Site iconSite icon Janayugom Online

നേരെ കൊണ്ടുപോയി കെട്ടിയാൽ മതി; ഊഞ്ഞാലും റെഡിമെയ്ഡ്

ഓണത്തിന്‍റെ വിളംബരമായി ​വീട്ടുമുറ്റത്തും മരക്കൊമ്പിലും കെട്ടിയിട്ട്​ ആടിത്തിമിർക്കുന്ന തടിപ്പലകയിൽ തീർത്ത ഊഞ്ഞാൽ റെഡി. വാങ്ങി നേരെ കൊണ്ടുപോയി കെട്ടിയാൽ മതി. ആലപ്പുഴ തോണ്ടൻകുളങ്ങര എം.സി ജോസഫ്​ ആൻഡ്​ സൺസ്​ ജനറൽ സ്​റ്റോഴ്​സ് കടയിലാണ്​ വേറിട്ട ഈകാഴ്ചയുള്ളത്​. കനംകൂടിയ പലകയിൽ പ്ലാസ്റ്റിക്​ കയർകോർത്ത്​ സജ്ജമാക്കിയ തടി ഊഞ്ഞാലുകളാണ് ​വിൽപനക്കുള്ളത്​. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്കുവരെ ആടാൻകഴിയുന്ന ബലം ഉറപ്പാക്കിയാണ്​ വിൽപന. 80 കിലോ മുതൽ 120 കിലോവരെ താങ്ങാൻ കഴിയുന്നവിധത്തിലാണ്​ നിർമാണം.

360 രൂപ മുതൽ 1400 രൂപവയൊണ്​ വില. മൂന്നുപേർക്ക് ഒരേസമയം ഇരുന്ന്​​ ആടാവുന്ന നാലടി നീളത്തിലുള്ള പലകയിൽ തീർത്തതാണ്​ ഏറ്റവും പുതുമയുള്ളത്​. വീടുകളിലെ മരത്തിലും ഫ്ലാറ്റുകളിലടക്കം താമസിക്കുന്നവർക്ക്​ സിറ്റൗട്ടിലും കെട്ടാവുന്ന പാകത്തിലാണ്​ ഓരോന്നിന്‍റെയും നിർമാണം. ഉപഭോക്താവിന്‍റെ ആവശ്യമനുസരിച്ച്​ കയറിന്‍റെ നീളവും കൂട്ടികൊടുക്കും. ഇതിനായി 365 ദിവസവും പ്രവർത്തിക്കുന്ന യൂനിറ്റും പ്രവർത്തിക്കുന്നുണ്ട്​. ഫർണീച്ചറിന്​ ഉപയോഗിക്കുന്ന അക്കേഷ്യതടിയാണ്​ കൂടുതലായും ഉപയോഗിക്കുന്നത്​. മൂന്നുപേർക്ക്​ ഒരേസമയം ഇരുന്ന്​ ആടാവുന്ന ഊഞ്ഞാലിന്​ പ്ലാവ്​ തടിയിലാണ്​ തീർത്തിരിക്കുന്നത്​. കട്ടികൂടിയ തടിയും വലിപ്പമുള്ള കയറുമാണ്​ ഇതിന്​ ഉപയോഗിക്കുന്നത്​.

ഓണത്തിന്‍റെ കച്ചവടം മൂന്നാഴ്ച മുതൽതുടങ്ങിയിട്ടുണ്ട്​. ദിവസവും ചുരുക്കിയത്​ 10 എണ്ണമെങ്കിലും വിറ്റുപോകുന്നുണ്ട്​. വിദ്യാർഥികളുടെ പരീക്ഷകഴിഞ്ഞാൽ കൂടുതൽ ഊഞ്ഞാലുകൾ വിറ്റഴിക്കും. ഓണസീസണിൽ മാത്രം 200ലധികം ഊഞ്ഞാലുകൾ വിൽക്കാറുണ്ട്​. പലകയുടെ കനവും കയറിന്‍റെ നീളവും അനുസരിച്ചാണ്​ വിലവ്യത്യാസം. പ്ലാവി​ന്‍റെയും അ​ക്കേഷ്യയുടെയും പലകചെത്തിമിനുക്കാനും ഏറെസമയം വേണ്ടിവരും. ഉപയോഗിച്ചശേഷം മാറ്റിവെച്ചാൽ ആറുവർഷം വരെ തുടർച്ചയായി ഉപയോഗിക്കാമെന്ന ഗ്യാരണ്ടിയും നൽകുന്നുണ്ട്​. പ്രവാസികളായ മലയാളികളും ഇഷ്ടംതോന്നിയ ജർമനി, ഫ്രാൻസ്​, ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലെ വിദേശികളും ഊഞ്ഞാൽ തേടിയെത്തിട്ടുണ്ട്​. 78 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 10വർഷം മുമ്പാണ്​ ഊഞ്ഞാൽ കച്ചവടം തുടങ്ങിയത്​. വഴിയോരത്ത്​ കെട്ടിയിട്ടിരിക്കുന്ന ഊഞ്ഞാൽ കണ്ടാണ്​ പലരും വാങ്ങാനെത്തുന്നതെന്ന്​ കടയുടമയും ആലപ്പുഴ കോമളപുരം പുത്തൻ ​തൈയ്യിൽവീട്ടിൽ ജോമോൻ പറഞ്ഞു.

Exit mobile version