സായാഹ്ന കടൽക്കര
തണുപ്പ്
ഉപ്പ്
പാറയിടുക്കിൽ
കടൽത്തീരമൊരു
കളി മൈതാനം
യാത്ര പറഞ്ഞ് സൂര്യൻ
മഞ്ഞ വിളിക്കു തെളിയിച്ച് ഇളം ചന്ദ്രൻ
കടൽകാക്ക
വിസിലിട്ടു മടങ്ങുന്നു
ഏതെങ്കിലും കളി തുടങ്ങുന്നുണ്ടോ?
മണലിൽ ഇരുന്നു
ഏകാകിയായൊരു കാണി
മൂക സാക്ഷിയായി സന്ധ്യ
തുറിച്ചു നോക്കും മീനോ
മുറുക്കി പിടിക്കും ഞണ്ടോ
മൂവർവന്നു
ഒരു പെണ്ണ് രണ്ടാണ്
നാലാമൻ കടൽ
കടൽ കളി തുടങ്ങി
അവരൊന്നു തള്ളി
കടലൊന്നു തുള്ളി
കടൽ ഒന്നു കുലുങ്ങി
അവരൊന്നു കിലുങ്ങി
തിര പൊട്ടിച്ചിരിച്ചു
അവർ കൂടെ ചിരിച്ചു
എല്ലാരുമാർത്തു ചിരിച്ചു
അവരൊന്ന് മുങ്ങി
കടൽ ഒന്ന് പൊങ്ങി
കൈകോർത്തു പിടിച്ചു
നീന്തി തുടിച്ചു
ആഹാ നല്ലകളി!
പൊടുന്നനെയൊരു തിര പിന്നോട്ട്
കൈയിട്ടു പിടിച്ചു
വെള്ളത്തിലടിച്ചു
മണ്ണ് കാലൊഴിഞ്ഞു
രോമകൂപങ്ങളിൽ ശ്വാസം
ചോര പൊടിച്ചു
കടൽ തെന്നി നീങ്ങി
മൗനിയായി
കളി നിർത്താം ബോറടിക്കുന്നുവെന്ന് ഭാവം
ആണും പെണ്ണും
പിടഞ്ഞു കയറാനായുന്നു
പറ്റുന്നില്ല
കളി അവസാനിക്കുന്നു
കടൽ പുഞ്ചിരിക്കുന്നു
നിർമമയാവുന്നു
ശബ്ദമില്ലാക്കളി
പ്രാണനെ ഇക്കിളിപ്പെടുത്തിയോ?
പരാജയം
മരണം
ഇരുട്ട്
തിരകൾ സിരകളിൽ
നുരഞ്ഞു പൊന്തി
വെപ്രാളം വെപ്രാളം
നാവ് തള്ളി
കണ്ണ് തുറിച്ച്
ഭൂമിയോളമുരുണ്ടു
കഴുത്ത്
ആകാശത്തോളം നീണ്ടു
നീണ്ടുനീണ്ട്
നിളയോളം നീണ്ടു
ശ്വസനനാളിയിൽ
നീര് നീങ്ങി
പ്രശാന്തത
കടൽ സൗമ്യവതിയാണ്
ജയിക്കാൻ
വാശിയില്ലാതെ ശയിക്കുന്നവൾ
നോക്കി നിൽക്കെ
മനുഷ്യർ മൂവർ
എവിടെ പോയി?
കളിക്കുന്നുണ്ടായിരുന്നോ?
മൂന്ന് കളിപ്പന്തുകളോ?
പിടപ്പോ?
നീന്തലോ?
കളിച്ചിട്ടു തന്നെയില്ലാത്തൊരു കളി
ഒരുമ്പെടാത്തൊരു കളി
മൂവരും ചത്തു
പൊങ്ങിയ കളി