കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സിപിഐ നേതായും മുൻ മന്ത്രിയുമായ അഡ്വ. കെ രാജുവാണ് ബോർഡിലെ മറ്റൊരു അംഗം. രണ്ടു പേരെയും മെമ്പർമാരായും കെ ജയകുമാറിനെ പ്രസിഡന്റായി നാമനിര്‍ദേശം ചെയ്തതിനെ അംഗീകരിച്ചു കൊണ്ടുമുള്ള ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. നവംബർ 14 മുതൽ രണ്ട് വർഷമാണ് ഇവരുടെ കാലാവധി.
പി എസ് പ്രശാന്ത്, അഡ്വ. എ അജികുമാർ എന്നിവരുടെ കാലാവധി 13 ന് അവസാനിക്കുന്നതിനെ തുടർന്നാണ് പുതിയ അംഗങ്ങളെ നിയമിച്ചത്. നിലവിൽ ഐഎംജി ഡയറക്ടറാണ് ജയകുമാർ. 2009 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രസിഡന്റ് ഇല്ലാതെ വന്നഘട്ടത്തിൽ ജയകുമാർ ദേവസ്വം കമ്മിഷണറും ആക്ടിങ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ ചെയർമാനും ശബരിമല സ്പെഷ്യൽ ഓഫീസറുമായിരുന്നു.

