Site iconSite icon Janayugom Online

ജഡ്ജിയുടെ പാകിസ്ഥാന്‍ പരാമര്‍ശം; വിശദീകരണം തേടി സുപ്രീം കോടതി

വിവാദ പരാമര്‍ശം നടത്തിയ കര്‍ണാടക ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി. ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് വേദവ്യാസചര്‍ ശ്രീശാനന്ദയുടെ വിവാദ പരാമര്‍ശത്തില്‍ കര്‍ണാടക ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടു. ഭൂവിഷയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ശ്രീശാനന്ദയുടെ വിവാദ പരാമര്‍ശം. ‘മൈസൂരു റോഡിലെ മേല്‍പ്പാലത്തില്‍ പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ എത്തുക ഇന്ത്യയില്‍ അല്ല പാക്കിസ്ഥാനിലാണ്. അവിടെ നിയമം ബാധകമല്ല എന്നതാണ് യാഥാര്‍ഥ്യം’- ഇതായിരുന്നു വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ശ്രീശാനന്ദയുടെ പരാമര്‍ശം.

ഇതിന് പുറമേ വനിതാ അഭിഭാഷകയ്ക്കെതിരെ ജഡ്ജി നടത്തിയ പരാമര്‍ശവും വിവാദമായി. ‘എതിര്‍കക്ഷിയെ കുറിച്ച് എല്ലാം അറിയാമെന്ന് തോന്നുന്നല്ലോ. അടിവസ്ത്രത്തിന്റെ നിറം പോലും വെളിപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നു’.- ഇങ്ങനെയാണ് വനിതാ അഭിഭാഷകയോട് ഒരു വാദത്തിനിടെ ജഡ്ജി പറഞ്ഞത്. രണ്ട് പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹൈക്കോടതി ജഡ്ജിക്കെതിരെ മുതിര്‍ന്ന അഭിഭാഷകര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. പിന്നാലെയാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. 

ജഡ്ജിമാര്‍ക്ക് അവരുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. കോടതികളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മര്യാദയ്ക്ക് അനുയോജ്യമായിരിക്കണം ജഡ്ജിമാരുടെ പരാമര്‍ശങ്ങളെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആര്‍ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സുപ്രീം കോടതി സെക്രട്ടറി ജനറലിനു നല്‍കണം. വിഷയം വീണ്ടും ബുധനാഴ്ച പരിഗണിക്കും. 

Exit mobile version