ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ഇന്ന് കൊടിയുയരും.വേദികൾ ഉണരാൻ ഇനി നിമിഷങ്ങൾ മാത്രം. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായാണ് പ്രതിഭകൾ മാറ്റുരക്കുക. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാന നഗരി ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഔപചാരിക ഉദ്ഘാടനം നിർവഹിക്കും.
ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന വേദിയിൽ അരങ്ങേറും. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്യുന്നതോടെ ഊട്ടുപുരയും സജീവമാകും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.
സ്‌കൂൾ കലോത്സവത്തിലെ അവതരണഗാനത്തിന്റെ റിഹേഴ്‌സൽ പൂർത്തിയായി. കലാമണ്ഡലത്തിലെ 29 വിദ്യാര്‍ത്ഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരും അടങ്ങുന്ന സംഘമാണ് ഇന്ന് നൃത്താവിഷ്‌കാരം നടത്തുക. സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയിരിക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദിയിലാണ് റിഹേഴ്‌സൽ പൂർത്തിയാക്കിയത്. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രജിത രവി, അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ് തുളസി, കലാമണ്ഡലം അരുൺ വാര്യർ എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്. കേരളത്തിന്റെ നവോത്ഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളെ കോർത്തിണക്കിയാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസൻ തൂണേരിയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീത സംവിധാനം നിർവഹിച്ചു.