Site icon Janayugom Online

ദുരിതം വിതച്ച് കള്ളക്കടൽ; ചില പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു

കള്ളക്കടല്‍ പ്രതിഭാസത്തില്‍ സംസ്ഥാനത്ത് തീരദേശ ജില്ലകളില്‍ വ്യാപകമായ നാശനഷ്ടം. ചിറയിൻകീഴ്, അഞ്ചുതെങ്ങ്, വര്‍ക്കല പ്രദേശങ്ങളില്‍ ശക്തമായ തിരമാലകളെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി. മൂന്ന് വീടുകള്‍ തകര്‍ന്നു. പൂത്തുറയില്‍ കടല്‍ഭിത്തി കടന്ന് തിര റോഡിലേക്ക് എത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം സ്തംഭിച്ചു. വര്‍ക്കല‑പെരുമാതുറ റോഡിലും വെള്ളം കയറി.
ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ , തൃക്കുന്നപ്പുഴ , അമ്പലപ്പുഴ വളഞ്ഞവഴി തീരപ്രദേശങ്ങളിലാണ് കളളക്കടൽ കനത്ത ദുരിതം വിതച്ചത്. നിരവധി വീടുകളിൽ വെള്ളം കയറി. ശക്തമായ കടലാക്രമണത്തിൽ തൃക്കുന്നപുഴയിലെ തീരദേശ റോഡ് മണ്ണിനടിയിലായി. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആറാട്ടുപുഴ പഞ്ചായത്തിന്റെ വടക്കൻ മേഖലകളിലാണ് കടലാക്രമണം ഏറെ ദുരിതം വിതച്ചത്. 

മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ജില്ലയിലെ പല ഭാഗത്തും ഇന്ന് രാവിലെ തന്നെ കടൽ പ്രക്ഷുബ്ധമായി. തുടർച്ചായി വലിയ തിരമാലകൾ ഇല്ലാതിരുന്നത് ദുരിതത്തിന്റെ തീവ്രത കുറച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച കടൽഭിത്തി മണ്ണിനടിയിൽ ആണ്. ഇവിടങ്ങളിൽ തീരദേശ റോഡ് മണ്ണ് വീണു മൂടിയിട്ടുണ്ട്. വളഞ്ഞ വഴിയിൽ നിരവധി വീടുകൾ തകർച്ചാ ഭീഷണിയിലാണ്. കോടികൾ ചെലവഴിച്ചു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. ഉച്ചക്കു ശേഷമാണ് ഇവിടെ കടലാക്രമണം ശക്തമായത്. ഇവിടെ കടൽ ഭിത്തിയില്ലാത്തതിനാൽ അതിശക്തമായ തിരമാല കരയിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. നിരവധി വൃക്ഷങ്ങളും കടപുഴകി വീണു.

കാസർകോട് ജില്ലയിൽ കോട്ടിക്കുളം വില്ലേജ് പരിധിയിൽ തൃക്കണ്ണാട്, ബേക്കൽ പ്രദേശത്ത് കടൽ ഒന്നര മീറ്ററിലധികം ഉയരത്തിൽ കടൽ കയറി. ആളുകളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. കൊല്ലം മുണ്ടയ്ക്കല്‍, വെടിക്കുന്ന് ഭാഗങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായി. മാരിമണ്‍ കോവില്‍ ഭാഗത്താണ് കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായത്. നാശനഷ്ടങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം കേരള — കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Eng­lish Summary:kallakadal; Traf­fic was blocked in some areas
You may also like this video

Exit mobile version