Site iconSite icon Janayugom Online

അതിമധുരം ഈ വിജയം: ആഘോഷാരവങ്ങളോടെ കപ്പുയര്‍ത്തി കോഴിക്കോട്ടെ ചുണക്കുട്ടികള്‍; പഴയഗാനം ഓര്‍ത്തെടുത്ത് ചിത്ര

കോഴിക്കോടിന് അതിമധുരമാണ് ഈ കിരീട നേട്ടം. ആവേശ തിരയിളക്കത്തില്‍ വേദിയിലെത്തിയ ചുണക്കുട്ടികള്‍ പാട്ട് പാടിയും ആര്‍പ്പുവിളിച്ചും നൃത്തചുവടുകള്‍ വച്ചുമാണ് അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിലെ വിജയികളായ കോഴിക്കോട് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങിയത്. 19ാം തവണയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കുന്നത്. സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയവര്‍ കോഴിക്കോടാണ്. ഹാട്രിക്ക് നേടിയതിന്റെ റെക്കോഡും സ്വന്തമാക്കിയാണ് ജില്ലയില്‍ വിജയാഘോഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിച്ചു.

കലോത്സവത്തില്‍ പങ്കെടുക്കവെ താന്‍ പാടിയ പാട്ട് വീണ്ടും പാടിക്കൊണ്ടാണ് ചിത്ര വിജയാഘോഷത്തില്‍ പങ്കെടുത്തത്. കോഴിക്കോട് നിന്ന്  ഏറെ ഓര്‍മകളും കൊണ്ടാണ് ഏവരും മടങ്ങുന്നത്. പാട്ടിന്റെയും, നൃത്തത്തിന്റെയും, വാദ്യമേളത്തിന്റെയും, ചടുലമായ ഒരോ പ്രകടനങ്ങളും കാഴ്ചവച്ച കുരുന്നുകളെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ സദസിലുള്ളവരും മറന്നില്ല. എന്നാല്‍ അക്കൂട്ടത്തില്‍ നിരാശരായി മടങ്ങിയവരെയും നമുക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. അടുത്ത വര്‍ഷം വിജയം പ്രതീക്ഷിച്ചാണ് ആ തിരിച്ചുപോക്കെന്ന് നമുക്ക് ആശ്വസിക്കാം. 

945 പോയിന്റുകളുമായാണ് കോഴിക്കോട് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. 925 പോയിന്റെ വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലമാണ് 90 പോയിന്റോടെ ഒന്നാമതെത്തിയത്. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ഡറിയിലെ ഒന്നാം സ്ഥാനം.

ആതിഥേയരായ കോഴിക്കോട് ആദ്യ നാല് ദിവസങ്ങളില്‍ പോയിന്റ് പട്ടികയില്‍ കണ്ണുരിനും പിറകിലായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിന് പോലും കോഴിക്കോട് വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ് അവസാന ദിവസമായ ശനിയാഴ്ച കാണാന്‍ സാധിച്ചത്. പല മത്സരവേദികളിലും ഇഞ്ചോടിഞ്ഞ് പോരാട്ടമായിരുന്നു.

Eng­lish Sum­ma­ry; ker­ala state school kalol­savam 2023
You may also like this video

Exit mobile version