61-ാമത് കേരള സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്കിനി വേദികളിലേക്കെത്തുന്ന കാര്യമാലോചിച്ച് ആശങ്ക വേണ്ട. യാത്രാ സൗകര്യവുമായി ‘കലോത്സവ വണ്ടികൾ’ നിരത്തിലുണ്ട്. ഗതാഗത കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കലോത്സവ വണ്ടികൾ സജ്ജീകരിച്ചത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടിയും പൊതുമരാമത്ത് — ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് നിർവഹിച്ചു. കലോത്സവ ചരിത്രത്തിൽ ആദ്യമായാണ് വേദികളിലേക്ക് എത്തുന്നതിനായി ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ബസുകളും ഇന്നോവ കാറുകളും ഉൾപ്പെടെ 30 വാഹനങ്ങളാണ് കലോത്സവ വണ്ടികൾ എന്ന പേരിൽ സർവ്വീസ് നടത്തുക. കലാ പ്രതിഭകളെ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സ്വീകരിച്ച് താമസ സ്ഥലത്ത് എത്തിക്കുന്നതും വേദികളിലേക്ക് കൊണ്ടുപോകുന്നതും ഉൾപ്പെടെയുള്ളവയ്ക്ക് വാഹനത്തിന്റെ സേവനമുണ്ടാകും. യാത്ര പൂർണ്ണമായും സൗജന്യമാണ് എന്നതാണ് കലോത്സവ വണ്ടികളുടെ പ്രത്യേകത. നിരക്ക് കുറച്ച് 130 ഓട്ടോറിക്ഷകളാണ് സർവീസ് നടത്തുന്നത്. മീറ്റർ ചാർജിൽ മുന്ന് രൂപ കുറച്ചാണ് ഇത്തരം വണ്ടികളിൽ ഈടാക്കുക. കൂടാതെ രാത്രി 11.30 ന് ശേഷം മാത്രമേ അമിത ചാർജ് ഈടാക്കുകയെന്നും കമ്മിറ്റി കൺവീനർ അബ്ദുൾ ജലീൽ പാണക്കാട് പറഞ്ഞു.
ചടങ്ങിൽ പി ടി എ റഹിം എംഎൽഎ, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, കമ്മിറ്റി ജോയിന്റ് കൺവീനർ അബ്ദുൾ ഗഫൂർ, സലാം കല്ലായി, ഷാഫി തുടങ്ങിയവർ സംബന്ധിച്ചു. വാഹന സൗകര്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്സാപ്പ് ഗ്രൂപ്പുമുണ്ട്. വിവരങ്ങൾക്കായി 8075029425, 9846506364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർ അവർ വരുന്ന ട്രെയിൻ അല്ലെങ്കിൽ ബസ് കോഴിക്കോട് എത്തുന്ന സമയം ഗതാഗത കമ്മിറ്റി തയ്യാറാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചാൽ വാഹനം അവിടെയും എത്തും.
English Summary: ‘Kalotsava Vandi’ was flagged off
You may also like this video