Site icon Janayugom Online

നീനാ പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ല: ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ചയാളാണ് താനെന്നും കലാം പാഷ

kalampasha

ഡോ. നീന പ്രസാദിന്റെ നൃത്തം തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി ജില്ലാ ജഡ്ജി കലാം പാഷ. നൃത്തം തടസപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനയച്ച കത്തില്‍ വിശദമാക്കി.

താന്‍ ആറ് വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ടെന്നും ഭരതനാട്യത്തില്‍ അരങ്ങേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമായ കാരണങ്ങളാല്‍ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. താനല്ല, തന്റെ ജീവനക്കാരനാണ് ശബ്ദം കുറയ്ക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടത്. കോടതിയിലെ അഭിഭാഷകരുടെ പ്രതിഷേധം നിയമവിരുദ്ധമാണ്. ബാര്‍അസോസിയേഷന്റെ തീരുമാന പ്രകാരമല്ല പ്രതിഷേധം നടന്നത് എന്ന് അറിയാമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധത്തിനെതിരെ ജില്ലാ ജഡ്ജി കത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല. ഉറക്കെ മുദ്രാവാക്യം വിളിക്കുന്നതും ജീവനക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നതും ഒഴിവാക്കപ്പെടണം. കഴിഞ്ഞ ദിവസം ലോയേഴ്സ് അസോസിയേഷന്‍ പ്രതിഷേധം നടത്തിയതിലാണ് വിമര്‍ശനം. പാലക്കാട് മൊയിന്‍ എല്‍പി സ്‌കൂളില്‍ നടന്ന ശ്രീചിത്രന്റെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു നര്‍ത്തകി നീന പ്രസാദിന് അപമാനകരമായ അനുഭവം ഉണ്ടായത്.

മോഹിനിയാട്ട കച്ചേരി പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചെന്ന് നീന പ്രസാദ് ഫേസ്ബുക് പോസ്റ്റില്‍ ആരോപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. സ്‌കൂളിന് തൊട്ടുപിന്നില്‍ താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് തന്റെ ഫേസ്ബുക് പോസ്റ്റില്‍ നീന പ്രസാദ് ആരോപിച്ചിരുന്നു. ജില്ലാ ജഡ്ജിക്ക് ശബ്ദം കാരണം ബുദ്ധിമുട്ടുണ്ടായതോടെ സംഘാടകരോട് പരിപാടി നിര്‍ത്തിവെയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടെന്നും പരിപാടി തുടരണമെന്ന ആഗ്രഹമുള്ളതിനാല്‍ കാണികളെ വേദിക്കരികിലേക്ക് ഇരുത്തി സംഗീതത്തിന്റെ ശബ്ദം വളരെ കുറച്ചാണ് നൃത്തം അവതരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ഇതോടെ അപമാനിക്കപ്പെട്ടതായി തോന്നിയെന്നും നീന പ്രസാദ് പറഞ്ഞിരുന്നു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടെന്നായിരുന്നു ജീവനക്കാരന്‍ പോലീസിനോട് അന്ന് നിര്‍ദ്ദേശിച്ചത്. അഞ്ചു ദിവസത്തിന് ശേഷമാണ് പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Eng­lish Sum­ma­ry: Kamal Pasha says he had no role in inter­rupt­ing Nina Prasad’s dance: He made his Bharatanatyam debut

You may like this video also

Exit mobile version