Site icon Janayugom Online

കമല്‍നാഥും ബിജെപിയിലേക്ക്, ഡല്‍ഹിയിലെത്തി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹം ഡല്‍ഹിയിലെത്തി. കാലുമാറ്റ വാര്‍ത്ത പ്രചരിക്കുന്നതിനിടെ മകനും ചിന്ദ്വാര എംപിയുമായ നകുല്‍നാഥ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമില്‍ നിന്ന് കോണ്‍ഗ്രസ് ബന്ധം ഒഴിവാക്കി. 

ഗാന്ധി കടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കമല്‍നാഥ് പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും. കമല്‍നാഥ് പക്ഷക്കാരായ 12 എംഎല്‍എമാരും പാര്‍ട്ടി വിടുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. പാര്‍ട്ടി വിടുന്ന പക്ഷം അത് മാധ്യമങ്ങളെ അറിയിക്കുമെന്നാണ് കമല്‍നാഥ് പ്രതികരിച്ചത്. ഏതാനും ദിവസം മുമ്പാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇതിനിടെ കമല്‍നാഥിന്റെ ബിജെപി പ്രവേശനം നിഷേധിച്ച് യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി തേജിന്ദര്‍ ബാഗയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിതു പട്‌വാരിയും രംഗത്ത് വന്നു. കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്നാണ് ഇരുവരും എക്സില്‍ അഭിപ്രായപ്പെട്ടത്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിച്ചതില്‍ കമല്‍നാഥ് നീരസം പ്രകടിപ്പിച്ചിരുന്നു. കമല്‍നാഥിന്റെ മകന്റെ സമൂഹമാധ്യമ പ്ലാറ്റ് ഫോമില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പടിയിറക്കം സൂചിപ്പിക്കുന്നത് കമല്‍നാഥും മകനും അനുയായികളും പാര്‍ട്ടി വിടുമെന്നാണ്.

Eng­lish Summary:Kamal Nath also joined the BJP and came to Delhi
You may also like this video

Exit mobile version