ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ധൈഷണിക പ്രതിഭയായിരുന്നു ഡോ. ബി ആർ അംബേദ്കർ. അദ്ദേഹത്തിന്റെ ജന്മദിനം എല്ലാ ജനാധിപത്യ‑മതനിരപേക്ഷ വിശ്വാസികളെയും സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. ജനാധിപത്യ അവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ജാതിവ്യവസ്ഥയുടെ ക്രൂരതകൾ നിറഞ്ഞുനിന്നിരുന്ന കാലത്താണ് അംബേദ്കർ ജനിക്കുന്നത്. ദളിത് സമൂഹത്തിൽ പിറന്നതിനാൽ ജാതി വിവേചനങ്ങൾ കുട്ടിക്കാലം മുതൽക്കേ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ക്ലാസിൽ മറ്റു കുട്ടികൾക്കൊപ്പമിരിക്കാനോ കുടിവെള്ളപ്പാത്രത്തിൽ തൊടാനോ അനുവാദം ലഭിച്ചിരുന്നില്ല. ഇത്തരം ദുരനുഭവങ്ങളോട് പൊരുതിയാണ് അംബേദ്കർ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
ഭരണഘടനാ ശില്പിയായ അംബേദ്കർ ജാതി-മത-പരിഗണനയ്ക്ക് അതീതമായി രാജ്യത്തെ എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന ഒരിന്ത്യയെയാണ് വിഭാവനം ചെയ്തത്. ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതി നിർമ്മിക്കാനായതും തുല്യനീതി ഉറപ്പാക്കി എല്ലാ പൗരന്മാർക്കും മൗലിക അവകാശങ്ങൾ നിർണയിച്ചതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ്. സാമ്പത്തികമായും ഭരണപരമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിലായിരുന്ന ജനതയ്ക്ക് പ്രത്യേക സംവരണവും ഭരണഘടനയിൽ അംബേദ്കർ എഴുതിച്ചേർത്തു. മതേതരത്വമെന്നത് ഭരണഘടനാ അസംബ്ലിയിൽ വോട്ടിനിട്ടാണ് ഭരണഘടനയിൽ രേഖപ്പെടുത്തപ്പെട്ടത്. ഇതിനായി അംബേദ്കർ വഹിച്ച പങ്ക് വളരെ വലുതാണ്.
ഇതുകൂടി വായിക്കൂ: ഡോ. അംബേദ്ക്കറുടെ സ്മരണ പ്രചോദനം
ഇന്ത്യയുടെ ശാപം ജാതിവ്യവസ്ഥയാണെന്ന് കാൾ മാർക്സ് തന്നെ വിലയിരുത്തിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപപ്പെട്ടശേഷം ഇന്ത്യയിൽ നടത്തിയ പോരാട്ടങ്ങളേറെയും ജാതിരഹിത സമൂഹത്തിന് വേണ്ടിയായിരുന്നു. ചാതുർവർണ്യ വ്യവസ്ഥയുടെ മാനിഫെസ്റ്റോയെന്നറിയപ്പെടുന്ന മനുസ്മൃതി, 1927ഡിസംബർ 25ന് അംബേദ്കറുടെ നേതൃത്വത്തിൽ പരസ്യമായി കത്തിച്ചത് സാമൂഹ്യനവോത്ഥാന പോരാട്ടങ്ങൾക്ക് പകർന്നു നൽകിയ ഊർജം ചെറുതായിരുന്നില്ല.
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കർ വിഭാവനം ചെയ്തത്. ജാതിവ്യവസ്ഥ തകരാതെ താഴെത്തട്ടിലുള്ളവരുടെ ഉന്നമനം സാധ്യമാകില്ലെന്നും അദ്ദേഹം ഉറച്ച്‍ വിശ്വസിച്ചു. ജാതി വ്യവസ്ഥ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തക രൂപമാണ് 1936ൽ പ്രസിദ്ധീകരിച്ച “ജാതി നിർമൂലനം”. ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു പുസ്തകമാണ് “ആരാണ് ശൂദ്രൻ”.
സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന വിഭാഗത്തിന്റെ അവസ്ഥകൾ മാറിയിട്ടില്ലെന്നതിന് ഉദാഹരണങ്ങൾ നിരവധിയാണ്. കുഴിച്ചുമൂടപ്പെട്ട പല അനാചാരങ്ങളും അന്ധവിശ്വാസങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വീണ്ടും നട്ടുമുളപ്പിക്കുകയാണ്. ഐഐടികൾ പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നും എസ്‌സി/എസ്‌ടി വിദ്യാർത്ഥികൾക്ക് നിർബന്ധപൂർവം കൊഴിഞ്ഞുപോകേണ്ടിവരുന്നതും ആത്മഹത്യ ചെയ്യേണ്ടിവരുന്നതും ഇതിന്റെയൊക്കെ ഭാഗമാണ്. കേന്ദ്ര സർവീസിൽ പട്ടികജാതി പട്ടികവർഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട ആയിരക്കണക്കിന് തസ്തികകളിലേക്ക് നിയമനം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. പട്ടികവിഭാഗക്കാർക്കെതിരെയുള്ള അതിക്രമ കേസുകൾ വർധിച്ചതായാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ കാണിക്കുന്നത്.
എല്ലാ മനുഷ്യരെയും തുല്യരായി കാണുന്നവിധത്തിൽ തയ്യാറാക്കിയ ഭരണഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണഘടന ഉറപ്പുനൽകിയ സംവരണവും സാമൂഹ്യനീതിയും തകർക്കാനാണ് കേന്ദ്രഭരണാധികാരികളും അവരെ നയിക്കുന്നവരും ശ്രമിക്കുന്നത്.
ഇതുകൂടി വായിക്കൂ: ആവര്‍ത്തിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍
ഇന്ത്യയിലെ ദളിത്, പിന്നാക്ക വിഭാഗങ്ങൾ ദുരിതസാഹചര്യങ്ങളിലാണ് ഇപ്പോഴുമുള്ളത്. കോർപറേറ്റ് ഭീമന്മാരുടെ ചൂഷണത്തിന് കേന്ദ്രസര്‍ക്കാര്‍ അരിക് നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ഈ ദുർബല വിഭാഗക്കാരാണ്. ഭരണകർത്താക്കൾ വീമ്പുപറയുന്ന വികസനങ്ങളൊക്കെ വിദേശരാഷ്ട്രത്തലവന്മാർ സന്ദർശനം നടത്തുമ്പോൾ ചേരികളെ മറയ്ക്കുന്ന പരസ്യബോർഡുകളിൽ മാത്രമാണ്. 35 കോടി ദരിദ്രരും 15 കോടി അതിദരിദ്രരും ഉള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ദരിദ്രർ തിങ്ങിപ്പാർക്കുന്ന അതിസമ്പന്നരുടെ രാജ്യമായാണ് 75 വർഷം കൊണ്ട് ഇന്ത്യ വികസിച്ചത്.
ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാനും ആരാധന നടത്താനുമുള്ള ജനതയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടുകൾ ഭരണാധികാരികൾ തന്നെ സ്വീകരിച്ചു വരുന്നു എന്നുള്ളതാണ് വർത്തമാനകാല ഇന്ത്യയുടെ പ്രത്യേകത. ആർഎസ്എസിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2025 ആകുമ്പോഴേക്കും ഇന്ത്യയെ ഒരു സമ്പൂർണ മതരാഷ്ട്രമാക്കാനുള്ള നടപടികൾ അരങ്ങത്തും അണിയറയിലും ഒരുങ്ങിക്കൊണ്ടിരിക്കുന്നു.
ഇതിൽ നിന്ന് വ്യത്യസ്തമായി കേരളം ഇന്ത്യക്കും ലോകത്തിനും മുന്നിൽ തലയുയർത്തി നിൽക്കുന്നു. നവകേരളത്തിന്റെ ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് വികസനത്തിന്റെയും ക്ഷേമത്തിന്റെയും ബദൽനയങ്ങൾ നടപ്പാക്കുന്നു. രാജ്യത്താകെ അരക്ഷിതാവസ്ഥയുടെയും ആൾക്കൂട്ട കൊലപാതങ്ങളുടെയും വാർത്തകൾ വർധിച്ചുവരുമ്പോൾ സാമൂഹ്യ ഐക്യത്തിന്റെയും മതനിരപേക്ഷതയുടേയും സൗന്ദര്യം ചൊരിഞ്ഞാണ് മലയാളക്കര നിലകൊള്ളുന്നത്.
സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി വളർത്തിയെടുക്കുന്നതിൽ നവോത്ഥാന, സാമൂഹ്യ പരിഷ്കരണ, പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ട്.
ഇന്ത്യയുടെയാകെ ശ്രദ്ധയാകർഷിച്ച വൈക്കം സത്യഗ്രഹം അതിൽ ഒന്നാണ്. ആ സമരത്തിന്റെ 100-ാം വാർഷികം ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആഘോഷിച്ചുവരികയാണ്. ഇത്തരം സാമൂഹ്യമുന്നേറ്റങ്ങളുടെ കൂടി ഭാഗമായാണ് ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാർ 1957ൽ അധികാരത്തിൽ വന്നത്. കേരളത്തിന്റെ സാമൂഹ്യപരമായ എല്ലാ മുന്നേറ്റങ്ങൾക്കും അടിത്തറയിട്ടത് ആ സർക്കാരായിരുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗമടക്കം പിന്നാക്ക ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നൽകാനാണ് ഇപ്പോൾ കേരള സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
രണ്ടര ലക്ഷത്തിനുമേൽ വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് നിഷേധിച്ചപ്പോൾ എല്ലാ പട്ടികജാതി വിദ്യാർത്ഥികൾക്കും വരുമാന പരിധിയില്ലാതെ സ്കോളർഷിപ്പ് നൽകാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലുള്ള പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്രം നിർത്തലാക്കിയപ്പോൾ ഇവർക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതി സംസ്ഥാനം ആരംഭിച്ചു. പിന്നാക്ക വിഭാഗക്കാരുടെ പോസ്റ്റ്മെട്രിക്ക് സ്കോളർഷിപ്പിന്റെ വിഹിതം കേന്ദ്രസർക്കാർ 40 ശതമാനം വെട്ടിക്കുറച്ചപ്പോൾ തുക പൂർണമായും നൽകുന്നതിന് കേരളം നടപടി സ്വീകരിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കൂ: അംബേദ്ക്കറും അയ്യന്‍കാളിയും തിരിച്ചെത്തണം
രാജ്യത്താകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുപോലും പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുമ്പോൾ കേരളത്തിൽ കൊഴിഞ്ഞുപോകുന്നവരെ കണ്ടെത്തി വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് ആവശ്യമായ ഫിനിഷിങ് സ്കൂളുകളും ആരംഭിച്ചു. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ എന്നിവ പുതുതായി നിർമ്മിക്കാനും നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അഭ്യസ്തവിദ്യരെ സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിശീലനത്തിനും നൈപുണ്യവികസനത്തിനും പ്രവൃത്തിപരിചയത്തിനുമായി ഓണറേറിയം നൽകി വിവിധ വകുപ്പുകൾക്ക് കീഴിൽ രണ്ടുവർഷത്തേക്ക് നിയമിക്കുന്ന ട്രേസ് പദ്ധതി ഈ സർക്കാർ നടപ്പിലാക്കി. 500 പട്ടികവർഗക്കാരെ പ്രത്യേക നിയമന നടപടിയിലൂടെ ഫോറസ്റ്റ് ഓഫിസർമാരായും 300 പട്ടികജാതിക്കാരും 200 പട്ടികവർഗക്കാരും ഉൾപ്പെടെ 500 പേരെ അക്രഡിറ്റഡ് എന്‍ജിനീയർമാരായും നിയമിച്ചതും അഭിഭാഷകരായ യുവതീ യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യം നൽകാൻ ലക്ഷ്യമിട്ട് ജ്വാല പദ്ധതി നടപ്പിലാക്കിയതും ഈ സർക്കാരാണ്. പട്ടികജാതി-പട്ടികവർഗ യുവതീയുവാക്കളെ തൊഴിൽ സംരംഭകരായി വളർത്തിയെടുക്കാനുള്ള കേരള എംപവർമെന്റ് സൊസൈറ്റി ബഹുമാന്യയായ രാഷ്ട്രപതിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
നവ ഉദാരവൽക്കരണ നിലപാടുകൾക്ക് ബദൽ എന്തെന്ന് അന്വേഷിക്കുന്നവർക്കുള്ള ഉത്തരമാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ പ്രവർത്തനങ്ങൾ. അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ഒരു ജനതയുടെ മോചനത്തിനുവേണ്ടി ഒരു പുരുഷായുസ് മുഴുവൻ പോരാടിയ ഡോ. ബി ആർ അംബേദ്കറുടെ ജ്വലിക്കുന്ന സ്മരണകളോട് നീതിപുലർത്തുന്നവയാണ് സര്‍ക്കാരിന്റെ പ്രവർത്തനങ്ങൾ. ഒരു രാജ്യത്തെ ജനതയുടെ മനസ് നിർഭയവും ശിരസ് ഉന്നതവുമായി നിലനിൽക്കേണ്ടത് നാടിന്റെ നിലനില്പിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഭരണഘടന അട്ടിമറിക്കുന്നത് ജനതയെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണ്. മരണം വരിക്കേണ്ടിവന്നാലും തന്റെ ജനതയെ ഒറ്റിക്കൊടുക്കാൻ തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച അംബേദ്കറുടെ സ്മരണകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണഘടന, ജനാധിപത്യം, മതനിരപേക്ഷത, സ്വാതന്ത്ര്യം സാമൂഹ്യനീതി, സമത്വം എന്നിവ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങളിൽ കണ്ണി ചേരുക എന്നതാണ് സമകാലത്തെ ഏറ്റവും പ്രസക്തമായ ഉത്തരവാദിത്തം.