Site icon Janayugom Online

സംസ്ഥാനത്ത് പട്ടയമിഷൻ ആരംഭിക്കും: മന്ത്രി കെ രാജൻ

എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ഭൂമി വിതരണത്തിന്റെ വേഗത വർധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പട്ടയമിഷൻ ആരംഭിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. എറണാകുളം ഗസ്റ്റ് ഹൗസിൽ ജില്ലാ കളക്ടേഴ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപതിവ് നിയമത്തിലെ ഓരോ ചട്ടങ്ങളുടെയും അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തി നിയമവശങ്ങൾ പരിശോധിച്ച് പരമാവധി പേരെ ഭൂമിയുടെ ഉടമകളാക്കാൻ കഴിയുന്ന പട്ടയമിഷനാണ് ആരംഭിക്കുന്നത്. മലയോര മേഖലയിലെയും ആദിവാസി മേഖലയിലെയും ജനങ്ങൾക്ക് പട്ടയം വിതരണം ചെയ്യുന്നതിനായി പ്രത്യേക ഏകീകൃത പ്രവർത്തന മാർഗരേഖയും യോഗത്തിൽ അംഗീകരിച്ചു.

ഇതുസംബന്ധിച്ച ആലോചനകളും യോഗത്തിൽ നടന്നു. മറ്റു വകുപ്പുകളുടെ ഭൂമിയിൽ ദീർഘകാലമായി കുടിയേറി താമസിക്കുന്നവർക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരികയാണ്. ഇതിനായി വൈദ്യുതി, ജലസേചനം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം, വനം വകുപ്പുകളിലെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. ഇതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു. ഭൂ പതിവ് നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച കരട് തയ്യാറാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും യോഗത്തിൽ ചർച്ചയായി.

Exit mobile version