ധനുമാസത്തിലെ തിരുവാതിരനാൾ. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ കലോത്സവ വേദി. സെറ്റും മുണ്ടും ബ്ലൗസുമിട്ട് വാലിട്ട് കണ്ണെഴുതി, നെറ്റിയിൽ കുറിയണിഞ്ഞ്, ഈറൻ മുടി അറ്റം കെട്ടി, തുളസിക്കതിർ ചൂടി മങ്കമാരെത്തി. കുത്തുവിളക്കും പുഷ്പാലങ്കാരവുമിട്ട് കത്തിച്ചുവെച്ച നിലവിളക്കിനു ചുറ്റും വട്ടത്തിൽ കൈകൊട്ടിക്കളിയായി. കുമ്മിയും, വഞ്ചിപ്പാട്ടുമൊക്കെയാണ് തിരുവാതിരയ്ക്ക് താളമായത്.
ഇന്നലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവുമേറെ കാണികളുണ്ടായിരുന്നത് തിരുവാതിരക്കളി മത്സരത്തിനായിരുന്നു. മത്സരം ആരംഭിക്കുന്നതിനും എത്രയോ മുമ്പുതന്നെ വേദിക്കുമുമ്പിൽ ഒരുക്കിയ പതിനയ്യാരിത്തോളം ഇരിപ്പിടങ്ങളും നിറഞ്ഞു കവിഞ്ഞു. മത്സരം മുറുകിയപ്പോൾ വിക്രം മൈതിനിയിലെ പ്രധാനവേദിയായ ‘അതിരാണിപ്പാട’ത്ത് നിന്നുതിരിയാൻ പോലുമാവാത്ത അവസ്ഥയായി.
പഴയകാലത്ത് കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്നായിരുന്നു തിരുവാതിര. എന്നാൽ ഇന്ന് അത് കലോത്സവവേദികളിൽ മാത്രമായി ഒതുങ്ങുകയാണ്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാളി മങ്കമാർക്കു തന്നെ. അതുകൊണ്ടു സ്ത്രീകളുടെ ഉത്സവമെന്നും പറയാം. എല്ലാ മാസവും തിരുവാതിര നാളുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരയ്ക്ക് പ്രത്യേകതകളേറെയാണ്. ധനുമാസത്തിലെ ശുക്ലപക്ഷത്തിലെ വെളുത്തവാവു ദിവസമാണ് തിരുവാതിര ആഘോഷങ്ങൾ നടക്കുക. ഉറക്കമൊഴിയൽ, പാതിരാപ്പൂചുടൽ, തുടിച്ചുകളി, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയവയാണ് തിരുവാതിര നാളിലെ പ്രധാന ചടങ്ങുകൾ. പലയിടത്തും പത്തു ദിവസത്തെ വ്രതമാണ് നോൽക്കുന്നത്. വീട്ടിൽ പൂത്തിരുവാതിരക്കാരുണ്ടെങ്കിൽ (വിവാഹം കഴിഞ്ഞ് ആദ്യത്തെ തിരുവാതിര ആഘോഷിക്കുന്ന സ്ത്രീകൾ) അവരാകും ചടങ്ങുകൾക്കു നേതൃത്വം നൽകുക.
ഇത്തവണത്തെ സ്കൂൾ കലോത്സവത്തിൽ തിരുവാതിരക്കളി മത്സരം അരങ്ങേറിയത് ധനുമാസത്തിലെ തിരുവാതിരനാളിലായിരുന്നുവെന്നതും പ്രത്യേകതയായി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 19 ടീമുകളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 13 ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു. മത്സരം നല്ല നിലവാരംപുലർത്തിയതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ, കണ്ണൂർ കരിവെള്ളൂർ എവിഎസ് ഗവ. ഹയർ സെക്കന്ററി സ്കൂൾ, കാസർക്കോട് കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കന്ററി സ്കൂൾ, മലപ്പുറം പൂക്കാരത്തറ ഡിഎച്ച്ഒഎച്ച്എസ്എസ്, പത്തനംതിട്ട കിടങ്ങാന്നൂർ എസ് വി ജിവിഎച്ച്എസ്എസ്, ഏറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ്, കോട്ടയം കിടങ്ങാനൂർ എൻഎസ്എസ് എച്ച്എസ്എസ്, വയനാട് കല്പറ്റ എൻഎസ്എസ് ഇഎച്ച്എസ്എസ്, ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ്, തൃശൂർ വിബിഎച്ച്എസ്എസ്, പാലക്കാട് ശ്രീകൃഷ്ണപുരം എച്ച്എസ്എസ്, വയനാട് മാനന്തവാടി എംജിഎം എച്ച്എസ്എസ്, തിരുവനന്തപുരം ഹോളിഏഞ്ചൽസ് കോൺവെന്റ് എസ്എസ്എസ് എന്നിവയ്ക്കാണ് എ ഗ്രേഡ് ലഭിച്ചത്.
You may also like this video