Site iconSite icon Janayugom Online

വിനോദ് കുമാര്‍ ശുക്ലയ്ക്ക് ജ്ഞാനപീഠം

പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ വിനോദ് കുമാര്‍ ശുക്ലയ്ക്ക് 59-ാമത് ജ്ഞാനപീഠ പുരസ്കാരം. രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതി നേടുന്ന ആദ്യ ഛത്തീസ്ഗഢ് സ്വദേശിയാണ് ഈ 88കാരന്‍. 11 ലക്ഷവും സരസ്വതി ദേവിയുടെ വെങ്കല പ്രതിമയും അടങ്ങുന്നതാണ് പുരസ്കാരം.
ചെറുകഥ, കവിത, ഉപന്യാസം എന്നിവയിലൂടെ ഹിന്ദിയിലെ ഏറ്റവും മികച്ച സമകാലിക എഴുത്തുകാരില്‍ ഒരാളാണ് വിനോദ് കുമാര്‍ ശുക്ല. ജ്ഞാനപീഠ പുരസ്കാര ജേതാവ് പ്രതിഭാ റേയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഹിന്ദി സാഹിത്യത്തിനും സര്‍ഗാത്മകതയ്ക്കും അതിശയിപ്പിക്കുന്ന രചനാ ശൈലിക്കും നല്‍കിയ മികച്ച സംഭാവനകള്‍ക്കാണ് ബഹുമതി നല്‍കുന്നതെന്ന് സമിതി പ്രസ്താവനയില്‍ പറഞ്ഞു. 

മാധവ് കൗശിക്, ദാമോദര്‍ മൗസോ, പ്രഭാവര്‍മ്മ, അനാമിക, എ കൃഷ്ണറാവു, പ്രഫുല്‍ ഷിലേദാര്‍, ജാങ്കി പ്രസാദ് ശര്‍മ്മ, ജ്ഞാനപീഠം ഡയറക്ടര്‍ മധുസൂദന്‍ ആനന്ദ് എന്നിവരാണ് പുരസ്കാര സമിതി അംഗങ്ങള്‍. വ്യത്യസ്ത ഭാഷാഘടനയും തീവ്ര വൈകാരികതയുമാണ് വിനോദ് കുമാര്‍ ശുക്ലയുടെ എഴുത്തിന്റെ പ്രത്യേകത. ‘ദീവാര്‍ മേ ഏക് ഖിര്‍കീ രഹതി ഥി’ എന്ന പുസ്തകത്തിന് 1999ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1979ല്‍ എഴുതിയ നൗകര്‍ കി കമീസ് പ്രശസ്ത ചലച്ചിത്രകാരന്‍ മണി കൗള്‍ സിനിമയാക്കി. സബ് കുച്ച് ഹോനാ ബച്ചാ രഹേഗ (1992) എന്ന കവിതാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. “പുരസ്കാരം എന്ന കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കി മാറ്റുന്നു” എന്ന് വിനോദ് കുമാര്‍ ശുക്ല പ്രതികരിച്ചു. അരനൂറ്റാണ്ടിലേറെയായി ഹിന്ദി സാഹിത്യത്തില്‍ നിറസാന്നിധ്യമാണ് ഇദ്ദേഹം. 

Exit mobile version