വിവാദമായ കച്ചത്തീവ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സത്യവിരുദ്ധമായ ഇത്തരം പ്രസ്താവനകള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെയും 35 ലക്ഷത്തോളം വരുന്ന തമിഴരെയും ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം കച്ചത്തീവ് വിഷയത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
കച്ചത്തീവിനെ ഒരു ശല്യമായാണ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു കണ്ടെതെന്നും ശ്രീലങ്കയ്ക്ക് ദ്വീപ് കൈമാറാന്‍ നെഹ്രു ആഗ്രഹിച്ചിരുന്നുമെന്നുമായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി ചിദംബരം രംഗത്ത് വന്നത്. ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന്റെ ഭാഗങ്ങള്‍ അയല്‍രാജ്യമായ ചൈന കൈവശപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആ സ്ഥലങ്ങള്‍ക്ക് ചൈന പുനര്‍നാമകരണം ചെയ്യാന്‍ തുടങ്ങിയിട്ടും എന്തുകൊണ്ടാണ് വിദേശകാര്യമന്ത്രി വേണ്ടവിധം പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കുന്ന പ്രസ്താവനകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിജെപി നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്. അതേ സമയം കച്ചത്തീവ് വിഷയത്തില്‍ തമിഴ്‌നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തെറ്റായ പ്രചരണങ്ങളും നിരുത്തരവാദമായ പ്രസ്താവനകളും നടത്തുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആരോപിച്ചു. ഇന്ത്യയുടെ ഭാഗമായ കച്ചത്തീവ് ദ്വീപിന്റെ അധികാരം ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നീക്കത്തെപ്പറ്റി അറിവ് ലഭിച്ചിട്ടും അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍ കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതരുടെ നിലപാട്. ഇതു സംബന്ധിച്ച് മന്ത്രിസഭാ ചര്‍ച്ചകള്‍ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് ശ്രീലങ്കന്‍ വക്താവ് ഭണ്ഡുല ഗുണവര്‍ധന അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കച്ചത്തീവ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസിന്റെയും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും നിലപാടുകളാണെന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് കച്ചത്തീവ് വിഷയം രാജ്യത്ത് ചര്‍ച്ചാവിഷയമായത്. തമിഴ്‍നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു മോഡിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ബിജെപി മനഃപൂര്‍വം വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. കച്ചത്തീവ് വിവാദങ്ങള്‍ കത്തിക്കൊണ്ടിരിക്കെയാണ് ഇന്ത്യന്‍ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ലാദേശിന് വിട്ടുകൊടുത്തുവെന്ന ആരോപണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫെറന്‍സ് മേധാവിയുമായ ഫറൂഖ് അബ്ദുള്ള രംഗത്ത് വന്നത്. നേപ്പാളും ചൈനയും ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യടിക്കയത് എന്തുകൊണ്ടാണ് ചര്‍ച്ചാവിഷയമാകാത്തതെന്നും അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ഇത്തരം രാഷ്ട്രീയ തന്ത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയരുന്നത്.
English Summary: Kachathive topic: P Chidambaram says statements will lead to confrontation in Sri Lanka
You may also like this video