ഓള്‍ ഇന്ത്യാ റേഡിയോയും ദൂരദര്‍ശനും കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി മാധ്യമ സംഘടനകള്‍. നാഷണല്‍ അലൈന്‍സ് ഓഫ് ജേണലിസ്റ്റ്സ് (എന്‍എജെ), ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റസ് (ഡിയുജെ) എന്നിവയാണ് നടപടിക്കെതിരെ രംഗത്തെത്തിയത്. പൊതു വാര്‍ത്താ സംവിധാനമായ പ്രസാര്‍ ഭാരതിയെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്തതില്‍ സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര ഉടമസ്ഥതയിലുള്ള ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയ്ക്ക് വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള കരാര്‍ ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ സമാചാറിന് നല്‍കിയിരുന്നു.
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ), യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ (യുഎന്‍ഐ) എന്നിവയെ ഒഴിവാക്കിയാണ് അറിയപ്പെടാത്ത ഹിന്ദുസ്ഥാന്‍ സമാചാറിന് കേന്ദ്രം കരാര്‍ നല്‍കിയത്. ഈ നീക്കം, ഭരിക്കുന്ന പാർട്ടിക്ക് അനുയോജ്യമായ രീതിയിൽ വാർത്തകളെ കാവിവൽക്കരിക്കുകയും നിഷ്പക്ഷവും സ്വതന്ത്രവുമായ പത്രപ്രവർത്തനത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്ന് സംയുക്ത പ്രസ്താവനയില്‍ എന്‍എജെയും ഡിയുജെയും വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള പിടിഐയുടെയും യുഎന്‍ഐയുടേയും വലിയൊരു കൂട്ടം റിപ്പോര്‍ട്ടര്‍മാരുടെ പിന്തുണയോടെ ദൂരദർശനും ആകാശവാണിക്കും എല്ലാ സംസ്ഥാനങ്ങളിലും അവരുടേതായ ലേഖകര്‍ ഉണ്ടായിരുന്നു.
എന്നാല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഈ വാര്‍ത്താ ഏജന്‍സികള്‍ക്ക് നിബന്ധനകള്‍ നല്‍കാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ ഘട്ടം ഘട്ടമായി മാറി. പിടിഐ വരിസംഖ്യാ കരാര്‍ പ്രസാര്‍ ഭാരതി അവസാനിപ്പിച്ചു. യുഎന്‍ഐ മനഃപൂര്‍വം അവഗണിക്കപ്പെടുകയും ചെയ്തു. ഇതോടെ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി താറുമാറായി. നിരവധി മാധ്യമപ്രവർത്തകർക്ക് ജോലി നഷ്‌ടപ്പെട്ടുവെന്നും എന്‍എജെയും ഡിയുജെയും ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ നീക്കം മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് വെല്ലുവിളിയാണെന്ന് എന്‍എജെ പ്രസിഡന്റ് എസ് കെ പാണ്ഡെ, സെക്രട്ടറി ജനറല്‍ എന്‍ കൊണ്ടയ്യ, ഡിയുജെ ജനറല്‍ സെക്രട്ടറി സുജാത മധോക് എന്നിവര്‍ പറഞ്ഞു. ആർഎസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്തിന്റെ സഹസ്ഥാപകനും ജനറല്‍ സെക്രട്ടറിയുമായിരുന്ന ശിവറാം ശങ്കർ ആപ്‌തേയും ആർഎസ്എസ് സൈദ്ധാന്തികനായ എം എസ് ഗോൾവാൾക്കറും ചേര്‍ന്നാണ് ബഹുഭാഷാ വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാന്‍ സമാചാര്‍ സ്ഥാപിച്ചത്.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍, സർക്കാർ പരസ്യങ്ങളുടെ സ്ഥിരം ഗുണഭോക്താവാണ് ഹിന്ദുസ്ഥാൻ സമാചാർ. നേരത്തെ ഇവര്‍ നിലയില്ലാക്കയത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ആര്‍എസ്എസ് അനുകൂല സംഘടനയ്ക്ക് വാർത്താ വിതരണക്കാരന്റെ ചുമതല നൽകാനുള്ള നീക്കം ഇന്ത്യൻ സമൂഹത്തെയും രാഷ്ട്രീയത്തെയും കൂടുതൽ കാവിവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും ധ്രുവീകരിക്കുകയും ചെയ്യും. ഭരണപക്ഷത്തെ എതിർക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഇത് വലിയ അപകടമാണെന്നും മാധ്യമ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
English Summary: Journalist Bodies Warn Against ‘Saffronisation’ of Doordarshan and AIR
You may also like this video