കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ. തൃശൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഡോ. ഷെറി ഐസക് ആണ് വിജിലൻസ് പിടിയിലായത്. ഇയാളുടെ അത്താണിയിലെ വീട്ടില്‍ നിന്നും 15 ലക്ഷത്തോളം രൂപ പിടികൂടി. അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കാണ് ഇയാള്‍ 3000 രൂപ കൈക്കൂലി വാങ്ങിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടറെ പിടികൂടിയത്.
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ സര്‍ജറി നടത്തുന്നതിന് ഡോ. ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടെന്ന് വിജിലൻസ് ഓഫീസിൽ പരാതി ലഭിച്ചിരുന്നു. കൈക്കൂലി കൊടുക്കാത്തതിനാൽ പല പ്രാവശ്യം പരാതിക്കാരന്റെ ഭാര്യയുടെ സര്‍ജറി ഡോക്ടർ മാറ്റി വെയ്ക്കുകയുണ്ടായി. ഈ വിവരം പരാതിക്കാരൻ വിജിലൻസ് ഡിവൈഎസ്പി ജിം പോളിനെ അറിയിക്കുകയും വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് പരാതിക്കാരന് നല്‍കുകയും ചെയ്തു. ഇയാളില്‍ നിന്നും ഡോ. ഷെറി ഐസക് നോട്ട് സ്വീകരിക്കുന്ന സമയം സമീപത്തുമറഞ്ഞിരുന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
റോഡപകടത്തിൽ കൈക്കുണ്ടായ പൊട്ടലിന് ശസ്ത്രക്രിയക്കാണ് ജൂണ്‍ ഇരുപത്തിയാറാം തിയതി ഇവര്‍ മെഡിക്കൽ കോളജിൽ എത്തുന്നത്. എല്ല് രോഗ വിദഗ്ധനായ ഡോ. ഷെറി ഐസക്കിന്റെ ഓപ്പറേഷൻ ദിവസങ്ങളായ തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഓപ്പറേഷന് തയ്യാറായി ആഹാരം കഴിക്കാതെ രോഗിയോട് കാത്തിരിക്കാൻ ആവശ്യപ്പെടുകയും, എല്ലാ തവണയും വൈകുന്നേരമാകുമ്പോൾ അടുത്ത ദിവസം നടത്താമെന്നറിയുക്കുകയുമായിരുന്നു. ഇപ്രകാരം മൂന്ന് ദിവസം ഓപ്പറേഷനു കാത്തിരുന്നിട്ടും ഓപ്പറേഷൻ നടക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ കഴിഞ്ഞ ദിവസം റൗണ്ട്സിനായെത്തിയ ഡോക്ടർ ഷെറിയോട് പരിഭവം പറഞ്ഞു. അപ്പോഴാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഓട്ടുപാറയിലെ സ്വകാര്യ ആശുപത്രിയിൽ 3000 രൂപയുമായെത്താന്‍ ആവശ്യപ്പെട്ടത്. പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
തുടര്‍ന്നാണ് ഡോ. ഷെറിൻ ഐസക്കിന്റെ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനയില്‍ 15 ലക്ഷത്തോളം രൂപ കണ്ടെടുത്തു. 2000, 500, 200, 100 രൂപയുടെ നോട്ടുകളാണ് വീട്ടില്‍ നിന്നുംകണ്ടെത്തിയത്. പണം എണ്ണി തിട്ടപ്പെടുത്തുന്നതിന് വിജിലന്‍സ് സംഘം നോട്ടെണ്ണുന്ന മെഷിനും എത്തിച്ചിരുന്നു.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പി ജിം പോൾ, ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, ഗ്രേഡ് എസ്ഐമാരായ പി ഐ പീറ്റർ, ജയകുമാർ, എഎസ്ഐമാരായ ബൈജു, സിപിഒമാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണുണ്ടായിരുന്നത്.
English Summary: Just because he didn’t pay Dr. Sherry Isaacs postponed surgery several times
You may also like this video