Site iconSite icon Janayugom Online

ജോഷിമഠ്: സ്ഥിതി ഗുരുതരം: ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ജോഷിമഠിലെ സാഹചര്യം കൂടുതല്‍ വഷളാകുന്നു. പ്രദേശത്ത് രണ്ട് ഹോട്ടലുകള്‍ കൂടി അപകടകരമാം വിധം പരസ്പരം ചാഞ്ഞുകൊണ്ടിരിക്കുകയാണ്. അപകടമുണ്ടാക്കുന്ന രീതിയില്‍ വിള്ളലുകളും ചെരിവും കണ്ടത്തിയ മലാരി ഇന്‍, മൗണ്ട് വ്യൂ ഹോട്ടലുകള്‍ പൊളിക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇവിടെനിന്നും നൂറ് മീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന സ്നോ ക്രെസ്റ്റ്, കോമെറ്റ് എന്നീ ഹോട്ടലുകളിലാണ് പുതിയതായി വിള്ളലുകളും ചെരിവും കണ്ടെത്തിയത്. അതിനിടെ ഔലി റോപ്‌വേക്കു സമീപവും വലിയ വിള്ളലുകള്‍ കണ്ടെത്തി. 

ഓരോ ദിവസം ചെല്ലുംതോറും ജോഷിമഠില്‍ വിള്ളലുണ്ടാകുന്ന കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. മാര്‍വാരിയിലെ ജെപി കോളനിയില്‍ ഭൂഗർഭ തുരങ്കം പൊട്ടിയതായി സംശയിക്കുന്നുണ്ട്. വെള്ളത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് താല്‍ക്കാലികമായി കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. ഈ മാസം രണ്ടുമുതല്‍ അതിൽ നിന്ന് ചെളി നിറഞ്ഞ വെള്ളം നിരന്തരം പുറത്തേക്ക് ഒഴുകുകയാണ്. എന്നാല്‍ അതിന്റെ ഉത്ഭവത്തെക്കുറിച്ച് വിദഗ്ധർക്ക് ഉറപ്പില്ല. അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് മിനിറ്റില്‍ 190 ലിറ്ററായിരുന്നത് 240 ആയി ഉയര്‍ന്നിരിക്കുകയാണ്. ഈ മാസം 13നാണ് ഒഴുക്ക് 550 എല്‍പിഎമ്മില്‍ നിന്ന് 190 ആയി കുറഞ്ഞത്.
ഹോട്ടല്‍ സ്നോ ക്രെസ്റ്റും കോമെറ്റും നേരത്തെ നാല് അടി അകലത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ ഇരുഹോട്ടലുകളുടെയും മേല്‍ക്കൂരകള്‍ തമ്മില്‍ സ്പര്‍ശിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണെന്ന് സ്നോ ക്രെസ്റ്റ് ഉടമയുടെ മകള്‍ പൂജ പ്രജാപതി പറഞ്ഞു. 

ജോഷിമഠിലെ ഭൂമി 12 ദിവസത്തിനുള്ളില്‍ 5.4 സെന്റിമീറ്റര്‍ താഴ്ന്നതായി ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം ഇത് പിന്‍വലിക്കുകയായിരുന്നു. ജോഷിമഠുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങള്‍ക്കും മറ്റും നല്‍കരുതെന്ന് ദുരന്തനിവരണ സേനയും ഉത്തരാഖണ്ഡ് സര്‍ക്കാരും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.
അതേസമയം ജോഷിമഠുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ശങ്കരാചാര്യ മഠത്തിലെ മഠാധിപതി സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹിമാചലിലും ഭൂമി ഇടിഞ്ഞുതാഴ്ന്നു

ജോഷിമഠിനു പിന്നാലെ ഹിമാചല്‍പ്രദേശിലും ഭൂമി ഇടിഞ്ഞുതാഴ്ന്നു. മണ്ഡി ജില്ലയിലെ സെരാജ് താഴ്‌വരയിലുള്ള നഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് ജോഷിമഠിലേതിന് സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. വീടുകളില്‍ വിള്ളലുകള്‍ വീഴുന്നത് താഴ്‌വരയിലെ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
2018–19ല്‍ കിരാത്പൂര്‍-മണാലി ദേശീയപാതയില്‍ നാലുവരിപാതയുടെ നിര്‍മ്മാണം ആരംഭിക്കുന്നതുവരെ കാര്യങ്ങള്‍ സാധാരണനിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 2020 മുതൽ വിള്ളലുകൾ വികസിക്കാന്‍ തുടങ്ങി. 2024ല്‍ ആണ് നാലുവരിപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുക. മൂന്ന് ഗ്രാമങ്ങളിലായി 32 വീടുകളും മൂന്ന് ക്ഷേത്രങ്ങളുമാണ് ഇപ്പോള്‍ അപകടാവസ്ഥയിലുള്ളത്. 

Eng­lish Sum­ma­ry: Joshi­math: The sit­u­a­tion is crit­i­cal: The Supreme Court will hear the peti­tion today

You may also like this video

Exit mobile version