Site iconSite icon Janayugom Online

കെ ഫോൺ: 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍

കെ ഫോൺ പദ്ധതിയിലൂടെ 14,000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടു.
ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷൻ നല്‍കുക. സ്ഥലം എംഎല്‍എ നിര്‍ദ്ദേശിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുൻഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ്. കെ ഫോൺ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തിരഞ്ഞെടുക്കാനാണ് തീരുമാനം.
മണ്ഡലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളിലെ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്ളതുമായ എല്ലാ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമാണ് ഏറ്റവും ആദ്യം പരിഗണന നല്‍കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട, സ്കൂള്‍ വിദ്യാര്‍ത്ഥികളുള്ള പട്ടികജാതി കുടുംബങ്ങളെ ഇതിന് ശേഷം പരിഗണിക്കും. കോളജ് വിദ്യാര്‍ത്ഥികളുള്ള പട്ടികവര്‍ഗ‑പട്ടികജാതി കുടുംബങ്ങള്‍ക്കാണ് പിന്നീടുള്ള പരിഗണന. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്ള, കുടുംബത്തിലെ കുറഞ്ഞത് ഒരാള്‍ക്കെങ്കിലും 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളതുമായ എല്ലാ കുടുംബങ്ങള്‍ക്കും ശേഷം പരിഗണന നല്‍കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടതും സ്കൂള്‍ വിദ്യാര്‍ത്ഥികളുള്ളതുമായ മറ്റെല്ലാ കുടുംബങ്ങളെയും ഇതിന് പിന്നാലെ പരിഗണിക്കും.
മുൻഗണനാക്രമത്തില്‍ ഈ അഞ്ച് വിഭാഗത്തിലെ ഏത് വിഭാഗത്തില്‍ വച്ച് 100 ഗുണഭോക്താക്കള്‍ തികയുന്നുവോ, ആ വിഭാഗത്തിലെ മുഴുവൻ ആളുകളെയും ഉള്‍ക്കൊള്ളിച്ച് കെ ഫോൺ ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുമെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. 

Eng­lish Sum­ma­ry: K Phone: Free inter­net con­nec­tion to 14,000 BPL households

You may also like this video

Exit mobile version