മന്ത്രിസഭ അംഗീകരിച്ച 3716 കോടിയുടെ കനാൽ പുനരുജ്ജീവനം സാധ്യമാക്കുന്നതോടെ കടമക്കുടിയുൾപ്പടെയുള്ള കൊച്ചി ലോകോത്തര ടൂറിസം കേന്ദ്രമാകുമെന്ന് വ്യവസായ‑നിയമകാര്യ മന്ത്രി പി രാജീവ്. പിഴല സാമൂഹികാരോഗ്യ കേന്ദ്രം പരിസരത്ത് രാജ്യത്തെ ആദ്യ ഹരിത മെഡിക്കൽ ആംബുലൻസ് കം ഡിസ്പൻസറിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന പ്രദേശങ്ങളാണ് കടമക്കുടിയിലേത്. ആഗോളതാപനം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഏറിവരുന്നതിനാൽ ഇവിടങ്ങളിൽ പുതിയ പദ്ധതികൾ തുടങ്ങാൻ ചില ആശങ്കകളുണ്ട്. എന്നാൽ പ്രകൃതിയോടിണങ്ങുന്ന സോളാർ പദ്ധതികൾക്ക് ഇവിടെ സാധ്യതയുണ്ട്.
ഫ്ലോട്ടിങ് സോളാർ പദ്ധതികൾ താമസിയാതെ ഇവിടെയും വരുമെന്ന് മന്ത്രി ഹഞ്ഞു.
രാജ്യത്തെ ഭൂവിസ്തൃതിയിൽ രണ്ടു ശതമാനത്തിൽ താഴെയുള്ള കേരളത്തിലാണിന്ന് കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ളത്. നേരത്തെ 48 ആയിരുന്നത് ഇന്ന് 98 ആയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 38 ഹോട്ടലാണുള്ളത്. ടൂറിസം മേഖലയിലെ നൂതന സംരംഭങ്ങളും വികസന പ്രവർത്തനങ്ങളും വഴി കടമക്കുടിയുൾപ്പടെയുള്ള കൊച്ചി ലോക ടൂറിസം രംഗത്ത് മികച്ച കേന്ദ്രമായി മാറുമെന്ന് പി രാജീവ് വ്യക്തമാക്കി. ദ്വീപിന്റെ യാത്രാക്ലേശത്തിനു പരിഹാരമാകുന്ന ചാത്തനാട് — കടമക്കുടി പാലത്തിന്റെ ഉദ്ഘാടനം താമസിയാതെ ഉണ്ടാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ എൻ ഉണ്ണികൃഷ്ണൻ അറിയിച്ചു.
ഇതോടൊപ്പം കോതാട് — ചേന്നൂർ പാലവും താമസിയാതെ യാഥാർഥ്യമാക്കും. ഇതു സംബന്ധിച്ച സാങ്കേതികപ്രശ്നങ്ങൾ കഴിഞ്ഞ ദിവസം ജിഡയിൽ നടന്ന യോഗത്തിൽ പരിഹരിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ ഒപ്പംനിർത്തി കടമക്കുടിയെ ടൂറിസം ഗ്രാമമായി വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് ആവിഷ്കരിക്കുന്നത്. എട്ടു കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. വൈപ്പിൻ മണ്ഡലത്തിലെ 20 സ്കൂളുകളിലുമായി എം എൽ എ ഫണ്ടിൽ നിന്നുള്ള 12 ലക്ഷം രൂപ ചെലവിൽ ഇ‑ലൈബ്രറി ഈ അധ്യയന വർഷം തുടങ്ങുകയാണ്. ഭാരത് പെട്രോളിയം കോർപറേഷന്റെ രണ്ടരക്കോടി രൂപയുടെ സി എസ് ആർ ഫണ്ടും ഇതിനു കിട്ടിയിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ മുഴുവൻ സ്കൂളിലും ഇ‑ലൈബ്രറിയുള്ള സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലമായി വൈപ്പിൻ മാറും. കടലാക്രമണത്തിൽ നിന്ന് തീരദേശ ജനതയെ രക്ഷിക്കാൻ സിന്തെറ്റിക് ജിയോ ട്യൂബുകൾ ഉപയോഗിച്ചുള്ള വലിയ പദ്ധതിയും വൈപ്പിനിൽ താമസിയാതെ തുടങ്ങുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു.
യുണിഫീഡർ ലോജിസ്റ്റിക്സ് മേഖല ഡയറക്ടർ സി എം മുരളീധരൻ ആംബുലൻസ് ബോട്ടിന്റെ താക്കോൽ വ്യവസായ മന്ത്രി പി രാജീവിന് കൈമാറി. പ്ലാൻ അറ്റ് എർത്ത് അധ്യക്ഷൻ മുജീബ് മുഹമ്മദ് പദ്ധതി അവതരിപ്പിച്ചു. കടമക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി വിപിൻ രാജ്, കൊച്ചി ഡിപി വേൾഡ് സിഇഒ പ്രവീൺ തോമസ് ജോസഫ്, യുണി ഫീഡർ നിയമോപദേഷ്ടാവ് കൃഷ്ണ, ബ്ലോക്-ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡ പ്രസിഡന്റ് മേരി വിൻസന്റ് സ്വാഗതവും പിഴല പി എച്ച് സിയിലെ ഡോ. ശ്രീലാൽ നന്ദിയും പറഞ്ഞു.

