Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതി തകര്‍ച്ചയിലേക്ക്; അധിക വിഹിതമില്ലെന്ന് കേന്ദ്രം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള പ്രഖ്യാപിതലക്ഷ്യം ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. 2025–26 സാമ്പത്തിക വര്‍ഷം പദ്ധതിക്ക് അധിക വിഹിതം അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ബജറ്റ് വിഹിതമായി വകയിരുത്തിയ 86,000 കോടി രൂപ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അധിക വിഹിതം നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിക്കാത്ത 7,500 കോടി 2025 സാമ്പത്തിക വര്‍ഷം ഉപയോഗിക്കാമെന്നും ധനകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. ചില സംസ്ഥാനങ്ങള്‍ പദ്ധതിത്തുക വകമാറ്റി ചെലവഴിക്കുന്നതായും മന്ത്രാലയം പറയുന്നു. തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുക, വേതനം ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ നിരന്തരം ആവശ്യപ്പെടുന്ന അവസരത്തിലാണ് അധിക വിഹിതം ഇല്ലെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

2024 — 25ല്‍ ഇതുവരെ 82,648 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്. ആകെ പദ്ധതി തുകയായ 86,000 കോടിയുടെ 96 ശതമാനം തുകയാണിത്. യഥാര്‍ത്ഥ തുക 94,500 കോടി രൂപ ആയിരിക്കെയാണ് മോഡി സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തിയത്. അടുത്തിടെ പദ്ധതിത്തുക അനിശ്ചിതമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഞെക്കിക്കൊല്ലുന്ന സമീപനമാണ് തുടരുന്നത്. ആധാര്‍ അധിഷ്ഠിത വേതന വിതരണം നടപ്പിലാക്കിയതോടെ ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് പദ്ധതിയില്‍ നിന്ന് പുറത്തായത്. നേരത്തെ ബാങ്ക് വഴി വിതരണം ചെയ്തിരുന്ന വേതനം സ്മാര്‍ട്ട് ഫോണും ആധറുമായി ബന്ധിപ്പിച്ച് വേതനം വിതരണം ചെയ്യുന്ന പരിഷ്കാരത്തിനെതിരെ തൊഴിലാളികളും സംഘടനകളും പ്രതിഷേധിച്ചെങ്കിലും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യറായിരുന്നില്ല. തൊഴില്‍ ദിനം 200 ആയി വര്‍ധിപ്പിക്കുക, വേതനം ഉയര്‍ത്തുക എന്നീ ആവശ്യങ്ങളോട് മുഖം തിരിച്ച മോഡി സര്‍ക്കാര്‍ പദ്ധതിയെ മൂച്ചൂടും നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്.

Exit mobile version