ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്രാന്വേഷണവും തുടർ നടപടികളും ആവശ്യപ്പെട്ട് എ ഐ വൈ എഫ് മുഖ്യമന്ത്രിക്ക് പരാതി നൽകി. മലയാള സിനിമ മേഖലയിൽ ക്രിമിനൽവൽക്കരണവും മാഫിയ വൽക്കരണവും പിടി മുറുക്കിയിരിക്കുകയാണെന്നും അഭിനേതാക്കൾക്കും സംവിധായകാർക്കും ടെക്നീഷ്യൻസിനും എതിരെ വിലക്കുകൾ ഏർപ്പെടുത്തിയതിനെ കുറിച്ച് നേരത്തെ ഉയർന്ന പരാതികളും ചർച്ചകളും ശരി വെക്കുന്നതാണ് ഹേമ കമ്മീഷൻ റിപ്പോർട്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മലയാള സിനിമ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂക്ഷണം തടയുന്നതിനായി ഇന്റേണൽ കംപ്ലയൻസ് കമ്മറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സിനിമാ മേഖലയിലെ വേഗത്തിലും പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് തീർപ്പാക്കുന്നതിനും ഒരു സ്പെഷ്യൽ ട്രിബ്യൂണൽ സ്ഥാപിക്കുന്നതിനു ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.