മാഹി വഴി കടന്നുപോവുന്നതിനിടയിൽ വന്ദേ ഭാരത് എക്സ്പ്രസിന് മുന്നിലേക്ക് പ്ലാറ്റ് ഫോമിലെ പ്ലാസ്റ്റിക് ചവറ്റുകൊട്ട ചവിട്ടിയിട്ട യുവാവ് അറസ്റ്റിൽ. കുറ്റ്യാടി പാലേരിയിലെ കരിമ്പാല ക്കണ്ടി വീട്ടിൽ നദീർ (39) നെയാണ് തലശ്ശേരി റയിൽവേ പൊലീസ് എസ് ഐ കെ വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തലശേരി എസിജെഎം കോടതി പ്രതിയെ റിമാന്റ് ചെയ്ത് ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മാഹി സ്റ്റേഷനിലായിരുന്നു സംഭവം. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ മാഹി സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ മദ്യ ലഹരിയിലായിരുന്ന പ്രതി വണ്ടി തടയണമെന്ന തോന്നലിൽ പ്ലാറ്റ്ഫോമിലുണ്ടായ വലിയ ചവറ്റുകൊട്ട ട്രെയിനിന്ന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു.
എന്നാൽ ലക്ഷ്യം പിഴച്ചതിനാൽ തീവണ്ടി അപകടം കൂടാതെ കടന്നുപോയി. മാഹി സ്റ്റേഷൻ മാസ്റ്ററിൽ നിന്നും കുറ്റവാളിയുടെയും കുറ്റകൃത്യത്തിന്റെയും സന്ദേശം ലഭിച്ച ഉടനെ എസ് ഐ മനോജ് കുമാറും സഹപ്രവർത്തകരും മാഹി റെയിൽവെ സ്റ്റേഷനിലെത്തി പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം തുടങ്ങി. സ്ഥലത്തെ പോയിന്റ്സ് മാനിൽ നിന്നും ലഭിച്ച സൂചനയും ഫോട്ടോകളും ഉപയോഗപ്പെടുത്തി നടത്തിയ തിരച്ചലിലാണ് നാദിറിനെ പിടികൂടാനായത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. എസ്ഐ മനോജ് കുമാറിനൊപ്പം ആർപിഎഫിലെ സിടികെ പവിത്രൻ, ശ്രീരഞ്ച്, ബഷീർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.