Site iconSite icon Janayugom Online

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ തുടങ്ങും; ആദ്യ അനുമതി മലപ്പുറത്തെന്ന് റവന്യൂ മന്ത്രി കെ രാജൻ

സംസ്ഥാനത്ത് മണൽ വാരൽ ഉടൻ പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. 32 നദികളിൽ സാൻഡ് ഓഡിറ്റിങ് നടത്തി. എട്ട് ജില്ലകളിൽ ഖനന സ്ഥലങ്ങൾ കണ്ടെത്തി. ആദ്യ അനുമതി മലപ്പുറത്തിനാണ്. കടലുണ്ടി ചാലിയാർ പുഴകളിൽ മാർച്ച് അവസാനത്തോടെ ഖനനം നടത്തുമെന്നും മന്ത്രി പറഞ്ഞു. എട്ട് ജില്ലകളിൽ ഒന്നേമുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഇവിടങ്ങളിൽ നിന്ന് ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്.

32 നദികളിൽ നടത്തിയ ഓഡിറ്റിംഗിൽ കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മണൽ ഖനന സാധ്യതയുള്ള നദികൾ. ഇതിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മാർച്ചിൽ മണൽ വാരൽ തുടങ്ങും. 200 കോടിയാണ് പ്രതീക്ഷിക്കുന്ന വരുമാനം. കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികളിൽ മണൽവാരലിന് സാധ്യതയില്ല.

കലക്ടർ അധ്യക്ഷനാവുന്ന ജില്ലാതല സമിതികളിൽ പരിസ്ഥിതി- തൊഴിലാളി സംഘടനാ പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവർ അംഗങ്ങളാവും. ജില്ലാസമിതിക്ക് കീഴിൽ ഓരോ നദികളുമായും ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന അധ്യക്ഷൻ ചെയർമാനായുള്ള കടവ് കമ്മിറ്റികൾക്കാണ് മണൽവാരി ലേലം ചെയ്യാനുള്ള ചുമതല. നദികളുടെ സംരക്ഷണത്തിനൊപ്പം സംസ്ഥാനത്ത് മണൽ ക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: K Rajan About Sand Mining
You may also like this video

Exit mobile version