ഒപ്പം പദ്ധതിയുടെ ഭാഗമായി കാട്ടാക്കട മണ്ഡലത്തിലെ വനിതകൾക്കായി തൊഴിൽ മേള സംഘടിപ്പിക്കും. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പം പദ്ധതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ കുളത്തുമ്മൽ ഗവ. എൽപി സ്കൂളിൽ വച്ചാണ് ‘ഒപ്പം ജോബ് ഫോർ ഹെർ’ എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു.
തൊഴിൽമേള രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് വൈകുന്നേരം നാല് മണിക്ക് അവസാനിക്കും. മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളുടെയും സർക്കാർ വകുപ്പുകളുടെയും കുടുംബശ്രീയുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെയാണ് മേള നടത്തുന്നത്. മേളയിൽ എല്ലാ പ്രമുഖ ബിസിനസ് മേഖലകളിലുമുള്ള തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അവർക്ക് ഉദ്യോഗാർത്ഥികളുമായി നേരിട്ട് സംവദിക്കാനും അഭിമുഖങ്ങൾ നടത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. കൂടാതെ സ്വയംതൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സംരംഭകത്വ പരിശീലനവും വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകളും ഉണ്ടായിരിക്കും.
18 വയസ് പൂർത്തിയാക്കിയ വനിതാ ഉദ്യോഗാർത്ഥികൾക്ക് അനായാസമായി ഒപ്പം പദ്ധതിയുടെ വെബ്സൈറ്റിലൂടെ തികച്ചും സൗജന്യമായി തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ക്രമീകരണം സജ്ജമാക്കിയിരുന്നു. കാട്ടാക്കട നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ താമസിക്കുന്ന വനിതകൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. 45 വയസാണ് അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായപരിധി. വെബ്സൈറ്റ് മുഖേന ഇതുവരെ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് ഇന്ന് രാവിലെ ഒമ്പത് മണി മുതൽ 10 മണി വരെ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
English Summary: job for her’: Women’s job fair tomorrow
You may also like this video