സ്വന്തം ലേഖകൻ കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സുധാകരനെ അറസ്റ്റ് ചെയ്തത്. രാവിലെ പതിനൊന്നോടെയാണ് സുധാകരൻ കളമശേരിയിലെ ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിയത്. ഏഴര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. രണ്ടാം പ്രതിയാക്കപ്പെട്ട സുധാകരന് നേരത്തെ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതനുസരിച്ചുള്ള നടപടികൾക്ക് ശേഷം സുധാകരനെ പൊലീസ് വിട്ടയച്ചു. രാവിലെ മാധ്യമങ്ങളോട് ക്ഷോഭിച്ചതില്‍ നിന്ന് വ്യത്യസ്തമായാണ് തിരിച്ചിറങ്ങിയ സുധാകരനെ കണ്ടത്. കോടതിയിൽ വിശ്വാസമുണ്ടെന്ന് ആവർത്തിച്ച സുധാകരൻ മോന്‍സനെ താൻ പലവിധത്തിലും തള്ളിപ്പറഞ്ഞെന്നും വിവിധ കേസുകളിൽ കുടുങ്ങി കിടക്കുന്ന ഒരാളെ ഇതിൽക്കൂടുതൽ എങ്ങനെ തള്ളിപറയാനാണെന്നും ചോദിച്ചു. പൊലീസിന്റെ പല ചോദ്യങ്ങൾക്കും കൃത്യമായി മറുപടി നല്കാൻ സുധാകരന് കഴിഞ്ഞില്ലെന്നാണ് വിവരം. തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസന്‍ മാവുങ്കലുമായി കെ സുധാകരൻ വർഷങ്ങളായി നിരന്തരബന്ധം പുലർത്തിയതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചനയുണ്ട്. അറസ്റ്റിലേക്ക് നയിച്ചത് ഈ തെളിവുകളായിരുന്നു. മോൻസനുമായുള്ള ബന്ധം, മോൻസന്റെ വീട് ഇടയ്ക്കിടയ്ക്ക് സന്ദർശിച്ചതിന്റെ ലക്ഷ്യം തുടങ്ങിയവയിൽ ക്രൈം ബ്രാഞ്ച് വ്യക്തത വരുത്തും. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട മോൻസനെ കഴിഞ്ഞ ദിവസവും സുധാകരൻ ന്യായീകരിച്ചിരുന്നു. എംപി ആകുന്നതിനുമുമ്പ് 2018ലും 2019ൽ എംപിയായശേഷവും സുധാകരൻ നിരന്തരസമ്പർക്കം പുലർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും ഫോൺവിളികളും അന്വേഷകസംഘം കണ്ടെത്തിയിരുന്നു. മോൻസന്റെ ലാപ‌്ടോപ്പുകൾ, മൊബൈൽ ഫോൺ എന്നിവയിൽനിന്നടക്കമാണ് ഡിജിറ്റൽ തെളിവുകൾ ലഭിച്ചത്. 2018ൽ വീട്ടിൽ താമസിച്ചതിന്റെയും 2019ൽ എംപിയായശേഷം വീട്ടിൽ ചെന്നതിന്റെയും ചിത്രങ്ങള്‍ ലഭിച്ചതായാണ് സൂചന. ചില പൊതു പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ സമയത്താണ് സുധാകരൻ മോൻസനെ സന്ദർശിച്ചത്. ഈ പരിപാടികളുടെ തീയതിയും വിവരങ്ങളും അന്വേഷകസംഘം ശേഖരിച്ചു. പരാതിക്കാരനായ തൃശൂർ സ്വദേശി അനൂപ് മുഹമ്മദടക്കമുള്ളവരെ ഓൺലൈനിൽ കൊണ്ടുവന്ന് സുധാകരനുമായി ചേർത്ത് ചോദ്യം ചെയ്തിരുന്നു.
English Summary: K Sudhakaran arrested in antiquities fraud case
You may also like this video