Site iconSite icon Janayugom Online

ജോയിന്റ് ആർടിഒ കൈക്കൂലി വാങ്ങിയത് ഭാര്യയുടെയും ഡ്രൈവറുടെയും അക്കൗണ്ട് വഴി; മൂവര്‍ക്കെതിരെയും വിജിലൻസ് കേസ്

ഭാര്യയുടെയും ഡ്രൈവറുടെയും അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയതിന് ജോയിന്റ് ആര്‍ടിഒയ്ക്കെതിരെ വിജിലൻസ് കേസെടുത്തു. നെയ്യാറ്റിൻകര സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ജോയിന്റ് ആർടിഒ ജറാഡിനെതിരെയാണ് കേസ്. വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ നല്‍കുന്നതിനായി ഏജന്റുമാർ വഴി വാങ്ങിയ തുകയാണ് ജറാഡ് ഭാര്യയു പ്രിയയുടെയും ഡ്രൈവര്‍ ദിവിൻ ഗ്ലീറ്റസിന്റെയും അക്കൗണ്ടിലെത്തിയത്. രഹസ്യവിവരം ലഭിച്ച വിജിലൻസ് ഡിസംബറില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. 

അന്ന് ദിവിന്റെ കൈയില്‍ നിന്ന് 3500 രൂപ പിടിച്ചെടുത്തിരുന്നു. തുടർ പരിശോധനയിൽ നിരവധി എജന്റുമാരിൽ നിന്നും ജോയിന്റ് ജറാഡിന് വേണ്ടി ദിവിൻ ഗ്ലീറ്റസ് നേരിട്ടും, ഗൂഗിൾ‑പേ വഴിയും കൈക്കൂലി കൈപ്പറ്റിയിരുന്നതായും ജറാഡിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏജന്റുമാർ പണം അയച്ചതായും കണ്ടെത്തി. 2024 മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നെയ്യാറ്റിൻകര സബ് ആർടി ഓഫീസ് പരിധിയിൽ വരുന്ന വിവിധ ഡ്രൈവിംഗ് സ്കൂൾ ഉടമകളും ഏജന്റുമാരും ദിവിൻ ഗ്ലീറ്റസിന്റെ അക്കൗണ്ടിലേക്ക് 2.68 ലക്ഷം രൂപയും ഭാര്യയുടെ അക്കൗണ്ടിലേക്ക് 96,500രൂപയും അയച്ചതായി കണ്ടെത്തി. 

ജറാഡിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ദിവിൻ ഗ്ലീറ്റസ് 18,510 രൂപ അയച്ചെന്നും വിജിലൻസ് കണ്ടെത്തി. നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ജറാഡ്, പ്രിയ, ദിവിൻ ഗ്ലീറ്റസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഡ്രൈവിംഗ് സ്കൂൾ ഉടമകളായ ഉദയകുമാർ, രാജേഷ് കുമാർ, ഏജന്റുമാരായ ശ്രീകുമാർ, അനീഷ്, വിനു എന്നിവർക്കെതിരെയും വിജിലൻസ് കേസെടുത്തിട്ടുണ്ട്.

Exit mobile version