Site iconSite icon Janayugom Online

അജയ്യര്‍ അടിപതറുമ്പോള്‍…

അജയ്യരു­ടെ അടിപതറുന്നതും നി­ലംപരിശാകുന്നതും കൗതുകത്തോ­­­­ടെ ക­ണ്ടുകൊണ്ടിരിക്കുന്ന പോരാട്ടങ്ങളാണ് യൂറോപ്യൻ സ്റ്റേഡിയങ്ങളിൽ നടക്കുന്നത്. ഫുട്ബോളിന്റെ സൗന്ദര്യലഹരിയിൽ ഒത്തുചേരുന്ന ജനസഞ്ചയത്തിന് നല്ല കളിയും ഇഷ്ടപ്പെട്ട ടീമിന്റെ വിജയവും ആഗ്രഹിക്കുന്നു. അന്തിമഫലം തോൽവിയാണെങ്കിൽ നിരാശനായി തലയും താഴ്ത്തി പിരിഞ്ഞു പോകും. ലോക ഫുട്ബോളിനേക്കാൾ വീറും വാശിയും ക്ലബ്ബ് ഫുട്ബോളിന് തന്നെയാണ്. കാരണം ഒരേ ക്ലബ്ബിൽ സ്ഥിരമായി വർഷങ്ങളായി കളിക്കുന്ന കളിക്കാരാണ് കളിക്കളത്തിൽ മുഖാമുഖം നിലയുറപ്പിക്കുന്നത്. ഫ്രഞ്ച് ലീഗിൽ അതിശക്തരായ പിഎസ്ജിയെ തലങ്ങും വിലങ്ങും ആക്രമിച്ചു ഗോൾ നേടിയും കരുത്തുകാട്ടിയും തകർത്താടിയ ലില്ലെയെ ഇഞ്ചുറിടൈമിൽ മെസിയുടെ ഗോളിലാണ് പിഎസ്ജി മറികടന്നത്. സ്കോർ 4–3. മെസിയും എംബാപ്പെയും നെയ്മറും ചേർന്ന മുന്നേറ്റനിരയെ ഒട്ടും ഭയക്കാതെ രണ്ടു ഗോളിന് പിന്നിലായിട്ടും ആക്രമണത്തിന്റെ കരുത്തിൽ മൂന്ന് ഗോൾ നേടി ലില്ലെ മുന്നിലെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പരിക്ക് പറ്റി പുറത്തുപോയ നെയ്മറുടെ അഭാവവും ലില്ലെയുടെ നിറഞ്ഞാട്ടവും പിഎസ്ജിയെ തളർത്തി. ഇത്തരമൊരു സന്ദർഭത്തിലാണ് എംബാപ്പെയുടെ ഗോളിൽ സമനിലകിട്ടിയത്.

ഇഞ്ചുറിടൈമിലാണ് മെസി രക്ഷകനായി മാറിയത്. ഒരു ഫ്രീകിക്കാണ് രക്ഷയ്ക്കെത്തിയത്. മെസി നിലംപറ്റെ എടുത്ത ഇടങ്കാലൻ ഷാർപ്പ്ഷൂട്ട് ആർക്കും തടുക്കാനായില്ല. ശരം തൊടുത്തതുപോലെ പന്തുനേരെ പോസ്റ്റിനെതട്ടി അകത്ത് കയറി. 4–3ന് കളിയിൽ പിഎസ്ജി ജയം സ്വന്തമാക്കി. എതിരാളിയെ നിസാരവൽക്കരിക്കുന്നത് ആപത്തായിരിക്കുമെന്നതിന്റെ സാമ്പിളാണിത്. ഫ്രഞ്ച് ലീഗിൽ ഒന്നാംസ്ഥാനത്ത് 57 പോയിന്റുമായി പിഎസ്ജി തന്നെയാണ്. 52 പോയിന്റുള്ള മാഴ്സെ രണ്ടാമതാണ്. യൂറോപ്പ ലീഗിൽ ബാഴ്സയുടെ യാത്ര തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞത് വലിയ സംഭവമായി മാറി. രണ്ടു പാദങ്ങളിലായി നടന്ന മത്സരങ്ങൾ കടുത്ത ബലപരീക്ഷണം തന്നെയായിരുന്നു. ആദ്യപാദം രണ്ടു ഗോളുകൾ പരസ്പരം പങ്കുവച്ചു പിരിഞ്ഞതാണ്. രണ്ടാമത്തെ കളി നിർണായകമായി. കളി തുടങ്ങിയപ്പോൾ ബാഴ്സയുടെ മുൻതൂക്കം പ്രകടമായിരുന്നു.

ആദ്യം ലീഡെടുത്തെങ്കിലും വിജയം യുണൈറ്റഡ് കീശയിലാക്കി. യുവേഫ ലീഗി­­­­ൽ യുവന്റസ് പൗലോ ഡി ബാലയുടെ ഹാട്രിക്ക് ഗോൾ തണലിലാണ് പ്രീക്വാർട്ടറിൽ സാന്നിധ്യം നിലനിർത്തിയത്. നിറം മങ്ങിക്കൊണ്ടിരിക്കുന്ന യുവന്റസിന് ആശ്വാസമായതാണ് ഈ ജയം. തന്റെ കളിവീര്യത്തിന് ഒട്ടും ക്ഷതമില്ലെന്ന് നേരിട്ട് കളിച്ചു കാണിക്കുകയായിരുന്നു പൗലോ. ആറാം മിനിറ്റിൽ തന്നെ ആദ്യഗോൾ പെനാൽറ്റിയിലൂടെ. രണ്ടാം ഗോൾ സ്വന്തം മിടുക്കിൽ അവസാനത്തെയും ഗോളും ചേർന്ന് ഹാട്രിക്ക് സ്വന്തം പേരിൽ എഴുതിചേർത്തു. ഇപ്പോൾ യുവന്റസ് പുതു ചൈതന്യത്തോടെ പ്രീക്വാർട്ടറിൽ എത്തി. ജർമ്മൻ ക്ലബ്ബായ പ്രൈ ബർഗ്ഗാണ് പ്രീക്വാർട്ടറിൽ എതിരാളി. ആഴ്സണൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റോമ, സെവിയ്യ, ലവർമക്യൂസൻ, ശാക്തർ തുടങ്ങിയവരെല്ലാം പ്രീക്വാർട്ടറിലെ 16ൽ ഉ­ൾപ്പെടും. സ്വന്തം മൈതാനങ്ങളിൽ ആരെയും വെല്ലുവിളിക്കാനും തകർക്കാനും കഴിയുമെന്ന മനോനില ഏത് ടീമിനും കാണാവുന്നതാണ്.

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് തകർപ്പൻ വിജയം നേടിയത് ലോകം ശ്രദ്ധിച്ചു. ബദ്ധവൈരികളെപ്പോലെ തുടങ്ങിയ ലിവര്‍പൂളിന്റെ മനസിൽ ഒരു പകരംവീട്ടൽ കൂടി ഉണ്ടായിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവറിന് റയലിനോട് തോറ്റു മടങ്ങേണ്ടിവന്നിരുന്നു. അതിന് പകരം വീട്ടാനുള്ള അവസരമായി ഈ മത്സരത്തെ ലിവർപൂൾ കണ്ടു. കളി തുടങ്ങി പതിനാലു മിനിറ്റിനുള്ളിൽ രണ്ടുഗോളിന്റെ ലീഡ് അവർ നേടിയെടുത്തു. തുടർന്നു നടന്നത് രണ്ടും കൽപ്പിച്ച കളിയായിരുന്നു. വിനീഷ്യസിന്റെ ഇരട്ട ഗോളിൽ സമനിലയും 47-ാം മിനിറ്റിൽ ലീഡും തുടർന്ന് ബെൻസേമയുടെ ഇരട്ടഗോളിൽ മൂന്ന് ഗോളിന്റെ വിജയവും റയൽ സ്വന്തമാക്കി.

നിലവിലെ ചാമ്പ്യന്മാര്‍ സെമികാണാതെ പുറത്തായി

ഇത്തവണത്തെ സന്തോഷ് ട്രോഫി പരാജയം കേരളത്തിന് ഒരുപാട് പാഠങ്ങൾ നൽകുന്നുണ്ട്. നിലവിലുള്ള ചാമ്പ്യന്മാരായ കേരളത്തിന് സെമിപോലും കാണാനാകാതെ മടങ്ങേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. പഞ്ചാബിനോട് നടന്ന മത്സരം ശരിക്കും ശ്രദ്ധിച്ചിരുന്നെങ്കിൽ സെമിയിൽ കടക്കാൻ കഴിയുമായിരുന്നു. കാരണം അന്ന് നമ്മൾ ആദ്യം നേടിയ ലീഡ് നിലനിർത്തൽ തന്ത്രത്തിനാണ് ശ്രമിച്ചത്. പകരം ലീഡ് നിലനിൽക്കുമ്പോൾ തന്നെ കൗണ്ടർ അറ്റാക്ക് നമുക്ക് എപ്പോഴും ആകാമല്ലോ. ഒരു ഗോൾ ലീഡിൽ ഡിഫൻസീവ് പോളസി ദോഷം ചെയ്യും. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്ഥമായി പല സ്റ്റേറ്റുകളും തികഞ്ഞ തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങിയിരുന്നു. കേരള ഫുട്ബോളിന്റെ ശക്തി ദൗർബല്യങ്ങൾ പരിശോധിക്കുന്ന സ്ഥിതികൂടി ഈ മത്സരങ്ങൾക്കുണ്ട്. സർവീസസ്, കർണാടക, പഞ്ചാബ് മേഖാലയ ടീമുകളാണ് സൗദിയിലേക്ക് പറക്കുന്നത്. ഇത്തവണ ആദ്യമായി സെമിയിലെത്തുന്നവരാണ് മേഘാലയ. അവർ കരുത്തരായ ബംഗാളിനെ 2–1 ന് തോൽപ്പിച്ചാണ് സെമിടിക്കറ്റ് ഉറപ്പാക്കിയത്. അവർക്ക് പുതുമയുടെ വീര്യവും പ്രതാപശാലികളെ തോൽപ്പിച്ച കരുത്തും ഒന്നിച്ചു ചേരുന്ന കളിയാവേശം കാണും. മലയാളികൾക്ക് നല്ല സ്വാധീനമുള്ള സൗദി അറേബ്യയിൽ മലയാളി സാന്നിധ്യമില്ലാത്തത് അവരുടെ മനസിനെ വ്യാകുലപ്പെടുത്തും.

Eng­lish Sam­mury: Kaliyezhuth, pan­nyan Ravin­dran’s colum

Exit mobile version