Site iconSite icon Janayugom Online

മലപ്പുറത്തെകുറിച്ച് വിദ്വേഷ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

മലപ്പുറം ജില്ലയെകുറിച്ച് വിദ്വേഷ പരാമര്‍ശവുമായി ബിജെപി ദേശീയ സമതി അംഗം കെ സുരേന്ദ്രന്‍. വ്രതമെടുക്കുന്ന ഒരു മാസം മലപ്പുറം ജില്ലയില്‍ ഒരു തുള്ളി വെള്ളം കിട്ടില്ലെന്നാണ് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാമനാട്ടുകരമുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തിവരെ അങ്ങനെയാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറം ജില്ലയെ പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് സുരേന്ദ്രന്‍ നടത്തിയ അഭിപ്രായപ്രകടനങ്ങള്‍. 

മലപ്പുറം പ്രത്യേക രാജ്യമാണ് എന്ന് വിവാദ പ്രസ്താവന നടത്തി വെള്ളാപ്പള്ളി നടേശന്‍ ആകെ കുഴപ്പത്തിലായിരിക്കുകയാണ്. സുരേന്ദ്രന്‍ ഇപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. ഏറെ കാലമായി ഹിന്ദുത്വ നേതാക്കളും പ്രവര്‍ത്തകരുംസമൂഹ മാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണമാണ് സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തന്റെ അനുഭവം എന്ന രീതിയില്‍ പറഞ്ഞത്. മലപ്പുറത്ത് മാത്രമല്ല, കോഴിക്കോട് ജില്ലയിലും ഇതേ പോലെയാണ് എന്നും സുരേന്ദ്രന്‍ പറയുന്നു. ശബരിമല വ്രതമെടുക്കുന്ന കാലത്ത് എല്ലായിടത്തും വെജിറ്റേറിയന്‍ കച്ചവടം മാത്രമേ നടത്താവൂ എന്ന് നിര്‍ബന്ധപൂര്‍വം പറയാറില്ല. എന്നാല്‍ മലപ്പുറം ജില്ലയില്‍ ഒരു മാസം ഒരു തുള്ളി വെള്ളം കിട്ടില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിതെന്നും സുരേന്ദ്രന്‍ പറയുന്നു

ഒരു പുരോഗമന പാര്‍ട്ടിക്കാരും ഈ വിഷയം സംസാരിക്കുന്നില്ല. മലപ്പുറം ജില്ലയില്‍ വാക്‌സിന്‍ എടുക്കുന്നില്ല. ഈ വിഷയം ചര്‍ച്ചയേ ആകുന്നില്ല. ഒരു വീട്ടില്‍ ഒരു സ്ത്രീ അഞ്ച് പ്രസവം നടത്തുന്നു. ഇതിന് പിന്നിലൊക്കെ വലിയ ആള്‍ക്കാരുണ്ട്. ഒരു തരത്തില്‍ റാഡിക്കല്‍ എലമന്റ്‌സ് ഈ രീതിയില്‍ വലിയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുസ്ലിം ലീഗിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകാത്തതിനാല്‍ ഇതൊന്നും പുറത്തുവരുന്നില്ല എന്നേയുള്ളൂ. ഒറ്റപ്പെട്ട സംഭവമല്ലെന്നും രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തി വരെ ഒരു മാസക്കാലം തുള്ളി വെള്ളം കിട്ടില്ല സുരേന്ദ്രന്‍ അവകാശപ്പെട്ടു.ഉച്ചക്കഞ്ഞി മുടങ്ങിയ സംഭവം ഉണ്ടായി. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചക്കഞ്ഞി മുടക്കുകയാണ്.

രക്ഷാകര്‍തൃ സമിതി എന്ന പേരില്‍ തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. അവിടെ ന്യൂനപക്ഷമായിട്ടുള്ള രക്ഷിതാക്കള്‍ക്ക് ഈ തീരുമാനം ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ല. എത്രയോ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി കിട്ടുന്നില്ലെന്നും ഈ ഒരു മാസം എന്ന് പറഞ്ഞാല്‍ ഏതാണെന്ന് എല്ലാവര്‍ക്കും അറിയുന്നതല്ലേ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേന്ദ്രന്‍ പ്രതികരിച്ചു. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് കണ്ടില്ല. എന്നാല്‍ കടകള്‍ തുറക്കാറില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം നഷ്ടപ്പെടുന്നത് സംബന്ധിച്ച് പഠനം വേണം. മുസ്ലിം ലീഗ് തികഞ്ഞ ഫാഷിസ്റ്റ് നിലപാടുള്ളവരാണ്. തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുന്നതിന് പോലും മുസ്ലിം ലീഗ് എതിര് നിന്നു. മുസ്ലിം ലീഗ് തികഞ്ഞ വര്‍ഗീയ പാര്‍ട്ടിയാണ്. ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ മറ്റുള്ളവരെ മാറ്റി നിര്‍ത്തുന്ന സമീപനമാണ് ലീഗിനുള്ളത്. മുസ്ലിം ലീഗ് മന്ത്രിമാര്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത വേളയില്‍ മറ്റു സമുദായ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Exit mobile version