Site iconSite icon Janayugom Online

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു

കളമശേരി ബോംബ് സ്ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ കളമശേരിയിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിന്റെ ഫേസ്ബുക്ക് വീഡിയോ പുറത്തുവന്നിരുന്നു. സ്ഫോടനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ സ്ഫോടനം നടത്താനുള്ള കാരണം വിശദീകരിച്ച മാർട്ടിൻ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ.

താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു. സ്ഫോടനത്തിന് ശേഷമാണ് വീഡിയോ പുറത്ത് വന്നത്. ഡൊമിനിക് മാർട്ടിന്റെ തമ്മനത്തെ വീട്ടിലെത്തി ഭാര്യയുടെ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. തമ്മനത്തെ വാടക വീട്ടിലാണ് ഇയാളും ഭാര്യയും താമസിക്കുന്നത്.

16 വർഷമായി യഹോവ സാക്ഷികളിൽ അംഗമാണെന്നും സ്ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിർപ്പുമൂലമാണെന്നും ഡൊമിനിക് അവകാശപ്പെട്ടു. യഹോവാ സാക്ഷികൾ രാജ്യദ്രോഹ സംഘടനയെന്ന് ആറു വർഷം മുൻപ് തിരിച്ചറിഞ്ഞുവെന്നും മറ്റുള്ളവർ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും, തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ സാധാരണക്കാർ പ്രതികരിക്കുമെന്നും ഡൊമിനിക് ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി

കളമശേരിയിൽ ഉണ്ടായ സ്ഫോടനം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹിബ് ഉത്തരവായി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ ആണ് സംഘത്തലവൻ.

21 അംഗ പ്രത്യേക അന്വേഷണസംഘത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ അക്ബർ, ഭീകരവിരുദ്ധ സ്ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ് ശശിധരൻ, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി വി ബേബി, എറണാകുളം ടൗൺ അസിസ്റ്റന്റ് കമ്മിഷണർ രാജ് കുമാർ പി, കളമശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ദാസ്, കണ്ണമാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫിറോസ്, ഭീകരവിരുദ്ധ സ്ക്വാഡ് ഇൻസ്പെക്ടർ ബിജുജോൺ ലൂക്കോസ് എന്നിവരും 11 പൊലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ എസ് ശശിധരനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

 

വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

മതസ്പർധ, വർഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു. കളമശേരി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ പൊലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തി.

 

Eng­lish Sum­ma­ry: Kala­massery blast; Police have con­firmed that the accused is Dominic Martin
You may also like this video

Exit mobile version