Site iconSite icon Janayugom Online

കാനം കനലോര്‍മ്മ

ഹൃദ്യം… സ്നേഹഭരിതം… അവിസ്മരണീയം… കഴിഞ്ഞദിവസം കോട്ടയം ബസേലിയസ് കോളജിൽ നടന്ന ഒത്തുചേരൽ ചടങ്ങിനെ പങ്കെടുത്ത വിശിഷ്ടവ്യക്തികൾ ഒരുപോലെ ഇങ്ങനെ വിശേഷിപ്പിച്ചു. സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു ആ രാഷ്ട്രീയവ്യക്തിത്വത്തെക്കുറിച്ചു സുഖകരമായ ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവരുടെ അപൂർb സംഗമം, കനലോർമ്മ, കാനം സ്നേഹസായന്തനം.

കാനം രാജേന്ദ്രൻ ഓർമ്മയായിട്ട് ഒരു വർഷം. രാഷ്ട്രീയ, സാമൂഹിക വേദികളിൽ മുഴങ്ങിയ കാനം ഫലിതങ്ങൾ അവിടെ മുഴങ്ങി. ചോദ്യങ്ങൾ മുട്ടിക്കുന്ന ഉത്തരങ്ങളായി രാഷ്ട്രീയചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ആറ്റികുറുക്കിയ വാക്കുകളിൽ തുറന്നുപറയുന്ന ശീലം യോഗത്തിൽ ഓർമ്മകളായി ഒഴുകി.

കോട്ടയം ജില്ലയിലെ സ്ഥലപ്പേരു മാത്രമായിരുന്ന കാനം എന്ന രണ്ടക്ഷരം കേരള രാഷ്ട്രീയചരിത്രത്തിൽ ഇടംനേടിയ നാൾവഴികൾ എല്ലാമവരും ഓർത്തെടുത്തു. ഏന്തയാറിൽ മർഫി സായിപ്പിന്റെ റബ്ബർ തോട്ടങ്ങളിലെ കണക്കപ്പിള്ള കാനം കൊച്ചുകളപ്പുരയിടം വീട്ടിലെ പരമേശ്വരൻ നായരുടെ മകൻ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ തലപ്പത്തേക്കും കേരള രാഷ്ട്രീയ ചരിത്രത്തിലേക്കും നടന്നുകയറിയ കഥ വാക്കുകളിൽ നിറഞ്ഞു. പി കൃഷ്ണപിള്ളയിൽ തുടങ്ങി സി അച്യുതമേനോൻ, എം എൻ ഗോവിന്ദൻ നായർ, എൻ ഇ ബലറാം, പി കെ വാസുദേവൻ നായർ, വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ, പന്ന്യന്‍ രവീന്ദ്രൻ… ധൈഷണികതയിൽ, സംഘാടനമികവിൽ ഇവരുടെ നേതൃനിരയിൽ കാനം സാർത്ഥകമായ തുടർച്ചയായ ചരിത്രം.

വൈക്കത്ത് പി കൃഷ്ണപിള്ളയുടെ ജന്മഗൃഹമായ പറൂപ്പറമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വന്തമാവുന്നത്, കൊട്ടാരക്കരയിൽ സി കെ ചന്ദ്രപ്പൻ സ്മാരക പഠനസമുച്ചയം, തിരുവനന്തപുരം പി എസ് ശ്രീനിവാസൻ സ്മാരകം ഇവ, പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവനകൾക്കുള്ള ചരിത്രസാക്ഷ്യങ്ങൾ. നിരവധി രാഷ്ട്രീയ സംഭവവികാസങ്ങൾക്കു സാക്ഷിയായ എം എൻ സ്മാരകമന്ദിരം തനിമ നിലനിർത്തി നവീകരണം പൂർത്തിയാവുന്നതിനിടെ ആയിരുന്നു എഴുപത്തിമൂന്നാം വയസിൽ മരണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അർത്ഥശൂന്യമായ പ്രായോഗികതയ്ക്കു വഴങ്ങൽ അല്ലെന്നും സൂക്ഷ്മമായ സന്തുലനങ്ങളുടെ തേടലാണെന്നും നിലപാടുകളിലൂടെ കാട്ടിത്തന്ന കാനം ഓർമ്മയായി ഹാളിൽ നിറഞ്ഞു. മികച്ച സംഘാടകനായി, നർമ്മബോധമുള്ള വാഗ്മിയായി, ആശയസ്ഫുടതയും കൃത്യവും വ്യക്തവുമായ തത്വശാസ്ത്ര നിലപാടുക ളുമുള്ള ഇരുത്തംവന്ന രാഷ്ട്രീയ നേതാവായി, കർശനമെങ്കിലും സ്നേഹസൗമ്യമായ സ്വരമായി, കനലായി, ഊർജ്ജമായി, ജ്വാലയായി, കാനം ഓർമ്മയായി… കനലോർമ്മയായി കാനം സ്നേഹസായന്തനം

പാശ്ചാത്യ പൗരസ്ത്യ സംഗീതവിദഗ്ദ്ധൻ ഡോ എം പി ജോർജ് അച്ചന്റെ ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപത്തെ മിഴിതുറപ്പിക്കുന്ന ഗാനാർച്ചനയോടെ തുടങ്ങിയ ഒത്തുചേരലിൽ മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയായിരുന്നു മുഖ്യാതിഥി. സത്യം സംസാരിക്കുന്ന നീതിയോടെ ഇടപെടുന്ന തെറ്റുണ്ടായാൽ തിരുത്താൻ മനസുള്ള മനുഷ്യസ്നേഹിയായിരുന്നു കാനം രാജേന്ദ്രനെന്ന് കാതോലിക്കാ ബാവ പറഞ്ഞു. അതുകൊണ്ടാവാം വാഴൂർ എൻഎസ്‌എസ്‌ സ്കൂളിലെ സഹപാഠിക്ക് രാഷ്ട്രീയജീവിതത്തിൽ ഉന്നതസ്ഥാനത്ത് എത്താൻ കഴിഞ്ഞതെന്ന് പഠനകാലത്ത് കിലോമീറ്ററുകൾ കാൽനടയായുള്ള ഒന്നിച്ചുള്ള യാത്രകളും കുസൃതികളും അനുസ്മരിച്ചുകൊണ്ട് ബാവ പറഞ്ഞു. കോട്ടയം പൗരാവലിയുടെ സ്മരണോപഹാരം ബാവ കാനം രാജേന്ദ്രന്റെ പത്നി വനജാ രാജേന്ദ്രന് കൈമാറി.

രാഷ്ട്രീയ വ്യത്യാസങ്ങൾക്കുമപ്പുറം സൗഹൃദം സൂക്ഷിക്കാൻ കാനത്തിനായെന്ന് രമേശ് ചെന്നിത്തല. ഇടതുപക്ഷത്തിന്റെ ശബ്ദവും ശക്തിയുമായിരുന്നു കാനമെന്ന് വൈക്കം വിശ്വൻ. ജനങ്ങൾക്കുവേണ്ടി കാനം തിരുത്തൽ ശക്തിയായെന്ന് പന്ന്യൻ രവീന്ദ്രൻ.
പ്രിയ സഖാവി്റെ ഓർമ്മകൾക്കൊപ്പം ‘മനസു നന്നാവട്ടെ, മതമേതെങ്കിലും ആവട്ടെ…’ എന്ന മതാതീത പ്രാർത്ഥനാ ഗാനവുമായി വിപ്ലവഗായിക പി കെ മേദിനി. സിനിമാ മേഖലയിൽ താൻ നേരിട്ട പ്രതിസന്ധികളിൽ ചേർത്തുനിർത്തിയ കാനത്തെകുറിച്ച് സംവിധായകൻ വിനയൻ. വിദ്യാർത്ഥികാലം മുതൽ കാനവുമായുണ്ടായിരുന്ന സൗഹൃദം ഓർത്തെടുത്ത് മന്ത്രി ജി ആർ അനിലും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പും. കൃത്യനിഷ്ഠയും മുന്നണി പ്രവർത്തനത്തിലെ ഉറച്ച നിലപാടുകളും പങ്കുവെച്ച് ഫ്രാൻസിസ് ജോർജ്ജ് എംപി.

ഇരുചേരികളിൽ പ്രവർത്തിച്ച സൗഹൃദകാല ഓർമ്മകളുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും ഉറച്ച നിലപാടുകളും സരസസംഭാഷണവും നിരത്തി കെ സി ജോസഫും. താൻ രാഷ്ട്രീയത്തിൽ സജീവമാകാൻ കാരണക്കാരനെന്ന്‌ പി സി തോമസും ആത്മബന്ധമുള്ള അയൽവാസിയെന്ന് ചീഫ് വിപ്പ് എൻ ജയരാജും. കോളജുകാല വൈകുന്നേര സൗഹൃദസംഭാഷണ ഓർമ്മകൾ പങ്കുവെച്ച് അഡ്വ. കെ സുരേഷ് കുറുപ്പ്. സൂര്യകാന്തി എന്ന കവിതയുമായി നല്ല സൗഹൃദകാലങ്ങളെ തിരികെവിളിച്ച് ലതികാ സുഭാഷ്. കാനത്തെക്കുറിച്ചുള്ള ഓർമ്മകളിലൂടെ പരസ്പരം സ്നേഹംപങ്കുവെച്ച ഒരു ധന്യസായന്തനം.

ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, കലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. കെ ജെ തോമസ്, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി കെ ആശ, മുൻ എംഎൽഎമാർ ജോസഫ് എം പുതുശ്ശേരി, ജോസഫ് വാഴക്കൻ, കെ അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, അഡ്വ ജി രാമൻ നായർ, സി കെ ശശിധരൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, മംഗളം മാനേജിങ് എഡിറ്റർ സാജൻ വറുഗീസ്, രവി ഡിസി, ഡോ പോൾ മണലിൽ, ഡോ കെ എം സീതി, ജോയ് തോമസ്, ഡോ മ്യൂസ് മേരി ജോർജ്… ആ പട്ടിക ഇങ്ങനെ നീണ്ടു.

പ്രിയതരവും പ്രസക്തവുമായ പഴയ ചലച്ചിത്ര, നാടക ഗാനശകലങ്ങൾ പാട്ടായും വയലിൻ, പുല്ലാങ്കുഴൽ, സാക്സഫോൺ നാദമായും ചേർത്തുവച്ച അപൂർവ ഗാനാഞ്ജലി ചടങ്ങിനെ വികാരനിർഭരമാക്കി. വയലിൻ വാദകനായി ഹൃദ്രോഗവിദഗ്ധൻ ഡോ വി എൽ ജയപ്രകാശ്. പ്രശസ്ത സംഗീതസംവിധായകരുടെയും ഗായകരുടെയും സംഘാംഗമായ ആലിച്ചനായിരുന്നു ഫ്ലൂട്ട്, സാക്സഫോൺ വാദകൻ. കീബോർഡിൽ പ്രശസ്തനായ പൂഞ്ഞാർ വിജയൻ. തബല രാജപ്പൻ. റിഥം പാഡിൽ കോട്ടയം മനോജ്. ഗായകരായി കെ വി താൻസനും സൗപർണികാ താൻസനും. ഒരുക്കിയിരുന്ന സ്നേഹവിരുന്നും ചടങ്ങിന് ഇണങ്ങുന്നതായി.

സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, എം ജി യൂണിവേഴ്സിറ്റി മുന്‍ പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ കെ തോമസ്, പി ടി സാജുലാൽ, ദർശനാ സാംസ്കാരികകേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ലിവിങ് ലീഫ് പബ്ലിഷേഴ്സ് ഡയറക്ടർ എബ്രഹാം കുര്യൻ, ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ ബിജു തോമസ് എന്നിവരടങ്ങുന്ന സംഘാടക സമിതി സംഗമത്തിന് നേതൃത്വം നൽകി. ഡോ. താരാ കുര്യനും കെ വി താൻസനും പരിപാടിയുടെ അവതാരകരായി.

ആർട്ടിസ്റ്റ് സുജാതനും ഗ്രാഫിക് ഡിസൈനർ എസ് രാധാകൃഷ്ണനും ചേർന്ന് രൂപല്പപ്പന ചെയ്ത പ്രസംഗങ്ങളും പ്രഭാഷകരുമില്ലാത്ത വേദിയിൽ കാനം രാജേന്ദ്രന്റെ മിഴിവുറ്റ ഛായാചിത്രം മാത്രം. ഓർമ്മകൾ പങ്കുവെച്ചവരെല്ലാം പങ്കെടുക്കുന്നവർക്കൊപ്പം. പങ്കുവെയ്ക്കപ്പെട്ട ഓർമ്മകൾക്കൊപ്പം ഓർമ്മയുണർത്തുന്ന ഗാനശകലങ്ങളും.

മുഖ്യാതിഥി കാതോലിക്കാ ബാവ പത്തു മിനിറ്റ് സംസാരിച്ചു. പങ്കെടുക്കുന്ന രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പ്രശസ്തരുമായ മുഴുവൻ വ്യക്തികളെയും പരിചയപ്പെടുത്തി അവതാരകർ കുറഞ്ഞ വാക്കുകളിൽ സ്വാഗതം പറഞ്ഞു. മുതിർന്ന നേതാക്കളടക്കം ഇരുപതോളം പ്രമുഖർ ഓർമ്മകൾ പങ്കുവെച്ചു. സംസാരിച്ചവരെല്ലാം അഭിസംബോധനയിലെ ആവർത്തനങ്ങൾ ഒഴിവാക്കി. 30 മിനിറ്റിലേറെ സംഗീതത്തിനും ഗാനാർച്ചനക്കുമായി മാറ്റിവച്ചു. എന്നിട്ടും വ്യത്യസ്തമായ സ്നേഹകൂട്ടായ്മ 92 മിനിറ്റിൽ അവസാനിച്ചു.

സാംസ്കാരിക സമ്മേളനചരിത്രത്തിൽ അപൂർവമായ ആദ്യാനുഭവം എന്നാണ് മുതിർന്ന നേതാക്കൾതന്നെ പറഞ്ഞത്. മത, രാഷ്ട്രീയ വൈരങ്ങളുടെ ഈ വർത്തമാനകാലത്ത് മത, രാഷ്ട്രീയാതീതവും ഊർജ്ജം പ്രസരിപ്പിക്കുന്നതും പ്രസാദാത്മകവുമായ ഇത്തരം സ്നേഹകൂട്ടായ്മകൾ അനുകരണീയമായ മാതൃകയായി മാറും എന്ന പ്രത്യാശ പങ്കുവെക്കുകയും ചെയ്തു.

Exit mobile version