില്‍ ഒരു ജനിതക ശ്രേണീകരണം കണ്ടെത്തിയിട്ടുണ്ട്. ജൂലൈയില്‍ സ്‌കാന്‍ഡിനേവിയയിലാണ് ഇതാദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാശ്ചാത്യരാജ്യങ്ങളില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധന അടുത്തിടെ ഉണ്ടായത് പിരോള വൈറസ് ബാധ മൂലമായിരുന്നു. ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ അടുത്തിടെ ഉണ്ടായിട്ടുള്ള വര്‍ധന ശൈത്യകാലം ആരംഭിച്ചതിനെ തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നിട്ടുള്ളത്.

ഡിസംബര്‍ 11ന് ഇന്ത്യയിലെ കോവിഡ് കേസുകള്‍ 938 ആയിരുന്നുവെങ്കില്‍ ഡിസംബര്‍ 19ഓടെ ആക്ടീവ് കേസുകളുടെ എണ്ണം 1970 ആയി ഉയര്‍ന്നു. അടുത്ത പത്തുദിവസത്തിനുള്ളില്‍ കേസുകള്‍ ഗണ്യമായി വര്‍ധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പരിശോധന ഫലപ്രദമായാല്‍ മാത്രമേ രോഗബാധിതരെ കണ്ടെത്താനാകൂ.

ഏകീകൃത കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സാര്‍സ് കോവ്-2 വൈറസിന്റെ നിലവിലുള്ള വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവയെ കേന്ദ്ര ആരോഗ്യ ഗവേഷണ കൗണ്‍സില്‍, വാക്സിന്‍ ഉല്പാദകരായ ഭാരത് ബയോടെക്കിന് കൈമാറി. രാജ്യസഭയില്‍ ചൊവ്വാഴ്ച മേശപ്പുറത്ത് വച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടില്‍ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Eng­lish Sum­ma­ry: jn1 covid
You may also like this video

Exit mobile version