ജോബിൻ സെബാസ്റ്റ്യൻ സൈക്കിളിൽ ഭാരത പര്യടനമാരംഭിച്ചു.ഒപ്പം കുഞ്ഞി എന്ന കുട്ടി നായയുമുണ്ട്. കോട്ടയം അതിരമ്പുഴ കളരിക്കൽ ജോബിൻ സെബാസ്റ്റ്യ (48)നാണ് തന്റെ പൊന്നോമനയായ 8 വയസുള്ള കുഞ്ഞി എന്ന നായയുമായി സൈക്കിളിൽ കാശ്മീർ യാത്രയാരംഭിച്ചത്. ഏറെക്കാലം വിദേശത്തായിരുന്ന ഇദ്ദേഹം ഇപ്പോൾ വെൽഡിംഗ് വർക്ക് ഷോപ്പിൽ സഹായിയായി ജോലി ചെയ്യുകയാണ്. ഉപജീവനത്തിനായി ഈ ജോലി ചെയ്യുമ്പോഴും യാത്ര ഹരമായ ജോബിൻ നേരത്തെ ബൈക്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഈ മാസം 10നാണ് ജോബിൻ തന്റെ കുഞ്ഞി എന്ന വളർത്തുനായയുമായി പര്യടനം ആരംഭിച്ചത്.
കേരളത്തിലെ 14 ജില്ലയും ഇന്ത്യയിലെ എല്ലാ സംസ്ഥാനവും ചുറ്റി കാശ്മീരിലെത്താനാണ് ഈ യാത്രാ പ്രേമിയുടെ ആഗ്രഹം. ഒന്നര വർഷം കൊണ്ട് മാത്രമേ ഈ പരൃടനം പൂർത്തിയാക്കാൻ കഴിയൂ. കുഞ്ഞിനായക്കായി സൈക്കിളിന് പിന്നിൽ പ്രത്യേക ഇരിപ്പിടവുമൊരുക്കിയിട്ടുണ്ട്. തനിക്കും കുഞ്ഞിക്കുമുള്ള ഭക്ഷണം സ്വയം പാകം ചെയ്യും. സ്വന്തമായി തയ്യാറാക്കുന്ന താൽക്കാലിക ടെന്റാണ് കിടപ്പാടം. തന്റെ യാത്രയിലുടനീളം കാണുന്ന സുന്ദര ദൃശ്യങ്ങൾ പകർത്താൻ ക്യാമറയും കരുതിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ജോപ്പന്റെ യാത്ര എന്ന യൂട്യൂബിൽ അപ് ലോഡ് ചെയ്യും. ഇന്ധനച്ചെലവ് ലാഭിക്കാനാണ് തന്റെ ഭാരത പര്യടനം സൈക്കിളിലാക്കിയതെന്ന് ജോബിൻ പറയുന്നു. കുഞ്ഞിനായയുമായി സൈക്കിളിൽ പര്യടനം നടത്തുന്ന ജോബിൻ മറ്റ് കാണികൾക്ക് അത്ഭുതവുമാകുകയാണ്.