അമേരിക്കയുടെ നല്ല ഭാവിക്കായി പോരാടുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസ്. എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്ന് പറഞ്ഞ കമല സാമാന്യ ബോധത്തിലും യാഥാർഥ്യ ബോധത്തിലുമുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന് വേണ്ടി ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഡെമോക്രാറ്റിക് പാർട്ടി ദേശീയ കൺവൻഷന്റെ അവസാന ദിനത്തിൽ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിലായിരുന്നു കമലയുടെ പരാമർശം.
എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തുന്ന നേതാവായി പ്രവർത്തിക്കുമെന്നും കമല പറഞ്ഞു. നവംബറിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെയാണ് കമല ഹാരിസ് ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നത്. മത്സരത്തിൽ വിജയിച്ചാൽ അമേരിക്കയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന സ്ഥാനവും കമല ഹാരിസിന് സ്വന്തമാകും. ചിക്കാഗോയിൽ നടന്നുവരികയായിരുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ അവസാന ദിവസമാണ് കമല ഹാരിസ് സ്ഥാനാർത്ഥിത്വം സ്വീകരിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്.