Site iconSite icon Janayugom Online

ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത സംഭവം: കോണ്‍ഗ്രസ് പ്രവര്‍ത്തകൻ അറസ്റ്റില്‍

ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ അറസ്റ്റില്‍. വൈറ്റിലയിലെ ഐഎൻടിയുസി കൺവീനർ പി ജി ജോസഫാണ് (45) അറസ്റ്റിലായത്. സംഭവത്തില്‍ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ പ്രതികളാണ്. മറ്റു പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ നിസാമുദീൻ പറഞ്ഞു.

കൊച്ചി നഗരസഭ 52-ാംഡിവിഷനിലെ കോൺഗ്രസ് കൗൺസിലർ സോണിയുടെ ഭർത്താവാണ് പി ജി ജോസഫ്. അറസ്റ്റിലായ ജോസഫ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി. പൊതുഗതാഗതം സ്തംഭിപ്പിച്ച് ദേശീയപാത ഉപരോധിച്ച സംഭവത്തിൽ 50 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ എംഎൽഎമാരായ വി പി സജീന്ദ്രൻ, ഡൊമിനിക് പ്രസന്റേഷൻ എന്നിവരും പ്രതികളാണ്.

ജോജുവിന്റെ കാർ അടിച്ചുപൊട്ടിക്കുമ്പോൾ ചില്ല് തെറച്ച് വീണ് ജോസഫിനും പരിക്കേറ്റിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. സ്വകാര്യസ്വത്ത് നശിപ്പിക്കലിനെതിരെ എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ ഭരണത്തില്‍ കൊണ്ടുവന്ന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.

വാഹനം തകര്‍ത്ത എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞു. കോൺഗ്രസ് ആക്രമണത്തിൽ ജോജു ജോർജിന്റെ വാഹനത്തിന് ആറുലക്ഷം രൂപയുടെ നാശമുണ്ടായെന്നാണ് പരാതി. നഷ്ടത്തിനുതുല്യമായ തുക പരിഹാരമായി നൽകേണ്ടിയും വരും. ജാമ്യവ്യവസ്ഥയും കർശനമാണ്. നേതാക്കളില്‍ പലരും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.

വൈറ്റില ജങ്ഷനിൽ അനധികൃതമായി ദേശീയപാത ഉപരോധിച്ച് മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയതിന് 15 കോൺഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ മരട് പൊലീസ് കേസെടുത്തു. സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ട്. ഉപരോധത്തിന്റെ വീഡിയോ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

eng­lish summaRY:Jojo George’s car smashed: Con­gress activist arrested

you may also like this video

Exit mobile version