Site iconSite icon Janayugom Online

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ 11.30ഓടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമെത്തിയാണ് വരണാധികാരി, സെക്രട്ടറി ജനറല്‍ പി സി മോഡി മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് ജസ്റ്റിസ് റെഡ്ഡി സമര്‍പ്പിച്ചത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ നിഷ്പക്ഷതയോടും അന്തസ്സോടും ഉറച്ച പ്രതിബദ്ധതയോടും കൂടി തന്റെ കടമ നിര്‍വഹിക്കുമെന്ന് പത്രിക സമര്‍പ്പിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ജസ്റ്റിസ് റെഡ്ഡി അറിയിച്ചു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് പിന്തുണ തേടി ജസ്റ്റിസ് റെഡ്ഡി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ഇരു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് കൂടുതൽ വാശിയേറിയതാവുകയാണ്.

Exit mobile version