Site iconSite icon Janayugom Online

ജോഷിമഠ്: ഐഎസ്‌ആര്‍ഒ റിപ്പോര്‍ട്ട് മുക്കി

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന് മുന്നറിയിപ്പ് നല്‍കിയ റിപ്പോര്‍ട്ട് ഐഎസ്‌ആര്‍ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍നിന്നു നീക്കിയതെന്നാണ് വിശദീകരണം. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തിയെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നീക്കിയതെന്നാണ് സൂചന. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരും അതൃപ്തി അറിയിച്ചിരുന്നു.

ഇന്നലെ രാവിലെ തന്നെ ജോഷിമഠിനെ കുറിച്ചുള്ള ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. റിപ്പോര്‍ട്ടിലേക്കുള്ള പിഡിഎഫ് ലിങ്കും നിശ്ചലമായി. ജോഷിമഠിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടായിരുന്നു കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. ഉപഗ്രഹ ചിത്രങ്ങളടക്കം തെളിവുകളും ഉണ്ടായിരുന്നു.
2022 ഡിസംബര്‍ 27നും ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ ജോഷിമഠ് 5.4 സെന്റിമീറ്റര്‍ താഴ്ന്നതായാണ് ഐഎസ്‌ആര്‍ഒയുടെ റിപ്പോര്‍ട്ട്. ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും മുന്നറിയിപ്പുണ്ടായിരുന്നു.
പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. 

സ്ഥാപനങ്ങള്‍ക്കും വിലക്ക്

ന്യൂഡല്‍ഹി: ജോഷിമഠിലെ ഭൂമി ഇടിയുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഭൗമശാസ്ത്ര വിദഗ്ധരും മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും സമൂഹമാധ്യമങ്ങളില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതും വിലക്കി ദേശീയ ദുരന്ത നിവാരണ അതോറിറ്റി.
വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി റൂര്‍ക്കി, സിബിആര്‍ഐ, ജിഐഎസ് കൊല്‍ക്കത്ത, എന്‍ഐഡിഎം ന്യൂഡല്‍ഹി, ഐഐആര്‍എസ് ഡെറാഡൂണ്‍, എന്‍ജിആര്‍ഐ ഹൈദരാബാദ്, ഐഎസ്‌ആര്‍ഒ എന്നീ സ്ഥാപനങ്ങള്‍ക്കാണ് വിലക്ക്. ജോഷിമഠിലെ സാഹചര്യം വിലയിരുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരും വരെ ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തരുതെന്നും അതോറിട്ടി കത്തില്‍ ആവശ്യപ്പെടുന്നു. 

ഭീതി തുടരുന്നു; കൂടുതല്‍ വിള്ളലുകള്‍

ഡെറാഡൂണ്‍: ജോഷിമഠിലെ ഭൗമപ്രതിഭാസത്തില്‍ ഭീതി തുടരുന്നു. മഴയും മഞ്ഞുവീഴ്ചയും ഹിമപാത മുന്നറിയിപ്പും സാഹചര്യം കൂടുതല്‍ ഗുരുതരമാക്കുന്നു. ഇന്നലെ മേഖലയില്‍ രണ്ട് ചെറു ഭൂചലനങ്ങളും അനുഭവപ്പെട്ടു.
സെലാങ്ങിലും സിങ്ധറിലും ഇന്നലെനിരവധി വീടുകളില്‍ പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. മനോഹർ ബാഗിലെ ചില ഹോട്ടലുകളിലും വലിയ വിള്ളലുകള്‍ ഉണ്ടായി. ആശങ്കയെ തുടർന്ന് കേടുപാടുകൾ സംഭവിക്കാത്ത വീടുകളിൽ നിന്നു പോലും ആളുകൾ പലായനം ചെയ്യുകയാണ്. പ്രശ്ന ബാധിതർക്കുള്ള ഇടക്കാല നഷ്ടപരിഹാരവും ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. പുനരധിവാസത്തിനായി 45 കോടി മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. അതേസമയം, എൻടിപിസിക്കെതിരായ പ്രതിഷേധം നാട്ടുകാർ ശക്തമാക്കി. 

Eng­lish Sum­ma­ry: Joshi­math: ISRO report hided

You may also like this video

Exit mobile version