Site icon Janayugom Online

ഇന്ത്യ അന്യമതവിദ്വേഷിയെന്ന് ‍ജോ ബെെ‍‍ഡന്‍

ഇന്ത്യ അന്യമതവിദ്വേഷിയായതിനാലാണ് സമ്പദ്‍വ്യവസ്ഥ വളരാത്തതെന്ന പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബെെ‍ഡന്‍. വാഷിങ്ണില്‍ നടന്ന ധനസമാഹരണ പരിപാടിയില്‍ സംസാരിക്കവേയായിരുന്നു ബെെഡന്റെ പരമാര്‍ശം. യുഎസ് സമ്പദ്‍വ്യവസ്ഥ വളരുന്നതിന്റെ കാരണം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതാണ്. എന്തുകൊണ്ടാണ് ചെെന സാമ്പത്തികമായി മോശം രീതിയില്‍ നില്‍ക്കുന്നത്. എന്തുകൊണ്ടാണ് ജപ്പാന്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. റഷ്യയിലേയും ഇന്ത്യയിലേയും സമ്പദ്‍വ്യവസ്ഥ വളരുന്നില്ല. കാരണം അവര്‍ അന്യമത വിദ്വേഷികളാണ്(സെനോഫോബിക്). അവര്‍ക്ക് കുടിയേറ്റക്കാരെ ആവശ്യമില്ല എന്നാണ് ബെെ­ഡന്‍ പറഞ്ഞത്.
ഇന്ത്യ, ജപ്പാന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ പേരെടുത്തുള്ള പരാമര്‍ശത്തിനുപിന്നാലെ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്തെത്തി. യുഎസിന്റെ കുടിയേറ്റപാരമ്പര്യത്തെക്കുറിച്ചുള്ള വിശാലമായ സന്ദേശത്തിന്റെ ഭാഗം മാത്രമായിരുന്നു ബൈഡന്റെ പരാമര്‍ശമെന്നും രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താനാണ് ബൈഡന്‍ എപ്പോഴും ശ്രമിക്കുന്നതെന്നും വെെറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി വ്യക്തമാക്കി. 

അടുത്ത കാലത്തായി ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ യുഎസ് ഭരണകൂടം രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. യുഎസ് കമ്മിഷൻ ഓൺ ഇന്റര്‍നാഷണൽ റിലീജിയസ് ഫ്രീഡം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാൻ, ചൈന, എറിത്രിയ, ഇറാൻ, പാകിസ്ഥാൻ, ഉത്തരകൊറിയ, റഷ്യ എന്നിവയ്ക്കൊപ്പം ഇന്ത്യയെ പ്ര­ത്യേക ആശങ്കയുള്ള രാജ്യമായി (സിപിസി) ആയി അംഗീകരിക്കാനും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കമ്മിഷന്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ വിമര്‍ശനം.

ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്നങ്ങൾ തുറന്നുകാട്ടുന്നത് തുടരാനും ഭരണകൂട പ്രതിനിധികളുമായുള്ള ചർച്ചകളില്‍ മതസ്വാതന്ത്ര്യം ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശു­പാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പേ­ാര്‍ട്ടില്‍ മണിപ്പൂര്‍ സംഘര്‍ഷങ്ങളെക്കുറിച്ച് പരമാര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 

അതേസമയം, ജോ ബൈഡന്റെ പ്രസ്താവനയോട് പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. ഇന്ത്യയുടേത് തുറന്ന സമീപനമാണെന്നും വ്യത്യസ്ത സമൂഹങ്ങളില്‍നിന്നുള്ളവരെ എല്ലായ്പ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ സ്വാഗതാനുകൂല നിലപാട് വ്യക്തമാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് നിലവില്‍ പ്രശ്‌നങ്ങളില്ല. ഏറ്റവും വേഗത്തില്‍ വികസനത്തിലേക്ക് കുതിക്കുന്ന ലോകത്തിലെ പ്രധാന സമ്പദ്ഘടനയാണ് ഇന്ത്യയുടേതെന്നും അ­ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:Joe Biden says that India is xenophobic
You may also like this video

Exit mobile version