Site icon Janayugom Online

ജോണ്‍ പോള്‍— തിരക്കഥകളുടെ തമ്പുരാൻ

മലയാള സിനിമാ ചരിത്രം പരിശോധിച്ചാല്‍ ആദ്യ നിശബ്ദ സിനിമയായ വിഗതകുമാരന്‍ (1928) മുതല്‍ 1970 കളുടെ തുടക്കകാലം വരെ സിനിമകള്‍ക്ക് അവലംബമായിരുന്നത് മിക്കവാറും സാഹിത്യകൃതികളായിരുന്നു. ആദ്യകാല ചിത്രങ്ങളായ ‘ബാലന്‍’ (1938), ജീവിതനൗക (1951) എന്നിവയിലെല്ലാം തന്നെ സാമൂഹ്യ ജീവിത പശ്ചാത്തലമാണുണ്ടായിരുന്നത്. ‘പ്രഹ്ലാദന്‍’, ‘ജ്ഞാനസുന്ദരി’ തുടങ്ങി പുരാണ കഥകള്‍ പറഞ്ഞ ചിത്രങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു. 1951 ല്‍ തന്നെ പൊന്‍കുന്നം വര്‍ക്കിയുടെ തിരക്കഥയില്‍ ‘നവലോകം’ എന്ന സിനിമ സോഷ്യലിസ്റ്റ് ആശയങ്ങളാണ് മുന്നോട്ടുവച്ചത്. പി ഭാസ്കരന്‍ സംവിധാനം ചെയ്ത ‘നീലക്കുയി­ല്‍’ (1954) സമൂഹത്തില്‍ ദളിത് വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനം പ്രതിപാദിക്കുന്നു. നീലക്കുയില്‍ മലയാള സിനിമ അതുവരെ പിന്തുടര്‍ന്ന തമിഴ് സിനിമാ പാരമ്പര്യത്തില്‍ നിന്ന്, നാടകത്തിന്റെ അതിഭാവുകത്വത്തില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയായിരുന്നു. മലയാള തനിമയുള്ള സംഗീതം മുതല്‍ യാഥാര്‍ത്ഥ്യങ്ങളിലൂന്നിയ പ്രമേയവും യഥാതഥമായി അതിഭാവുകത്വമില്ലാത്ത അഭിനയശൈലിയും ഒത്തുചേര്‍ന്ന് കലാപരമായും തിയേറ്ററിലും ഒരുപോലെ വിജയിച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. നീലക്കുയിലിന്റെ വിജയം ഈ ദിശയില്‍ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ സിനിമയിലൂടെ അവതരിപ്പിക്കുവാന്‍ തുടര്‍ന്നുവന്ന സംവിധായകര്‍ക്ക് ധൈര്യം നല്‍കി. ഉറൂബിന്റെ രാരിച്ചന്‍ എന്ന പൗരന്‍, തോപ്പില്‍ ഭാസിയുടെ മുടിയനായ പുത്രന്‍, തകഴിയുടെ ചെമ്മീന്‍, ബഷീറിന്റെ ഭാര്‍ഗവീനിലയം, കേശവദേവിന്റെ ഓടയില്‍ നിന്ന്, പോഞ്ഞിക്കര റാഫിയുടെ മിന്നാമിനുങ്ങ്, കെ സുരേന്ദ്രന്റെ മായ, പാറപ്പുറത്തിന്റെ അരനാഴികനേരം, എം ടി വാസുദേവന്‍ നായരുടെ മുറപ്പെണ്ണ്, നിര്‍മ്മാല്യം, അസുരവിത്ത് തുടങ്ങി അനേകം നോവലുകളും കഥകളും ചലച്ചിത്രങ്ങളായി. തോപ്പില്‍ ഭാസിയുടെ മാത്രം നൂറിലധികം തിരക്കഥകള്‍ സിനിമയായി. “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” (1970) മുതല്‍ ‘എന്റെ നീലാകാശം’ (1979) വരെ 16 സിനിമകള്‍ തോപ്പില്‍ ഭാസി തന്നെ സംവിധാനം ചെയ്തു. 1960 മുതല്‍ 1970 വരെയുള്ള കാലഘട്ടത്തില്‍ മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ പ്രധാന കൃതികളെല്ലാം തന്നെ സെല്ലുലോയിഡില്‍ പകര്‍ത്തപ്പെടുകയും അവ പ്രേക്ഷകര്‍ നന്നായി തന്നെ സ്വീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ മികച്ച സാഹിത്യ കൃതികള്‍ ചലച്ചിത്രമാക്കുന്നതില്‍ വലിയ താല്പര്യം കാണിച്ച സംവിധായകന്‍ കെ എസ് സേതുമാധവനായിരുന്നു. വളരെ വലിയ ഒരു കാലയളവില്‍ 1960 മുതല്‍ 1998 വരെ അനേകം മികച്ച ചലച്ചിത്രങ്ങള്‍, മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നഡയിലുമൊക്കെ സൃഷ്ടിച്ച സേതുമാധവന്‍, എസ് കെ പൊറ്റക്കാട്ട്, കേശവദേവ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, എം ടി, പമ്മന്‍, പി പത്മരാജന്‍, പാറപ്പുറത്ത്, തകഴി എന്നിവരുടെയെല്ലാം നോവലുകള്‍ ചലച്ചിത്രങ്ങളാക്കുകയും അവ നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. 1970 കളുടെ തുടക്കത്തിലാണ് മലയാള സിനിമയില്‍ കച്ചവട സിനിമ, മധ്യവര്‍ത്തി സിനിമ, സമാന്തര സിനിമ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടത്. ഒരുപക്ഷെ മലയാള സിനിമയിലെ നിത്യഹരിത നായകനായ പ്രേംനസീര്‍ 1955ല്‍ അഭിനയിച്ച ‘സിഐഡി’ എന്ന ചിത്രം തുടക്കമിട്ട, മലയാളത്തില്‍ പിന്നീട് വളരെ പ്രചാരം നേടിയ പാട്ടും പ്രണയവും സംഘട്ടനങ്ങളും നിറഞ്ഞ വിനോദചിത്രങ്ങള്‍ 60കളുടെ‍ അവസാന വര്‍ഷങ്ങള്‍ മുതല്‍ വലിയ തോതില്‍ വിജയം നേടുവാന്‍ തുടങ്ങി. ഒരേ ഫോര്‍മുലയില്‍ മിക്കവാറും എം കെ അര്‍ജ്ജുനന്‍, ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ടില്‍ യേശുദാസും സുശീലയുമൊക്കെ പാടിയ ഇന്നും നമ്മള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന പാട്ടുകളും പ്രേംനസീര്‍, അടൂര്‍ഭാസി, ഷീല, ബഹദൂര്‍ തുടങ്ങിയ ജനപ്രിയ താരങ്ങളുമൊക്കെയായി, കൊച്ചിന്‍ എക്സ്പ്രസ് (1967), തോക്കുകള്‍ കഥപറയുന്നു (1968), ഭാര്യമാര്‍ സൂക്ഷിക്കുക (1968), അഞ്ചു സുന്ദരികള്‍ (1968), റസ്റ്റ് ഹൗസ് (1969), കണ്ണൂര്‍ ഡീലക്സ് (1969) തുടങ്ങി ലങ്കാദഹനം (1971), സിഐഡി നസീര്‍ (1971) എന്നിങ്ങനെ തികച്ചും കച്ചവട വിജയം മാത്രം ലക്ഷ്യമാക്കിയുള്ള അനേകം സിനിമകള്‍ വന്‍വിജയം നേടി.


ഇതുകൂടി വായിക്കാം; ജോണ്‍ പോള്‍ : 80 കളുടെ വസന്തം


അതോടൊപ്പം തന്നെ തച്ചോളി പാട്ടുകളെ അധികരിച്ച് കുഞ്ചാക്കോ മലയാളത്തിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ ആരോമലുണ്ണി, പൊന്നാപുരം കോട്ട എന്നൊക്കെയുള്ള പേരുകളില്‍ വലിയ മുതല്‍മുടക്കില്‍ തന്നെ നിര്‍മ്മിക്കുകയും മലയാള സിനിമയില്‍ 1970കള്‍ മുതല്‍ സിനിമ വലിയ മുതല്‍മുടക്കോടെയുള്ള ഒരു വ്യവസായമായി ആവിര്‍ഭവിക്കുകയും ചെയ്തു. സിനിമ തികച്ചും കച്ചവടവല്ക്കരിക്കപ്പെട്ടത് ഇതേകാലത്താണ്. 1969 ല്‍ എം ടിയുടെ തിരക്കഥയില്‍, പി എ ബക്കര്‍ എന്ന പില്‍ക്കാല സമാന്തര സിനിമാ സംവിധായകന്‍ നിര്‍മ്മിച്ച്, പി എന്‍ മേനോന്‍ സംവിധാനം ചെയ്ത കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച, മലയാളത്തില്‍ ആദ്യമായി പൂര്‍ണമായും സ്റ്റുഡിയോക്ക് വെളിയില്‍ ചിത്രീകരിച്ച ‘ഓളവും തീരവും’ എന്ന ചലച്ചിത്രം നവ മലയാള സിനിമയുടെ ഭാവുകത്വം തിരികെ കൊണ്ടുവരുന്നത്. 1970ല്‍ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ഓളവും തീരവും നേടി. 1972 ല്‍ മലയാളത്തില്‍ സമാന്തര സിനിമയുടെ വരവറിയിച്ചുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ റിലീസായി. 1972ലെ ദേശീയ ചലച്ചിത്ര പുരസ്കാരം, ഏറ്റവും മികച്ച സംവിധായകനും നടിക്കുമുള്ള പുരസ്കാരം, സംസ്ഥാനതലത്തില്‍ മികച്ച ഛായാഗ്രാഹകനും കലാസംവിധായകനുമുള്ള പുരസ്കാരം ഇവ നേടുകയും മോസ്കോ ചലച്ചിത്രമേളയിലും വിവിധ അന്തര്‍ദേശീയ മേളകളിലും പുരസ്കാരങ്ങള്‍ നേടിക്കൊണ്ട് മലയാളത്തില്‍ സമാന്തര സിനിമയുടെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും സമാന്തര സിനിമ സൃഷ്ടിച്ച ചലനങ്ങള്‍ മുഖ്യധാരയായ കച്ചവട സിനിമകളിലും പ്രതിഫലിച്ചു. 1975ല്‍ ഭരതനും പത്മരാജനും ചേര്‍ന്ന് ഒരുക്കിയ പ്രയാണം, 1979ല്‍ കെ ജി ജോര്‍ജ്ജിന്റെ ‘സ്വപ്നാടനം’, പത്മരാജന്റെ ‘പെരുവഴിയമ്പലം’, ഭരതന്റെ തന്നെ ‘ആരവം’ (1978) ഇവയെല്ലാം മലയാളത്തില്‍ മധ്യവര്‍ത്തി സിനിമയുടെ തുടക്കം കുറിച്ചു. ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്‍ ‘വേനല്‍’ (1981) എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ എക്കാലത്തേയും മികച്ച ചലച്ചിത്ര സപര്യക്ക് തുടക്കം കുറിച്ചു. 1980ല്‍ ഭരതന്‍-പത്മരാജന്‍ എന്നിവര്‍ ചേര്‍ന്നുള്ള ചലച്ചിത്രങ്ങള്‍, പത്മരാജന്‍ പൂര്‍ണമായും സംവിധായകനായി മാത്രം മാറിയതോടെ അവസാനിച്ചിടത്താണ് ജോണ്‍ പോള്‍ എന്ന തിരക്കഥാകൃത്ത് ശ്രദ്ധേയനാവുന്നത്. 1980ല്‍ ‘ചാമരം’ എന്ന ഭരതന്‍ ചിത്രത്തിന്റെ തിരക്കഥ രചിച്ചുകൊണ്ടാണ് ജോണ്‍ പോള്‍ തന്റെ ചലച്ചിത്ര സപര്യ ആരംഭിക്കുന്നത്. അതിന് മുമ്പുതന്നെ പത്രപ്രവര്‍ത്തകനായും ഫിലിം സൊസൈറ്റികളുടെ സംഘാടകനായുമൊക്കെ ചലച്ചിത്രരംഗവുമായി അദ്ദേഹം വളരെ അടുത്ത് ഇടപഴകിയിരുന്നു. പലപ്പോഴും തിരക്കഥകളില്‍ തിരുത്തലുകള്‍ വരുത്താന്‍ സംവിധായകര്‍ തന്നെയും ജോണ്‍ പോളിനെയും സമീപിച്ചിരുന്നതായി പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് പറഞ്ഞിട്ടുണ്ട്. ‘ചാമരം’ എന്ന ചലച്ചിത്രത്തിന് തിരക്കഥ എഴുതാനുണ്ടായ സാഹചര്യം ജോണ്‍ പോള്‍‍ തന്നെ എഴുതിയിട്ടുണ്ട്. ചെറുപ്പകാലത്തുതന്നെ ചിത്രകലയില്‍ ആകൃഷ്ടനായി ചിത്രകല പഠിക്കാന്‍ പോയ ഭരതന്, തനിക്ക് ലഭിക്കാതെപോയ കലാലയ ജീവിതത്തെക്കുറിച്ചുള്ള നഷ്ടബോധത്തില്‍ നിന്നാണ് ജോണ്‍പോളിനോട് നമുക്ക് ഒരു കാമ്പസ് സിനിമ ചെയ്യണം എന്ന് ആവശ്യപ്പെട്ടത്. കോളജ് കാമ്പസിന്റെ യുവത്വത്തിന്റെ എല്ലാ ലഹരിയും ഉള്‍ക്കൊണ്ട് അന്നുവരെ മലയാളത്തില്‍ ആരും പറയാത്ത ഒരു പ്രണയകഥ, യുവതിയായ അധ്യാപികയും ജീവിതത്തിലൊരിക്കലും സ്നേഹം ലഭിക്കാത്ത ഒരു വിദ്യാര്‍ത്ഥിയുമായുള്ള പ്രണയകഥ ഭരതനായി ജോണ്‍ എഴുതി. ഇന്നും പുതുമ മായാതെ നില്ക്കുന്ന ഒരു കാമ്പസ് പ്രണയകഥ. കച്ചവട സിനിമയിലേക്ക് വഴുതിവീഴാത്ത ഒരു മധ്യവര്‍ത്തി സിനിമ. ഭരതന്‍-ജോണ്‍ പോള്‍ കൂട്ടുകെട്ടില്‍ അസാധാരണമായ മനുഷ്യബന്ധങ്ങളുടെ കഥ പറഞ്ഞ 14 ചലച്ചിത്രങ്ങള്‍ പിറന്നു.


ഇതുകൂടി വായിക്കാം; പാര്‍ട്ടി കാര്‍ഡില്ലാത്ത സിപിഐകാരി  


ഇന്നും നമ്മുടെ മനസില്‍ മായാതെ നില്‍ക്കുന്ന ചലച്ചിത്രങ്ങള്‍. ഭരത് ഗോപി, നെടുമുടിവേണു തുടങ്ങിയ അതുല്യപ്രതിഭകള്‍ ജോണ്‍ പോളിന്റെ തിരക്കഥകളില്‍ അവരുടെ ഏറ്റവും നല്ല വേഷങ്ങള്‍ കണ്ടെത്തി. ‘മര്‍മരം’, ‘ഓര്‍മ്മയ്ക്കായി’, ‘പാളങ്ങള്‍’, ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ ‘സന്ധ്യമയങ്ങും നേരം’ തുടങ്ങി വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങള്‍ ഭരതനോട് ചേര്‍ന്ന് ജോണ്‍ പോള്‍ രചിച്ചു. മോഹനോടൊപ്പം ജോണ്‍ പോള്‍ ചെയ്ത ‘വിടപറയും മുമ്പേ’ എന്ന ചിത്രം മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്ന് എന്നത് മാത്രമായിരുന്നില്ല, നെടുമുടി വേണു എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുമായിരുന്നു. പ്രേംനസീര്‍ എന്ന നിത്യഹരിത നായകന്റെ തികച്ചും ഭിന്നമായ ഒരു മുഖവും നമ്മള്‍ ആ ചിത്രത്തില്‍ കണ്ടു. മോഹനോടൊപ്പം തന്നെ ‘ആലോലം’, ‘രചന’ തുടങ്ങിയ ചിത്രങ്ങളിലും ജോണ്‍ പോള്‍ ഒന്നിച്ചു. ഒരു വര്‍ഷം 19 തിരക്കഥകള്‍ വരെ 1980 കളില്‍ ജോണ്‍ പോള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ അവയെല്ലാം തികച്ചും വ്യത്യസ്തത പുലര്‍ത്തി. മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണത ആവിഷ്കരിക്കുന്നവയായിരുന്നു ജോണ്‍ പോളിന്റെ രചനകള്‍ ബാലുമഹേന്ദ്ര എന്ന സംവിധായകന്‍ മലയാളത്തില്‍ ചിരപ്രതിഷ്ഠ നേടുന്നത് ജോണ്‍ പോളിന്റെ തിരക്കഥയില്‍ ‘യാത്ര’ (1985) എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ മികച്ച വേഷങ്ങളിലൊന്നാണ് ഉണ്ണികൃഷ്ണന്‍ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍. കെ എസ് സേതുമാധവനോടൊപ്പം രണ്ട് ചിത്രങ്ങള്‍ക്ക് ‘അറിയാത്ത വീഥികള്‍’ ആരോരുമറിയാതെ’ (1985) ജോണ്‍ പോള്‍ തിരക്കഥയെഴുതി. ഐ വി ശശി, കെ മധു, ജെസി, സിബി മലയില്‍, കമല്‍ തുടങ്ങിയ മുഖ്യധാരാ സംവിധായകരോടൊപ്പവും ജോണ്‍ പോള്‍ ഒന്നിച്ചിട്ടുണ്ട്. എങ്കിലും ജോണ്‍ പോളിലെ തിരക്കഥാകൃത്ത് പൂര്‍ണത പ്രാപിച്ചത് ഭരതന്‍, മോഹന്‍ എന്നീ സംവിധായകരോട് ചേര്‍ന്നപ്പോഴാണ്. അവസാനത്തെ തിരക്കഥ 2019ല്‍ കമലിനായി രചിച്ച ‘പ്രണയമീനുകളുടെ കടല്‍’ ആയിരുന്നു. ഒഴുക്കിനൊത്ത് നീന്താന്‍ വിസമ്മതിച്ച പ്രതിഭയായിരുന്ന ജോണ്‍ പോള്‍ 1990കളില്‍ മലയാളത്തിലെ മധ്യവര്‍ത്തി സംവിധായകര്‍ താരാധിപത്യത്തിന്റെ അതിപ്രസരത്തില്‍ നിശബ്ദരായപ്പോള്‍‍ അദ്ദേഹം സിനിമകളില്‍ നിന്ന് വിട്ടുനിന്നു. താരങ്ങളുടെ തൃപ്തിക്കായി വിട്ടുവീഴ്ചകള്‍ക്ക് ഒരിക്കലും ജോണ്‍ ഒരുങ്ങിയില്ല. മുഖ്യധാരാസിനിമകള്‍ സമൂഹത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നുപോയപ്പോള്‍ ജോണ്‍ പോള്‍ ഗ്രന്ഥരചനയിലും ടെലിവിഷനില്‍ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുന്നതിലും മറ്റ് സാമൂഹ്യപ്രവര്‍ത്തനങ്ങളിലും മുഴുകി. പരാതി ഏതുമില്ലാതെ, മാക്ട എന്ന സിനിമാ സാങ്കേതികവിദഗ്ധരുടെ സംഘടനയ്ക്ക് ജന്മം നല്കിയതില്‍ പ്രധാനി ജോണ്‍ പോള്‍ ആയിരുന്നു. ജോണ്‍ പോള്‍ തിരക്കഥ രചിച്ച ചലചിത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ ജീവിക്കുന്നു. ആ ചലച്ചിത്രങ്ങളുള്ളിടത്തോളം കാലം അവയുടെ സൃഷ്ടാവും ജനമനസുകളിലുണ്ടാവും. ജോണ്‍പോളിന്റെ തിരക്കഥകള്‍ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളിലേക്കുള്ള യാത്രകളായിരുന്നു. സ്നേഹസമ്പന്നനായ ആ മനുഷ്യന്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാത്തതില്‍ ഒരു പരാതിയുമില്ലാതെ നമ്മെ വിട്ടുപോയിരിക്കുന്നു. സ്വന്തം കഥകളിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും നമ്മുടെയിടയില്‍ അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരിക്കും മലയാളത്തില്‍ മധ്യവര്‍ത്തി സിനിമകള്‍ക്ക് പുതുജീവന്‍ നല്കിക്കൊണ്ട്.

Exit mobile version