Site iconSite icon Janayugom Online

രാജ്യത്തെ ഏറ്റവും വലിയ ജോലിതട്ടിപ്പ്, 15 കോടി തട്ടി; സൂത്രധാരന്‍ അറസ്റ്റില്‍

രാജ്യത്തെ ഏറ്റവും വലിയ ജോലിതട്ടിപ്പുകളിലൊന്നില്‍ 15 കോടി തട്ടി. വിവിധ സംസ്ഥാനങ്ങളിലായി 50,000ത്തിലധികം ഉദ്യോഗാർത്ഥികള്‍ തട്ടിപ്പിനിരയായതായും ഒഡീഷ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറിയിച്ചു. തട്ടിപ്പിന്റെ സൂത്രധാരന്‍ ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ എൻജിനീയറെ പിടികൂടിയിട്ടുണ്ട്. രാജ്യവ്യാപക ശൃംഖലയാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സർക്കാർ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച് ജോലിയുടെ പേരിൽ ആളുകളെ കബളിപ്പിക്കുകയായിരുന്നു പ്രതികൾ. ഇതോടൊപ്പം യുവാക്കളെ ആകർഷിക്കാൻ വ്യാജ തൊഴിൽ പരസ്യങ്ങളും പത്രങ്ങളിലടക്കം നല്‍കി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരസ്യങ്ങള്‍.

ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലന്വേഷകരും തട്ടിപ്പിനിരയായി. മിക്കവാറും തൊഴില്‍ പരസ്യങ്ങളും പ്രധാന്‍ മന്ത്രി എന്ന് ആരംഭിക്കുന്ന പേരുകളിലാണ് നല്‍കിയിരിക്കുന്നത്. ജീവന്‍ സ്വസ്ഥ്യ സുരക്ഷാ യോജന, ഭാരതീയ ജന സ്വസ്ഥ്യ സുരക്ഷാ യോജന, ഗ്രാമീണ്‍ സമാജ് മാനവ് സ്വസ്ഥ്യ സുരക്ഷാ യോജന തുടങ്ങിയ പേരുകളിലാണ് വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രജിസ്‌ട്രേഷൻ, ഇന്റർവ്യൂ, പരിശീലന ആവശ്യങ്ങൾ എന്നിവ പറഞ്ഞ് 3,000 മുതൽ 50,000 രൂപ വരെ ഇവർ ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കി.

മുഖ്യപ്രതികളിലൊരാളായ സഫർ അഹമ്മദ്‌ (25) എന്നയാളെയാണ് അലിഗഡിൽ നിന്ന് അറസ്റ്റ് ചെയ്തത്. അലിഗഡ് കോടതിയില്‍ ഹാജരാക്കിയ സഫറിനെ ഒഡിഷയിലെത്തിച്ചു. സഫറും എന്‍ജിനീയര്‍മാരായ മറ്റ് സുഹൃത്തുക്കളും ചേര്‍ന്നാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നത്. ഒരു കോൾ സെന്ററിലെ 50 ജീവനക്കാരാണ് സംഘത്തിന് സഹായം നൽകുന്നത്. ജമാൽപൂർ, അലിഗഡ് നിവാസികളായ ഇവര്‍ക്ക് പ്രതിമാസം 15000 രൂപ വീതം ലഭിച്ചിരുന്നുവെന്നും കണ്ടെത്തി.

സൂക്ഷ്മമായി ആസൂത്രണം

പിടിക്കപ്പെടാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലും സംഘം സ്വീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അപേക്ഷ സ്വീകരിച്ചതും രജിസ്ട്രേഷനും ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു. വാട്സ് ആപ്പ് വോയ്‌സ് കോളിൽ മാത്രമാണ് ജോലി ആഗ്രഹിക്കുന്നവരെ ബന്ധപ്പെട്ടത്. കോണ്‍ടാക്ട് ഫോണില്‍ സേവ് ചെയ്യുന്നതിലടക്കം സംഘം അതിസൂക്ഷ്മമായ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആയിരത്തിലധികം സിം കാർഡുകളും 530 മൊബൈൽ ഫോണുകളും തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്.

സ്വകാര്യാവശ്യത്തിനുള്ള ഫോണുകള്‍ ഒരിക്കലും തട്ടിപ്പിന് ഉപയോഗിച്ചിട്ടില്ല. നൂറോളം ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അക്കൗണ്ടുകളില്‍ നിന്നും ക്യുആര്‍ കോഡ് ഉപയോഗിച്ച് മാത്രമേ പണം പിന്‍വലിച്ചിട്ടുള്ളൂ. മികച്ച വെബ് ഡെവലപര്‍മാരുടെ സേവനവും സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: job scam ; main sus­pect has been arrested
You may also like this video

Exit mobile version