കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ മുന്നറിയിപ്പുകൾ വിഫലമാക്കി തൊഴിൽത്തട്ടിപ്പുകൾ പെരുകുന്നു. വിദേശങ്ങളിലേക്കുള്ള വ്യാജ റിക്രൂട്ട്മെന്റിന് പുറമെ, പ്രതിരോധ സേനയിലേക്കും റയിൽവേയിലേക്കും വിവിധ സർക്കാർ സർവീസുകളിലേക്കും വരെ ജോലി വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരെ വേട്ടയാടുന്നത് പതിവായി മാറിയിരിക്കുന്നു.
ഇസ്രയേൽ, യുകെ, കാനഡ, ന്യൂസിലാന്റ്, സ്പെയിൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് വലിയ ഉദ്യോഗങ്ങൾ വാഗ്ദാനം ചെയ്ത് വലിയ തുകകൾ കൈക്കലാക്കുന്ന തട്ടിപ്പുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതലായി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു കാലത്ത് നെടുമ്പാശേരി വിമാനത്താവളം വഴി, ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാജ രേഖകളുടെ മറവിൽ സ്ത്രീകളെ കയറ്റി വിട്ടിരുന്നതും‘ചവിട്ടിക്കയറ്റൽ’ എന്ന പേരിൽ കുപ്രസിദ്ധി നേടിയ തുമായ മനുഷ്യക്കടത്തിന് ഇപ്പോൾ ശമനമായിട്ടുണ്ട്.
കൊച്ചിയിലെ ലൈസൻസില്ലാത്ത റിക്രൂട്ട്മെന്റ് സ്ഥാപനം മുഖേന ചെക്ക് റിപ്പബ്ലിലേക്കും പോളണ്ടിലേക്കും തൊഴിൽ വിസ വാഗ്ദാനം ചെയ്ത് 23 പേരിൽ നിന്നായി കോടികൾ തട്ടിയ കോട്ടയം സ്വദേശി കൊച്ചിയിലും കേരളത്തിൽ തൊഴിൽത്തട്ടിപ്പ് നടത്തിയ നാലംഗ സംഘം ഡൽഹിയിലും അടുത്ത കാലത്ത് പിടിയിലാവുകയുണ്ടായി. സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് 30 യുവാക്കളെ കബളിപ്പിച്ച കൊല്ലത്തെ മുൻ സൈനികൻ പിടിയിലായതും സമീപകാലത്താണ്. തൊഴിലിനു വേണ്ടി പലരിൽ നിന്നായി കടം വാങ്ങി നൽകിയ ആറു ലക്ഷം രൂപ നഷ്ടപ്പെട്ടതിൽ മനം നൊന്ത് വയനാട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. യുവാവിൽ നിന്ന് പണം തട്ടിച്ച കണ്ണൂർ തളിപ്പറമ്പിലെ വ്യാജ സ്ഥാപനം ഈ രീതിയിൽ നൂറോളം പേരിൽ നിന്നായി നാല് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് കൈക്കലാക്കിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആലുവയിലെ രണ്ട് ട്രാവൽ ഏജൻസികൾ പൊലീസ് പിടിയിലായതാണ് തട്ടിപ്പ് പട്ടികയിലെ അവസാന സംഭവങ്ങൾ.തൊഴിലിനു വേണ്ടി പണം നഷ്ടപ്പെട്ടവരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്തും ടൂർ പാക്കേജിന്റെ മറവിൽ ആളുകളെ കടത്തിയും കോടികൾ തട്ടിയ എറണാകുളം കൂനമ്മാവ് സ്വദേശിയാണ് ആദ്യത്തെയാർ. 80‑തോളം പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് ഇയാൾ കൈയ്ക്കലാക്കിയത്.
ഗൾഫ് രാജ്യങ്ങളിൽ സെക്യൂരിറ്റി ജോലികൾ വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളിലെ പലരിൽ നിന്നായി കോടികൾ തട്ടി, വിദേശത്തേക്ക് കടന്നയാളാണ് രണ്ടാമൻ. മൊബൈൽ ഫോൺ ഉയോഗിക്കാതിരുന്ന ഇയാളെ ശാസ്ത്രീയ അന്വേഷണത്തിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കൊച്ചി എക്സൈസ് കമ്മീഷ്ണർ ഓഫീസിലെ ഉദ്യോഗസ്ഥനും കൂട്ടാളിയും പറവൂരിലും കാനഡയിലെ തൊഴിലിനെന്ന പേരിൽ അങ്കമാലി സ്വദേശിയിൽ നിന്ന് ആറ് ലക്ഷം രൂപ കബളിപ്പിച്ചെടുത്ത രണ്ടുപേരെ സൈബർ പോലീസ് ആലുവയിലും പിടികൂടിയതും അടുത്ത ദിവസങ്ങളിലാണ്.
വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്തുള്ള വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ പെരുകിയതോടെ സംസ്ഥാന സർക്കാർ ’ ശുഭയാത്ര’ എന്ന പേരിൽ വ്യാപകമായി ബോധവത്കരണം നടത്തിയിരുന്നു. റിക്രൂട്ടിങ് ഏജൻസിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് വിശ്വാസ്യതയും, ഏത് തരം ജോലി, കമ്പനി വിവരങ്ങൾ, സ്ഥലം എന്നിവയും ഉറപ്പ് വരുത്തി മാത്രമേ വിദേശത്തേക്ക് പോകാവൂ എന്ന് വിദേശമന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനുള്ള വിസ ലഭിക്കാൻ കേന്ദ്രം പുറപ്പെടുവിച്ച മാനദണ്ഡങ്ങളും നിലവിലുണ്ട്. ഇതൊക്കെയാണെങ്കിലും, സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയുമുള്ള തൊഴിൽ വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കുറയുന്നില്ല.
English Summary: Job frauds
You may also like this video