ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിച്ചതായി കേന്ദ്ര സർക്കാർ. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിക്കും. പിന്നാലെ നവംബർ 11നു സുപ്രീം കോടതിയുടെ 51ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‍വാളാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത വർഷം മെയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറ് മാസമുണ്ടാകും. പിൻഗാമിയായി അടുത്ത ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പേര് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്ര സർക്കാരിന് നേരത്തെ ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയാണ് സഞ്ജീവ് ഖന്ന.
1960 മെയ് 14 ന് ജനിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന, 1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. ജില്ലാ കോടതി, തീസ് ഹസാരി കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ അഭിഭാ,കനായി പ്രാക്ടീസ് ചെയ്തു. 2005 ലാണ് ജസ്റ്റിസ് ഖന്നയെ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിച്ചത്. 2006 ൽ സ്ഥിരം ജഡ്ജിയായി. 2019 ജനുവരി 18 നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകിയത്.