അരനൂറ്റാണ്ടായി പൂട്ടിക്കിടക്കുന്ന വർഷങ്ങൾ പഴക്കമുള്ള ഒരു തറവാട്. വീട്ടുപറമ്പിൽ വർഷത്തിൽ ഒരിക്കൽ മാത്രം പൂജ നടക്കുന്ന പരദേവതാ ക്ഷേത്രം. സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന്, അകാലത്തിൽ യാത്രയായ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് വർഷത്തിൽ ഒരു തവണ ഈ വീട്ടിലെത്തുമായിരുന്നു.
കെ കെയുടെ മുത്തശ്ശിയുടെ തറവാടാണ് കോഴിക്കോട് നടുവണ്ണൂരിനടുത്തുള്ള കോട്ടൂരിലെ ഒക്കോട്ട് തറവാട്. കേരളത്തിന് പുറത്ത് ജനിച്ചു വളർന്ന കെകെയ്ക്ക് ഈ വീടുമായി കാര്യമായ ബന്ധമൊന്നും ഇല്ലായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് കെകെയ്ക്ക് ശബ്ദം നഷ്ടപ്പെട്ടു. പ്രണയത്തിന്റെ വശ്യത നിറഞ്ഞ ശബ്ദം ഇടറിയപ്പോൾ അദ്ദേഹത്തിന്റെ മനസും തകർന്നു. അക്കാലത്ത് തറവാട്ടു ക്ഷേത്രത്തിൽ എത്തി പൂജയും പ്രാര്‍ത്ഥനയും നടത്തി. അങ്ങിനെയാണ് കെകെ വർഷങ്ങൾക്ക് മുമ്പ് ഒക്കോട്ട് തറവാട്ടിലെത്തുന്നതെന്ന് കെകെയുടെ ബന്ധുവായ പ്രജിത്ത് ജയപാൽ പറഞ്ഞു. പിന്നീട് ചികിത്സയുടെ ഫലമായി കെകെയ്ക്ക് ശബ്ദം തിരിച്ചു കിട്ടുകയും അദ്ദേഹം ഗാനരംഗത്ത് സജീവമാകുകയും ചെയ്തപ്പോഴും കോട്ടൂരിലേക്കുള്ള വരവ് മുടക്കിയില്ല. ആരെയും അറിയിക്കാതെ പ്രാർത്ഥിച്ച് മടങ്ങാറായിരുന്നു പതിവ്. മൂന്നാഴ്ച മുമ്പും അദ്ദേഹം ഇവിടെയെത്തിയിരുന്നുവെന്ന് പ്രജിത്ത് പറഞ്ഞു. പ്രജിത്ത് ജയപാലിന്റെ അമ്മയുടെ സഹോദരിയുടെ കൈവശമാണ് ഇപ്പോള്‍ തറവാട്.
സി എസ് മേനോനും കുന്നത്ത് കനകവല്ലിയുമാണ് കെകെയുടെ മാതാപിതാക്കൾ. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിന് സമീപത്താണ് അച്ഛന്റെ വീട്. പൂങ്കുന്നം റയിൽവേ സ്റ്റേഷന് സമീപമാണ് അമ്മയുടെ വീട്. മലയാളി ആണെങ്കിലും കെകെ ജനിച്ച് വളർന്നതെല്ലാം ഡൽഹിയിലായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ നിരവധി ഭാഷകളിലായി എഴുന്നൂറിലധികം ഗാനങ്ങളാണ് കെകെ ആലപിച്ചത്.
‘പൽ’ എന്ന തന്റെ ആദ്യ ആൽബത്തിലൂടെ സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായ കെകെ ഗുൽസാറിന്റെ മാച്ചിസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. തുടർന്ന് പ്രണയവും വിരഹവും ആഘോഷവും നിറയുന്ന നിരവധി ഗാനങ്ങൾ.
ദേവദാസിലെ ഡോല രെ ഡോല, ഓം ശാന്തി ഓമിലെ ആംഖോം മേം തേരി, ബച്ച്നാ ഏ ഹസീനോയിലെ ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ ഇന്ത്യ വാലേ, ഗ്യാങ്സ്റ്ററിലെ തൂഹി മേരെ ഷബ് ഹെ, ഗൂണ്ടേയിലെ തൂനെ മാരി എൻട്രിയാൻ, ഹം ദിൽ ദേ ചുകേ സനത്തിലെ തടപ് തടവ്, ദിൽ ചാഹ്താ ഹെയിലെ കോയി കഹെ തുടങ്ങിയ പാട്ടുകളെല്ലാം ഹിറ്റുകളായി. മിൻസാര കനവിലെ സ്ട്രോബറി കണ്ണേ, ഗില്ലിയിലെ അപ്പടി പോട്, കാക്ക കാക്കയിലെ ഉയിരിൻ ഉയിരേ, കാതൽ ദേശത്തിലെ കല്ലൂരി ശാലെ, 7 ജി റെയിൻബോ കോളനിയിലെ നിനൈത്ത് നിനൈത്ത് പാർത്തേൻ, വസൂൽ രാജ എംബിബിഎസിലെ നമ്പർ ഒണ്ണ് സൊല്ല് തുടങ്ങിയ ഗാനങ്ങളിലൂടെ തമിഴ് സിനിമാ രംഗത്തും അദ്ദേഹം വെന്നിക്കൊടി നാട്ടി. മലയാളിയാണെങ്കിലും ഒരു മലയാള ചിത്രത്തിൽ മാത്രമാണ് കെ കെ പാടിയത്. പൃഥ്വിരാജ് ചിത്രമായ പുതിയ മുഖത്തിൽ ദീപക് ദേവ് സംഗീതം പകർന്ന ‘രഹസ്യമായ് രഹസ്യമായ് ഒരു രഹസ്യം ഞാൻ പറയാം’ എന്ന ഗാനം ശ്രദ്ധ നേടിയെങ്കിലും പല കാരണങ്ങളാൽ പിന്നീട് മലയാളത്തിൽ പാടിയില്ല.
മലയാളം സംസാരിക്കുമെങ്കിലും ചില വാക്കുകൾ തന്നെ പ്രയാസപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും കൂടുതൽ മലയാളം പാട്ടുകൾ പാടണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചിരുന്നു.
English Summary: K K at house in Kozhikkode
You may like this video also