പരാജയഭയത്താൽ എന്തും ചെയ്യുന്ന അവസ്ഥയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. പന്ന്യൻ രവീന്ദ്രന്റെ രണ്ടാംഘട്ട തെരെഞ്ഞെടുപ്പ് പര്യടനം വേളിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട്ടുകാർക്ക് പരിചിതനല്ലാത്ത, നാടിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത ജയസാധ്യത തെല്ലുമില്ലാത്ത വർഗീയ പാർട്ടിയുടെ സ്ഥാനാർത്ഥിയെ പ്രധാന എതിരാളിയായി ഉയർത്തിക്കാട്ടുകയും ഇടതു സ്ഥാനാർത്ഥിയും ജനകീയനുമായ പന്ന്യൻ രവീന്ദ്രനെ ‘എന്തിനാണ് മത്സരിക്കുന്നത് എന്നറിയില്ല’ എന്ന് അപഹസിക്കാനും മാത്രം തരം താഴുമ്പോൾ തന്നെ മനസിലാവും അദ്ദേഹത്തിന്റെ മാനസികാവസ്ഥ. അങ്ങനെയെങ്കിലും കുറച്ചു ബിജെപിവിരുദ്ധ വോട്ടുകൾ കിട്ടി ജയിച്ചാലോ എന്നാവും അദ്ദേഹത്തിന്റെ ചിന്ത. പക്ഷെ ജനങ്ങൾ എല്ലാം കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും കടകംപള്ളി പറഞ്ഞു.
ബിജെപിയിൽ ചേരാൻ തരൂർ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറഞ്ഞത് തങ്ങളുടെ പാർട്ടിയുടെ യുവജനസംഘടനയായ യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന സെക്രട്ടറിയാണ്. എന്നാൽ പന്ന്യൻ അത്തരമൊരു പാതകം സ്വപ്നത്തിൽ പോലും ചിന്തിക്കില്ല എന്നു ജനങ്ങൾക്കു ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി ലെനിൻ അധ്യക്ഷനായി. ചന്തവിള മധു സ്വാഗതം പറഞ്ഞു. സോളമൻ വെട്ടുകാട്, ഡി രമേശൻ, കഴക്കൂട്ടം മനോഹരൻ, മേടയിൽ വിക്രമൻ, ജിഷാ ജോൺ, പുഷ്കരകുമാർ, സജു ചെഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
You may also like this video